ഒരു പാണ്ഡവന്റെ ആത്മപരിശോധന
ഒരു പാണ്ഡവന്റെ
ആത്മപരിശോധന
എ. മുരളീധരൻ
മഹാഭാരതം എന്ന ഇതിഹാസകഥയിൽ നിന്നും എടുത്ത ചില
കഥാപാത്രങ്ങളേയും കഥാസന്ദർഭങ്ങളേയും കൂട്ടി യോജിപ്പിച്ച്, ഈ കഥാകൃത്തിന്റെ എളിയ
ഭാവനയിൽ നിന്ന് ഉടലെടുത്ത ഒരു സാഹസിക സംരംഭമാണിത്. ഈ രചനയ്ക്ക് താഴെപ്പറയുന്ന
കൃതികളോട് പറഞ്ഞാൽ തീരാത്ത കടപ്പാട് ആദ്യമേ തന്നെ അറിയിക്കട്ടെ.
1. ഭാരതപര്യടനം (1950) കുട്ടിക്കൃഷ്ണ മാരാർ
2. ഇനി ഞാൻ ഉറങ്ങട്ടെ (1973) പി. കെ. ബാലകൃഷ്ണൻ
3. രണ്ടാമൂഴം (1984) എം. ടി.
4. ഭീമസേനൻ കുലപതി കെ. എം. മുൻഷി
[മലയാള വിവർത്തനം (2004) ശത്രുഘ്നൻ]
5. മഹാഭാരത പര്യടനം - ഒരു പുനർവായന .... പ്രൊഫ. തുറവൂർ വിശ്വംഭരൻ
ഇനി
വായിക്കാം....
ഒരുപറ്റം സ്ത്രീകളുടെ
അടക്കിപ്പിടിച്ച സംസാരം കേട്ട് നദീതീരത്തുള്ള അനേകം കുടിലുകളിലൊന്നിൽ നിന്ന്
ഭീമസേനൻ പുറത്തേക്കിറങ്ങി. യുദ്ധത്തിന്റെ കോലാഹലങ്ങളും ആരവങ്ങളുമെല്ലാം ഒടുങ്ങി.
എന്നാൽ, ഉഷ്ണക്കാറ്റ്
പൊടിപടലങ്ങളുയർത്തി വലിയ ശബ്ദത്തോടെ
വീശിയടിക്കുന്നു. വിശാലമായ മൈതാനമാകെ സൂര്യന്റെ തീഷ്ണജ്ജ്വാലയിൽ
കത്തിയെരിയുന്നതുപോലെയുള്ള കാഴ്ച്ച. കുടിലുകളുടെ
ഭാഗത്തുനിന്ന് സ്ത്രീകളുടെ ഒരു ഘോഷയാത്ര തന്നെയാണെന്ന് പറയാം. എല്ലാവരും വിധവകളുടെ
വേഷത്തിൽ. രാജകുമാരന്മാരുടെയായാലും, സൈനികരുടെയായാലും, സൂതന്മാരുടെയായാലും, സേവകരുടെയായാലും
എല്ലാ വിധവകളും ഒരുപോലെ. ഒരേ ഉദ്ദേശ്യത്തോടെ, ഒരേ മാനസികസ്ഥിതിയോടെ നീങ്ങുന്ന അവരെ അയാൾ നിർന്നിമേഷനായി
നോക്കി നിന്നു. വിധവകളിൽ ബാലികമാരും, കൗമാരക്കാരും, യുവതികളും
വൃദ്ധകളും എല്ലാമുണ്ട്. ദൂരെ ഒരു വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ പെരുമ്പാമ്പിനെപ്പോലെ
ചുറ്റിപ്പിടിച്ചിരിക്കുന്ന വേരുകളിൽ മൂന്നുപേർ ഇരിക്കുന്നത് അയാൾ കണ്ടു.
കുറച്ചുകൂടി സൂക്ഷിച്ചുനോക്കി. തന്റെ പ്രിയപ്പെട്ട അമ്മ കുന്തീദേവി പ്രിയ ജ്യേഷ്ടൻ
യുധിഷ്ടിരൻ, പ്രിയ പത്നി ദ്രൗപദി. മൂന്നുപേരും കൃത്യമായ
അകലം പാലിച്ചാണിരിപ്പ്. അയാൾ കുറച്ചുകൂടി അടുത്തേക്കു നീങ്ങി. മൂന്നുപേരും
ദു:ഖിതരായി കാണപ്പെട്ടു. എന്തിനായിരുന്നു
ഇങ്ങനെ ഒരു മഹായുദ്ധം? ലക്ഷക്കണക്കിനുള്ള
ജനങ്ങളെ കൊലക്ക് കൊടുത്തിട്ട് നേടിയെടുത്ത ഈ വിജയം എന്തു തന്നു, ദു:ഖമല്ലാതെ? പതിമ്മൂന്നു വർഷങ്ങൾ നിരന്തരം കഷ്ടപ്പാടുകൾ
സഹിച്ച് ജീവിക്കുമ്പോഴും ഭരണം തിരിച്ചുപിടിക്കണമെന്നും ജ്യേഷ്ടപാണ്ഡവൻ
ചക്രവർത്തിയാകണമെന്നുമുള്ള ലക്ഷ്യത്തിലേക്കായിരുന്നു യാത്ര. തനിക്കും അനുജൻ അർജ്ജുനനും കൗരവരെ ഒന്നടങ്കം
വധിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹമെങ്കിലും
ജ്യേഷ്ടൻ യുദ്ധം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. കൃഷ്ണനും അതിനുള്ള
അശ്രാന്തപരിശ്രമവും നടത്തി. എല്ലാ ശ്രമങ്ങളും ദുഷ്ടനായ സുയോധനനും അയാളുടെ കൂട്ടരും
കൂടി പരാജയപ്പെടുത്തി. തന്നോടും അർജ്ജുനനോടും മത്സരിച്ച് ജയിക്കാൻ കഴിയില്ല എന്ന
അറിവിൽ നിന്നാണല്ലോ സൂതപുത്രനായ രാധേയനെ ഒപ്പം കൂട്ടിയത്.
