ഒരു പാണ്ഡവന്റെ ആത്മപരിശോധന
ഒരു പാണ്ഡവന്റെ ആത്മപരിശോധന എ. മുരളീധരൻ ആമുഖം മഹാഭാരതം എന്ന ഇതിഹാസകഥയിൽ നിന്നും എടുത്ത ചില കഥാപാത്രങ്ങളേയും കഥാസന്ദർഭങ്ങളേയും കൂട്ടി യോജിപ്പിച്ച് , ഈ കഥാകൃത്തിന്റെ എളിയ ഭാവനയിൽ നിന്ന് ഉടലെടുത്ത ഒരു സാഹസിക സംരംഭമാണിത്. ഈ രചനയ്ക്ക് താഴെപ്പറയുന്ന കൃതികളോട് പറഞ്ഞാൽ തീരാത്ത കടപ്പാട് ആദ്യമേ തന്നെ അറിയിക്കട്ടെ. 1. ഭാരതപര്യടനം ( 1950) കുട്ടിക്കൃഷ്ണ മാരാർ 2. ഇനി ഞാൻ ഉറങ്ങട്ടെ ( 1973) പി . കെ . ബാലകൃഷ്ണൻ 3. രണ്ടാമൂഴം ( 1984) എം . ടി . 4. ഭീമസേനൻ കുലപതി കെ . എം . മുൻഷി [ മലയാള വിവർത്തനം ( 2004) ശത്രുഘ്നൻ ] 5. മഹാഭാരത പര്യടനം - ഒരു പുനർവായന .... പ്രൊഫ. തുറവൂർ വിശ്വംഭരൻ ഇനി വായിക്കാം.... ഒരുപറ്റം സ്ത്രീകളുടെ അടക്കിപ്പിടിച്ച സംസാരം കേട്ട് നദീതീരത്തുള്ള അനേകം കുടിലുകളിലൊന്നിൽ നിന്ന് ഭീമസേനൻ പുറത്തേക്കിറങ്ങി. യുദ്ധത്തിന്റെ കോലാഹലങ്ങളും ആരവങ്ങളുമെല്ലാം ഒടുങ്ങി. എന്നാൽ , ഉഷ്ണക്കാറ്റ് പൊടിപടലങ്ങളുയർത്തി വലിയ ശബ്ദത്തോടെ വീശിയടിക്കുന്നു. വിശാലമായ മൈതാനമാകെ സൂര്യന്റെ തീഷ്ണജ്ജ്വാലയിൽ കത്തിയെരിയുന്നതുപോലെ...