ഇത്ര കാലവും മുഖ്യശത്രുവായി
കരുതി, എല്ലയ്പോഴും
പരിഹാസശരങ്ങളും അധികക്ഷേപവാക്കുകളും മാത്രം സമ്മാനിച്ചിരുന്ന ആ സൂതപുത്രൻ സ്വന്തം
അമ്മയിൽ ജനിച്ച സ്വന്തം ജ്യേഷ്ടനായിരുന്നുവെന്ന പരമാർത്ഥം ജ്യേഷ്ടൻ യുധിഷ്ടിരനെ
മാനസികമായും, തന്മൂലം ശാരീരികമായും തളർത്തിക്കളഞ്ഞു. എല്ലാം അറിയാമായിരുന്നവരാരും തന്നെ ആ രഹസ്യം
വെളിപ്പെടുത്തിയില്ല. സത്യം അറിഞ്ഞപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. ഇത്രയും
വലിയ ഒരു മഹായുദ്ധത്തിനു ശേഷം അധികാരം പിടിച്ചെടുത്തപ്പോൾ രാജ്യത്തിന്റെ
സിംഹാസനത്തിൽ സർവ്വ ഐശ്വര്യങ്ങളോടും കൂടി ഇരിക്കാൻ യോഗ്യനായ വ്യക്തി പരലോകം
പ്രാപിച്ചിരിക്കുന്നു. ആ സിംഹാസനത്തിൽ താൻ എങ്ങനെ
ഉപവിഷ്ടനാകും എന്ന വ്യഥയിലാണൂ ജ്യേഷ്ടൻ. യുദ്ധത്തിൽ വിജയിച്ച ഈ അവസരത്തിൽ അമ്മയും
ജ്യേഷ്ടനും ദ്രൗപദിയും വ്യസനിച്ചിരിക്കുന്നത് തന്റെ മനസ്സിന്റെ ഭാരം
വർദ്ധിപ്പിക്കുന്നു.
അരക്കില്ലം ചുട്ടതിനുശേഷം
അമ്മയും അഞ്ച് സഹോദരന്മാരുംകൂടി കാട്ടിലേക്ക് നടക്കുകയായിരുന്നു. സുയോധനനും
കൂട്ടരും തിരിച്ചറിയാത്ത വിധത്തിൽ കുറച്ചു കാലം സ്വസ്ഥരായി കഴിച്ചുകൂട്ടുക
എന്നതായിരുന്നു ലക്ഷ്യം. ഇളയച്ഛൻ അയച്ച ഖനകനും യാത്രപറഞ്ഞ് മടങ്ങിപ്പോയി.
അപ്പോഴാണല്ലോ ഹിഡുംബനുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടുക മാത്രമല്ല, വധിക്കുകയും ചെയ്തു. എന്നിട്ടോ, അവന്റെ അനാഥയായ
സഹോദരി ഹിഡുംബിയെ സ്വന്തമാക്കി. ഇപ്പോൾ ഓർക്കുമ്പോൾ ലജ്ജ തോന്നുന്നോ? ഹിഡുംബിയെ അമ്മയേ ഏല്പിച്ച് പറഞ്ഞത്, “ഇവൾ ഇനി മുതൽ അമ്മയുടെ ദാസിയായിരിക്കും. ഇവൾ എന്റെ
വധുവാണു”. ഏകചക്രയിലെ ബ്രാഹ്മണകുടുംബത്തിനൊപ്പം താമസിക്കാൻ പുറപ്പെട്ടപ്പോൾ
ഗർഭിണിയായ വധുവിനെ കൂടെ കൂട്ടാൻ ജ്യേഷ്ടൻ അനുവദിച്ചില്ല. അജ്ഞാതരായിരിക്കാൻ വേണ്ടി
ഹിഡുംബിയെ ഉപേക്ഷിക്കാൻ ജ്യേഷ്ടൻ പറഞ്ഞപ്പോൾ എന്തേ എതിർത്തില്ല. പിരിഞ്ഞുപോകുമ്പോൾ
അവളുടെ ദയനീയനോട്ടം ശ്രദ്ധിക്കാതെ അമ്മയോടും സഹോദരന്മാരോടും കൂടെ നടന്നു. അന്ന്
അമ്മ അവളോട് പറഞ്ഞത് ഇന്നും ഓർക്കുന്നു, “നീ സുഖമായി കഴിയുക.
നിനക്ക് ജനിക്കുന്ന പുത്രൻ അഞ്ച് സഹോദരന്മാർക്കും മൂത്ത പുത്രനായിരിക്കും”.
പിരിയുമ്പോൾ അവൾക്കൊരു സമ്മാനം കൊടുക്കാൻ തനിക്ക് കഴിവില്ലായിരുന്നു.
ആഗ്രഹമില്ലായിരുന്നു എന്നതായിരുന്നു വാസ്തവം.
എന്നാൽ ഹിഡുംബിയുടെ
പുത്രനെ അവൾ വലിയ ഒരു യോദ്ധാവായി വളർത്തി. ആയുധാഭ്യാസങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ അവനെ
സ്വന്തം പിതാവിന്റെ അടുത്തെത്തിച്ചു. മഹാഭാരതയുദ്ധത്തിൽ കൗരവർക്കും, വിശിഷ്യാ, കർണ്ണനും നല്ല എതിരാളിയായിരുന്നു ഖടോല്ക്കചൻ. അവസാനം
പാണ്ഡവർക്കു വേണ്ടി അവൻ സ്വജീവിതം ബലികൊടുത്തു. തനിക്കും കുടുംബാംഗങ്ങൾക്കും ഒരു
ബാദ്ധ്യതയുമാകാതെ, സ്വൈര്യജീവിതത്തിനു
ഭീഷണിയാകാതെ അവൾ സ്വന്തം കാട്ടിൽ ഒതുങ്ങിക്കൂടി. എല്ലാ
അർത്ഥത്തിലും ദ്രൗപദിയേക്കാൾ ശ്രേഷ്ഠയായിരുന്നു അവൾ. താനാണവളെ മനസ്സിലാക്കാതെ
പോയത്. തന്റെ ജീവിതത്തിലെ ദു:ഖപൂർണ്ണവും കുറ്റബോധം തോന്നിച്ചതുമായ ഒരു ഏട്.
ഏകചക്രയിലെ ജീവിതം തുടക്കത്തിൽ ദുരിതപൂർണ്ണമായിരുന്നു. എന്നാൽ ബകാസുരനെ
വധിച്ചതിനുശേഷം താൻ ആ നാട്ടിലെ ഏറ്റവും മുഖ്യനായ വ്യക്തിയായി മാറി. നാട്ടുകാർ
വൃകോദരരാജാവ് എന്ന ഒരു പട്ടം കൂടി തനിക്ക് ചാർത്തിതന്നു. ദ്രൗപദി പിൽക്കാലത്ത്
തന്നെ കളിയാക്കാനും, തന്നിൽ ശൃംഗാരം
നിറയുമ്പോൾ മാനസികവൈവശ്യം സൃഷ്ടിക്കുവാനും ഈ നാമം മിക്കപ്പോഴും ഉപയോഗിച്ചിരുന്നു.
അതിനുശേഷമായിരുന്നല്ലോ ജീവിതം തന്നെ മാറ്റിമറിച്ച പാഞ്ചാലീസ്വയംവരം! ഏകചക്രയിൽ
ബ്രാഹ്മണരായി താമസിക്കുമ്പോൾ വേറൊരു ബ്രാഹ്മണനിൽ നിന്നും സ്വയംവരത്തേപ്പറ്റി
അറിഞ്ഞ് അഞ്ചുപേരും കൂടി ദ്രുപദരാജാവിന്റെ കൊട്ടാരത്തിലെത്തി. അമ്മയോട് പതിവുള്ള
ഭിക്ഷയ്ക്കാണെന്ന് പറഞ്ഞാണു പോയത്. ആദ്യം അസ്ത്രപരീക്ഷണത്തിനെത്തിയ സുയോധനൻ തോറ്റ്
പിൻവാങ്ങിയ ശേഷം കർണ്ണൻ എല്ലാ പരീക്ഷകളിലും വിജയം വരിച്ചെങ്കിലും ഒരു സൂതനെ
വരിക്കാൻ തയ്യാറല്ലെന്ന് ദ്രൗപദി പരസ്യമായി പ്രഖ്യാപിച്ചു. അതും ഒരു നിർണ്ണായക
വഴിത്തിരിവായി മാറി.ദ്രുപദരാജാവിന്റെ സദസ്സിൽ വച്ച് ബ്രാഹ്മണവേഷത്തിലായിരുന്ന
അർജ്ജുനൻ അസ്ത്രപരീക്ഷയിൽ വിജയിച്ച് ദ്രൗപദിയെ നേടിയെടുത്തു. അർജ്ജുനൻ
വിജയിച്ചെങ്കിലും ബ്രാഹ്മണവേഷത്തിലായിരുന്നു എന്ന ആശങ്ക നീക്കാനായി തങ്ങൾ ണ്ഡവരാണെന്ന്
വെളിപ്പെടുത്താൻ നിർബ്ബന്ധിതരായി. ഭിക്ഷയെടുക്കാൻ പോയ മക്കളെ കാത്തിരുന്ന
കുന്തിയോട് യുധിഷ്ടിരൻ “ഇന്നത്തെ ഭിക്ഷ കിട്ടിയമ്മേ” എന്ന് പറഞ്ഞതും, “എന്നാൽ അത് അഞ്ചുപേരും സമമായി
വീതിച്ചെടുത്തോളൂ” എന്ന് മാതാവ് പറഞ്ഞതും പിൽക്കാലത്ത് വലിയ സംഭവവികാസങ്ങൾക്ക് വഴി
തെളിച്ചു.
ജ്യേഷ്ടനും ദ്രൗപദിയും കൂടി അമ്മയോടു മാത്രം ആലോചിച്ച് ഓരോരുത്തർക്കും ഓരോ
വർഷം എന്ന് എടുത്ത തീരുമാനം തനിക്കൊഴികെ എല്ലാവർക്കും സമ്മതമായിരുന്നു. ദ്രൗപദിയുടെ
സൗന്ദര്യത്തിൽ മയങ്ങിപ്പോയ തനിക്ക് ഒരുവർഷം കാത്തിരിക്കാനുള്ള ക്ഷമയില്ലായിരുന്നു. അഞ്ചുവർഷത്തിൽ ഒരിക്കൽ
മാത്രമേ ഭാര്യയായി കിട്ടൂ, അതും ഒരു
വർഷത്തേക്കു മാത്രം, എന്നറിഞ്ഞിട്ടും
അവൾക്കുവേണ്ടി, അവളുടെ
സന്തോഷത്തിനു വേണ്ടി, അവളുടെ
ദു:ഖനിവൃത്തിക്കായി താൻ എന്തെല്ലാം കാട്ടിക്കൂട്ടി. എന്തെല്ലാം ശപഥങ്ങൾ എടുത്തു, എടുത്തു ചാടി, വരുംവരായ്മകൾ ആലോചിക്കാതെ. ഇപ്പോൾ
ആലോചിക്കുമ്പോൾ എല്ലാം ബാലിശമായി തോന്നുന്നു. അഞ്ചുവർഷത്തിൽ ഒരിക്കൽ
ഒരുവർഷത്തേക്ക് മാത്രമേ പാഞ്ചാലി തനിക്ക് സ്വന്തമാകൂ എന്നത് ക്ഷമിച്ചാൽ തന്നെ, ഒരു സഹോദരന്റെ ഗൃഹത്തിൽ അവൾ വസിക്കുമ്പോൾ, മറ്റുള്ള നാലുപേരും ആ ഗൃഹത്തിൽ
പ്രവേശിക്കുവാൻ പാടില്ല എന്ന നിഷ്ട തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും
അപ്പുറമായിരുന്നു. ഈ ഒരു അക്ഷമ അല്ലേ തനിക്ക് ജലന്ധരയോട് അമിതമായും അനവസരത്തിലും തോന്നിയ
കൗതുകത്തിനു കാരണം? ദ്രൗപദിക്കായി ഒരു വർഷം കാത്തിരിക്കുന്ന സമയത്ത് ജലന്ധരയെ
വിവാഹം ചെയ്ത് സ്വന്തമാക്കാനായി പിന്നെയും എന്തൊക്കെ പരാക്രമങ്ങൾ! ഇപ്പോൾ ഓർക്കുമ്പോൾ
ലജ്ജയും തന്നോടുതന്നെ ഒരു
പരിഹാസവും തോന്നുന്നു.
സുയോധനന്റെ പത്നി ഭാനുമതി കാശിരാജാവിന്റെ പുത്രിയായിരുന്നു. ഭാനുമതിയുടെ
ജ്യേഷ്ടസഹോദരൻ സുശർമ്മാവും അനുജത്തി ജലന്ധരയും പാഞ്ചാലീസ്വയംവരത്തിൽ പങ്കെടുക്കാൻ
എത്തിയിരുന്നു. അവിടെവച്ച് പരിചയപ്പെടുമ്പോൾ തന്നെ ജലന്ധരയിൽ എന്തോ ഒരു ആകർഷണം
കാണാൻ കഴിഞ്ഞു. പിന്നീട് ദ്രുപദരാജധാനിയിൽ നിന്ന് അഞ്ചുപേരുടെ വധുവായ ദ്രൗപദിയും
അവിടെനിന്നും ലഭിച്ച എണ്ണമറ്റ പുരസ്ക്കാരങ്ങളും സമ്മാനങ്ങളുമായി ഹസ്തിനപുരത്തേക്ക്
ഒരു ഘോഷയാത്രയായിരുന്നു. ഘോഷയാത്രയുടെ ഏറ്റവും മുന്നിൽ നടക്കുന്ന ഗജവീരന്റെ മേൽ
ആസനസ്ഥനായി യാത്ര നയിച്ചത് താൻ തന്നെയായിരുന്നല്ലോ! ജലന്ധരയും ജ്യേഷ്ടനും
ഗർഭിണിയായ ഭാനുമതിയെ കാണാൻ ഹസ്തിനപുരത്തേക്കുള്ള യാത്ര പുറപ്പെട്ടത്
രാജനൗകയിലായിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ ലജ്ജ തോന്നുംവിധമായിരുന്നു തന്റെ അന്നത്തെ
വികൃതികൾ. എത്ര നിർബന്ധിച്ചിട്ടും ജലന്ധര നൗക വിട്ട് തങ്ങളോടൊപ്പം കരമാർഗ്ഗം
സഞ്ചരിക്കാൻ തയ്യാറായില്ല. രാത്രിയിൽ നൗക കരക്കടുപ്പിച്ച് നങ്കൂരമിട്ട് അവർ
വിശ്രമിക്കുവാൻ തീരുമാനിച്ച അവസരം മുതലെടുത്ത് നൗകയിൽ വിള്ളലുകൾ സൃഷ്ടിച്ചിട്ട്, ആരും കാണാതെ തിരികെയെത്തി. നൗകയിലെ ജോലിക്കാർ
സാവധാനം ഉള്ളിലേക്ക് കടക്കുന്ന വെള്ളം ആ നൗകയെ മുക്കും എന്ന തോന്നലിൽ സംഭ്രമിച്ച്
ബഹളം വച്ചപ്പോൾ രക്ഷകനെന്ന വ്യാജേന ആദ്യം പോയി സുശർമ്മാവിനെ പുറത്തെടുത്ത് നീന്തി
കരയിലേക്ക് പോകാൻ പറഞ്ഞു. എന്നിട്ട് നൗകയിൽ നിന്ന് ജലന്ധരയെ വലിച്ചെടുത്ത് തന്റെ
മാറിലേക്കിട്ട് കരയിലെത്തിച്ച് കുന്തീമാതാവിന്റെ കൂടാരത്തിലെത്തിച്ചു. അതിനുശേഷം
തന്റെ സ്വന്തം കൂടാരാത്തിലെത്തി നിഷ്ക്കളങ്കതയോടെ കിടന്നുറങ്ങി. മാറിൽ
ചേർത്തുപിടിച്ച് കരയിലേക്ക് വരുമ്പോൾ ബോധരഹിതയായി കിടക്കുകയാണെന്ന് തോന്നിയ അവളുടെ
മന്ത്രണം ഇപ്പോഴും കാതിൽ മുഴങ്ങുന്നു,
“അങ്ങുതന്നെയല്ലേ നൗക മുക്കിയത്?”.
അന്ന്
സുശർമ്മാവിന്റെ മുന്നിൽ പിടിച്ചുനിൽക്കാനായി പകരം ഒരു നൗക കാമ്പില്യത്തിൽ നിന്നും
വരുത്തി. അങ്ങനെ അവർ ജലമാർഗ്ഗം തന്നെ യാത്ര തുടർന്നു.
സുയോധനനെ ഹസ്തിനപുരത്തിന്റെ രാജാവാക്കാൻ സഹായിക്കണമെന്ന് അപേക്ഷിക്കാനായി
ഭാനുമതി കൃഷ്ണനെ കണ്ട് സംസാരിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഭാനുമതി കൃഷ്ണനെ കാണാൻ
പാടില്ല എന്ന് സുയോധനൻ കർശനമായി നിർദ്ദേശിച്ചിരുന്നു. അതിനാൽ അവൾ ജലന്ധരയെ ആ ചുമതല ഏൽപ്പിച്ചു.
വളരെയധികം രഹസ്യമായി തന്റെ സഹായത്തോടെ ജലന്ധര കൃഷ്ണനെ കാണുകയും സുയോധനനെ
രാജാവാക്കാമെന്ന വാഗ്ദാനം വാങ്ങുകയും ചെയ്തു. എന്നാൽ എന്തു വാഗ്ദാനമാണു
ആവശ്യപ്പെട്ടതെന്ന് പിന്നീട് അറിഞ്ഞപ്പോൾ കൃഷ്ണനോട് വലിയ വിരോധം തോന്നി. ദ്രൗപദിയെ
വിവാഹം കഴിച്ച് അവളെ ഹസ്തിനപുരത്തിന്റെ മഹാറാണിയായി വാഴിക്കാനായിരുന്നല്ലോ, പഞ്ചപാണ്ഡവരുടെ ആഗ്രഹം! ജലന്ധരയ്ക്ക്
കൃഷ്ണനെ കാണാൻ അവസരം ഒരുക്കുമ്പോൾ അവളോടുള്ള ഇഷ്ടം താൻ കൃഷ്ണനെ അറിയിക്കുകയും, അവളെ വിവാഹം കഴിക്കാൻ സഹായിക്കാമെന്ന് കൃഷ്ണൻ വാഗ്ദാനം ചെയ്യുക കൂടി
ചെയ്തു.. അവസാനം കൃഷ്ണന്റെ വാഗ്ദാനങ്ങളെല്ലാം പാലിക്കപ്പെട്ടു. സുയോധനനെ
ഹസ്തിനപുരത്തിന്റെ രാജാവായി വാഴിക്കാൻ തീരുമാനിച്ചു. ഒപ്പം പാണ്ഡവർക്ക് ഖാണ്ഡവപ്രസ്ഥം
എന്ന രാജ്യത്തേക്ക് കൂടിയേറേണ്ടതായും വന്നു. സന്തോഷപ്രദമായ ഈ തീരുമാനാത്തിനിടയിലും
കൗരവർക്ക് അത്യന്തം ദു:ഖമുളവാക്കിയ ഒരു സംഭവം കൂടി നടന്നു. ഭാനുമതി ഒരു ചാപിള്ളയെ
പ്രസവിക്കുകയും പ്രസവത്തോടുകൂടി അവൾ മൃതിയടയുകയും ചെയ്തു. സുശർമ്മാവും സുയോധനനും
കൂടി നടത്തിയ ഒരു ഗൂഢാലോചനയിൽ സുയോധനനു ജലന്ധരയെ വിവാഹം കഴിപ്പിച്ചുകൊടുക്കാമെന്ന്
തീരുമാനിക്കുകയും ചെയ്തു.
പാണ്ഡവർ ഖാണ്ഡവപ്രസ്ഥ്ത്തിലേക്ക് പോകണമെന്ന ആവശ്യം ജ്യേഷ്ടൻ അംഗീകരിച്ചതു
പോരാഞ്ഞ്, അനുജന്മാരെല്ലാം
ജ്യേഷ്ടന്റെ തീരുമാനത്തോട് യോജിച്ചപ്പോഴും തനിക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
നാട്ടിൽ സുയോധനനെ രാജാവാക്കിയിട്ട് തങ്ങളെ കാട്ടിലേക്ക് പറഞ്ഞയക്കുന്നതിലെ
ഔചിത്യമില്ലായ്മ തന്നെ അലട്ടി. എന്നാൽ കൃഷ്ണൻ കൂടി അതിനനുകൂലമായ ഒരു
തീരുമാനമെടുത്തു. ജലന്ധരയെ സംബന്ധിച്ച് സുശർമ്മാവിന്റെയും സുയോധനന്റേയും ഗൂഢാലോചന മനസ്സിൽ ഒരു കത്തൽ ഉണ്ടാക്കുന്നുണ്ടായിരുന്നു. ഒരുപാട് വാദിച്ചു, കൃഷ്ണനോട്, എങ്കിലും കൃഷ്ണൻ തീരുമാനത്തിൽ ഉറച്ചു നിന്നു. തന്റെ
വാദങ്ങളൊന്നും വിലപ്പോയില്ല. പിരിയുമ്പോൾ കൃഷ്ണൻ പറഞ്ഞു, “ഇപ്പോൾ നിങ്ങൾ ഖാണ്ഡവപ്രസ്ഥത്തിലേക്ക്
പോയില്ലെങ്കിൽ ഒരിക്കലും ഹസ്തിനപുരത്തേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവില്ല. അത്
അസാദ്ധ്യമായിരിക്കും, അതുറപ്പ്”.
കൃഷ്ണന്റെ ദീർഘദർശിത്വം അന്ന് മനസ്സിലായില്ല. എന്നാൽ പിന്നീടുണ്ടായ സംഭവങ്ങൾ
അത് തെളിയിച്ചു. സുയോധനൻ ഹസ്തിനപുരത്തിന്റെ രാജാവായി. ഖാണ്ഡവപ്രസ്ഥത്തിന്റെ
യുവരാജാവായ തന്നെ ജലന്ധര സ്വയംവരത്തിൽ ഭർത്താവായി സ്വീകരിച്ചു. ഇപ്പോൾ ഇതാ
മാനവരാശിക്കു മുഴുവൻ വൻനാശം വരുത്തിയ മഹായുദ്ധത്തിനു ശേഷം യുധിഷ്ടിരൻ
ഹസ്തിനപുരത്തിന്റെ രാജാവും താൻ യുവരാജാവുമായി അഭിഷേകം ചെയ്യപ്പെടാൻ പോകുന്നു.
പക്ഷേ, ജ്യേഷ്ടന്റെ ഇപ്പോഴത്തെ
അവസ്ഥ ഒരു രാജ്യഭാരം ഏറ്റെടുക്കാൻ യോജിച്ചതാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
അതോ അദ്ദേഹം സർവ്വസംഗ പരിത്യാഗിയായി സന്യസിക്കാൻ ഹിമാലയത്തിലേക്കോ മറ്റോ
യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണോ?
ജ്യേഷ്ടനെ
ഉപദേശിക്കാൻ പക്വതയും കഴിവുമുള്ള കൃഷ്ണൻ എവിടെയാണെന്നറിയില്ല.
എത്രയെത്ര ശപഥങ്ങളും പ്രതിജ്ഞകളും! എന്തു വന്നാലും ഒന്നും ആലോചിക്കാതെയുള്ള
പ്രതികരണം. രജസ്വലയായി, ഒറ്റ
വസ്ത്രമുടുത്ത് അന്ത:പുരത്തിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ദ്രൗപദിയെ ദുഷ്ടനായ ദുശ്ശാസനൻ
മുടിയിൽ പിടിച്ച് വലിച്ചിഴച്ച്,
സുയോധനൻ, കർണ്ണൻ തുടങ്ങിയവരുടെ പരിഹാസങ്ങൾക്കിടയിൽ, രാജസഭയിലെത്തിച്ചപ്പോൾ ബാക്കിയുള്ള
നാലുപേരും നിസ്സംഗതയോടെ നിൽക്കുമ്പോഴും പ്രതികരിച്ചത് താൻ മാത്രം. ദ്രൗപദിയുടെ
ദയനീയമായ നോട്ടം തന്നിലേക്കായിരുന്നതുപോലെ തോന്നി. താനല്ലാതെ വേറെയാരും
രക്ഷയ്ക്കെത്തില്ല എന്നവൾ ചിന്തിച്ചെന്ന് തോന്നി.
ദേഷ്യം കടിച്ചമർത്തി നിൽക്കുകയല്ലാതെ തനിക്കും ഒന്നും ചെയ്യാൻ
കഴിയില്ലായിരുന്നല്ലോ! പണയം വയ്ക്കപ്പെട്ട അടിമയായിപ്പോയില്ലേ? ജ്യേഷ്ടനോടും അദ്ദേഹത്തിന്റെ
ചൂതുകളിഭ്രമത്തോടും കടുത്ത വെറുപ്പു തോന്നി. സുയോധനൻ തന്റെ തുടയിലെ വസ്ത്രം മാറ്റി
അതിൽ വലതുകൈയാൽ മെല്ലെ മെല്ലെ അടിച്ച് ദ്രൗപദിയെ പരിഹസിക്കുമ്പോൾ പ്രതിജ്ഞയെടുത്തു, ഒരിക്കൽ ഇവന്റെ തുട അടിച്ചു
തകർക്കുമെന്ന്. ദ്രൗപദിയുടെ ശരീരത്തിൽ
കടന്നു പിടിച്ച് അവളുടെ വസ്ത്രത്തിൽ കൈ വച്ച ദുശ്ശാസനനെ കൊന്ന് മാറുപിളർന്ന് രക്തം
കുടിക്കുമെന്ന്. അപ്പോഴത്തെ ആവേശത്തിൽ പ്രതിജ്ഞയെടുത്തു. പ്രതിജ്ഞകൾ
നടപ്പിലാക്കുകയും ചെയ്തു. പക്ഷേ,
എന്തു
നേടി? ദ്രൗപദിക്ക് എപ്പോഴും
പ്രിയം യുധിഷ്ടിരനോടും അർജ്ജുനനോടും മാത്രമായിരുന്നല്ലോ? മറ്റുള്ളവർക്ക് അസാദ്ധ്യമെന്ന് തോന്നുന്ന
കാര്യങ്ങൾ ചെയ്തുകിട്ടാനുള്ളപ്പോൾ മാത്രം കാണിക്കുന്ന സ്നേഹം. അല്പം സല്ലപിക്കാൻ
അടുത്തുകൂടുമ്പോൾ ഒന്നുകിൽ ഹിഡിംബിയേപ്പറ്റി ചോദിക്കും, അല്ലെങ്കിൽ ജലന്ധരയേപ്പറ്റി. തന്റെ
മനോവീര്യം തല്ലിക്കെടുത്തുവാൻ.
ഹിഡിംബിയുമായുള്ള വിവാഹം ഒരു എടുത്തുചാട്ടത്തിന്റെ പരിണതഫലമായിരുന്നല്ലോ എന്ന്
ഇപ്പോൾ ഓർക്കുന്നു. സഹോദരൻ തന്റെ കൈയാൽ വധിക്കപ്പെട്ടപ്പോൾ, വേറെ ആരോരും ആശ്രയമില്ല എന്ന് കരഞ്ഞ് പറഞ്ഞപ്പോൾ അലിവു
തോന്നി. കുന്തീമാതാവിനോട് പറഞ്ഞത്, “അമ്മയ്ക്കൊരു
ദാസി” എന്നാണെങ്കിൽ, എന്തിനവളെ
ഭാര്യയാക്കി, ജ്യേഷ്ടന്റെ എതിർപ്പ് വകവയ്ക്കാതെ? ദ്രൗപദിക്കും
ജലന്ധരയ്ക്കും പറഞ്ഞ് കളിയാക്കാൻ “വൃകോദര രാജാവ്” എന്ന ഒരു പട്ടവും കിട്ടി.
വനവാസകാലത്ത് ഗന്ധമാദനത്തിലെ ആശ്രമങ്ങളിൽ കഴിയുന്ന കാലം. വനത്തിൽ എല്ലാവരും
കൂടി നടക്കുകയായിരുന്നു. പതിവുപോലെ ദ്രൗപദി ജ്യേഷ്ടനോടൊപ്പം. അപ്പോഴായിരുന്നു ആ
മോഹിപ്പിക്കുന്ന സുഗന്ധം. എവിടെനിന്നോ എന്തിന്റെയാണെന്നോ അറിയില്ലായിരുന്നു.
സുഗന്ധം ഒരു പുഷ്പത്തിന്റേതായിരുന്നു എന്നാണന്ന് തോന്നിയത്. ദ്രൗപദി ജ്യേഷ്ടനെ
വിട്ട് തന്റെ അടുത്തുവന്നു, ആകർഷകമായ ഒരു
മന്ദഹാസത്തോടെ. പിന്നെ ഒന്നും ആലോചിച്ചില്ല. പതിവുപോലെ. അവളുടെ മാറി മാറി വരുന്ന
അഭിലാഷങ്ങൾക്ക് കേറിസഞ്ചരിക്കാനുള്ള കുതിരയായിരുന്നല്ലോ താൻ. അവളുടെ വാക്കുകൾ
കൊളുത്തിവിടുന്ന വശ്യത കൊത്തിവിഴുങ്ങുന്ന സ്വഭാവമായിരുന്നല്ലോ തന്റേത്? കാറ്റിൽ പറന്നെത്തിയ സുഗന്ധത്തിന്റെ മാർഗത്തിലൂടെ
സഞ്ചരിച്ച് ഒരു വാനരന്റെ വാലിൽ കുരുങ്ങി പരിഹാസ്യനായി. എങ്കിലും അത് ആ
യുഗാന്തരസഹോദരന്മാരുടെ അസുലഭസംഗമത്തിലും, പിന്നീട്
ഭാവിയുദ്ധത്തിലേക്ക് ജ്യേഷ്ടനായ ഹനുമാന്റെ സംഹാരവാഗ്ദാനവും തനിക്കും തന്റെ
സഹോദരനും ലഭിക്കുന്നതിലും എത്തിച്ചു.
സൗഗന്ധികപ്പൊയ്കയുടെ കാവൽക്കാരായിരുന്ന യക്ഷന്മാരെ തോൽപിച്ച്, അനുവാദമില്ലാതെ പൂക്കൾ പറിച്ചെടുത്തത്
താനാണെന്നറിഞ്ഞപ്പോൾ കുബേരൻ അത് തടയാതെ അന്വേഷിച്ചുവന്ന തന്റെ നാലു
സഹോദരന്മാരുടെയും ദ്രൗപദിയുടെയും മുന്നിൽ വച്ച് തന്നെ വാത്സല്യപൂർവ്വം ശാസിച്ചു.
പിന്നെയും പരിഹാസ്യനായി.
തന്റെ പ്രതിജ്ഞകളും ശപഥങ്ങളും എല്ലാം അർത്ഥശൂന്യങ്ങളായിരുന്നല്ലോ എന്ന് ഇപ്പോൾ
തോന്നുന്നു. എടുത്തുചാടി ശപഥങ്ങളെടുക്കുക. സത്യസന്ധമായി പാലിക്കാൻ കഴിയാത്ത
ശപഥങ്ങൾക്കെന്ത് ധാർമ്മികമൂല്യം?
ദുശ്ശാസനന്റെ
മാറുപിളർന്ന് ചോരകുടിക്കുന്ന രംഗം സഞ്ജയനിൽ നിന്ന് കേട്ടറിഞ്ഞ ഗാന്ധാരി വലിയമ്മ
അതിതീവ്രമായ വ്യസനത്തോടെ, തന്നെ ക്രൂരനായ
അധർമ്മിയെന്ന് വിളിച്ച് ശാസിച്ചു. സഹോദരന്റെ രക്തം കുടിക്കുക എന്നാൽ സ്വന്തം രക്തം
കുടിക്കുക എന്നാണെന്ന് വലിയമ്മ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു വലിയ നീറ്റൽ
അനുഭവപ്പെട്ടിരുന്നു. വലിയമ്മയെ അഭിമുഖീകരിക്കുവാൻ തന്നെ വിഷമമായിരുന്നു. തന്റെ
കൈകളിൽ രക്തം പുരണ്ടു എന്ന് മാത്രമേ ഉള്ളൂ. അല്ലാതെ കുടിച്ചിട്ടില്ല എന്നും യമൻ
അതിനു സാക്ഷിയായിരുന്നെന്നും വ്യക്തമാക്കിയപ്പോൾ വലിയമ്മക്ക് സമാധാനമായി എന്ന്
തോന്നി. താൻ അധർമ്മം ഒന്നും ചെയ്തില്ല എന്ന് ധരിച്ചു. എന്നാൽ താൻ അധർമ്മമല്ലേ
ചെയ്തത്? രക്തം കുടിക്കുമെന്ന
ശപഥം പാലിച്ചതായി അഭിനയിക്കുകയായിരുന്നു.
കാഴ്ചക്കാരെ വഞ്ചിക്കുകയായിരുന്നു. അത്തരം ശപഥങ്ങൽ എന്തിനെടുക്കണം? ഈ ശപഥത്തിന്റെ ഫലഭോക്താക്കൾ താനും തന്റെ
കുടുംബത്തിലുള്ളവരും മാത്രമായിരുന്നല്ലോ?
അത്യന്തം
സ്വാർത്ഥമായ ഈ ശപഥം ഹിംസയിൽ അധിഷ്ഠിതം കൂടിയായിരുന്നപ്പോൾ കുടുംബവുമായി ആലോചിച്ച്
അതുപേക്ഷിച്ചു കളയാമായിരുന്നു. അതൊന്നും ചെയ്യാൻ തോന്നാഞ്ഞത് തന്റെ
എടുത്തുചാട്ടവും ദ്രൗപദിയോടുള്ള തീവ്രമായ ആസക്തിയുമായിരുന്നു. ദ്യൂതസഭയെ
സാക്ഷിനിർത്തി കൊട്ടിഘോഷിച്ച് ചെയ്ത ശപഥം താൻ നിറവേറ്റിയില്ല എന്ന സത്യം
മനസ്സിലാക്കുന്ന വരുംതലമുറ തന്നെപ്പറ്റി എന്തു വിചാരിക്കും എന്ന ചിന്തയാണിപ്പോൾ!
യുദ്ധാനന്തരം കൃഷ്ണൻ പറഞ്ഞിരുന്നു,
കർണ്ണന്റെ
ജന്മരഹസ്യം. തങ്ങളുടെ മാതാവ് കുന്തീദേവിക്ക് വിവാഹത്തിനുമുമ്പ് സൂര്യഭഗവാനിൽ
ജനിച്ച ആദ്യപുത്രനായിരുന്നു കർണ്ണൻ. കുന്തീദേവി മകനെ തിരിച്ചറിഞ്ഞിട്ടും നാണക്കേട്
ഭയന്ന് വെളിപ്പെടുത്തിയില്ല. പല സന്ദർഭങ്ങളിലും കർണ്ണൻ പരിഹസിക്കപ്പെടുകയും
അപമാനിക്കപ്പെടുകയും ചെയ്യുമ്പോഴെല്ലാം ആ
മാതൃഹൃദയം തേങ്ങുകയായിരുന്നു. യുദ്ധതീരുമാനം അറിഞ്ഞയുടൻ കുന്തി തന്റെ
സീമന്തപുത്രനെ സമീപിച്ച് പല വാഗ്ദാനങ്ങളും നൽകി. പാണ്ഡവരോടൊത്ത് യുദ്ധം ചെയ്താൽ
ലഭിക്കാൻ പോകുന്ന സുഖസൗകര്യങ്ങൾ,
സ്ഥാനമാനങ്ങൾ, പേരും പെരുമയും. ഹസ്തിനപുരത്തിന്റെ
മഹാരാജാവ് എന്ന പദവി. മഹാരാജ്ഞിയായി പാഞ്ചാലി. യുവരാജാവായി ധർമ്മിഷ്ടനായ യുധിഷ്ടിരൻ.
സഹായികളായി വീരശൂരപരാക്രമികളായ നാലു സഹോദരങ്ങൾ. കൃഷ്ണൻ ഇതെല്ലാം പറഞ്ഞപ്പോൾ
ദു:ഖവും അതിശയവും തോന്നി. കൃഷ്ണനും ഇതേ വാഗ്ദാനങ്ങൾ തന്നെ കർണ്ണനു കൊടുത്തെന്നറിഞ്ഞപ്പോൾ
അത്യധികം ദു:ഖം തോന്നി. കർണ്ണൻ അന്ന്
അതെല്ലാം നിരസിച്ച് സുയോധനനൊപ്പം നിന്നില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു തന്റെ
സ്ഥിതി! ഓർമ്മയായ കാലം മുതൽ സൂതപുത്രനെന്ന് വിളിച്ച് പരിഹസിക്കുകയും
അധിക്ഷേപിക്കുകയും ചെയ്ത കർണ്ണനെ ജ്യേഷ്ടനായും ഹസ്തിനപുരത്തിന്റെ രാജാവായും അംഗീകരിക്കാൻ
തനിക്ക് കഴിയുമായിരുന്നില്ല. യുദ്ധം ജയിച്ച് യുധിഷ്ടിരൻ മഹാരാജാവാകുമ്പോൾ
യുവരാജാവ് ആകാൻ കാത്തിരിക്കുന്ന താൻ മൂന്നാമനാകാൻ തയ്യാറായിരുന്നില്ല. ദ്രൗപദിയുടെ
മൂന്നാമൂഴക്കാരനാകാനും.
ജ്യേഷ്ടൻ വന്ന് “മന്ദാ മന്ദാ” എന്ന് വിളിച്ചപ്പോൾ ചിന്തകളിൽ നിന്നുണർന്നു.
ജ്യേഷ്ടൻ തന്നെ എന്നും എപ്പോഴും അങ്ങനെയായിരുന്നല്ലോ സംബോധന ചെയ്തിരുന്നത്!
ഉദകക്രിയ ചെയ്യാൻ നദിക്കരയിലേക്ക് പോയ വിധവകളെല്ലാം മടങ്ങിപ്പോയിരുന്നു. മാതാവ്
കുന്തിയും ദ്രൗപദിയും കുടിലിലേക്ക് പിൻ വാങ്ങിയിരുന്നു. ജ്യേഷ്ടന്റെ പിന്നാലെ
കുടിലിലേക്ക് നടക്കുമ്പോൾ സഹദേവൻ വരുന്നത് കാണായി. അർജ്ജുനനും കൃഷ്ണനും കുടിലിൽ
തങ്ങളെ കാത്തിരിക്കുന്നു എന്ന് പറയാനായിരുന്നു അയാളുടെ വരവ്. ഹസ്തിനപുരത്തിന്റെ
രാജ്യഭാരം ഏറ്റെടുക്കുക, രാജസൂയവും
അശ്വമേധവും എല്ലാം നടത്തി ജ്യേഷ്ടനെ ചക്രവർത്തിയായി വാഴിക്കുക തുടങ്ങിയവക്കുള്ള
തന്ത്രങ്ങൾ മെനയാനാവാം കൃഷ്ണൻ കാത്തിരിക്കുന്നതെന്ന് ഊഹിച്ച്, ഭീമസേനൻ യുധിഷ്ടിരനു പിന്നാലെ കുടിലിലേക്ക്
കയറിപ്പോയി.
***************
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