ഒരു പുലർകാലസ്വപ്നം
ചെറുകഥ ഒരു പുലർകാലസ്വപ്നം എ. മുരളീധരൻ ചിലങ്കകളുടെ ‘ഝിലം’ , ‘ ഝിലം’ ശബ്ദം കേട്ട് നാരായണൻ നായർ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. ഉണർന്നപ്പോൾ താൻ കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിന്റെ അതിഭീകരത അയാളുടെ മനസ്സിനേയും ശരീരത്തേയും ഒരുപോല്വെ തളർത്തി. ഉഗ്രരൂപിണിയായ ഭദ്രകാളി ശൂലമേന്തി രക്തം പുരണ്ട നാവുനീട്ടി നൃത്തം ചെയ്യുന്ന രൂപം. പിന്നിൽ അഗ്നി. മുന്നിൽ തീജ്വാലകൾ. ഭയന്നു വിറച്ച് താൻ ഒരു മലമുകളിൽ നില്ക്കുന്നു. താഴേക്ക് നോക്കിയാൽ കടും നീലനിറത്തിൽ ഇരമ്പി മറിയുന്ന ആഴിത്തിരമാലകൾ. കണ്ണുകൾ പാതി മാത്രമേ തുറക്കാൻ കഴിയുന്നുള്ളൂ. ചുറ്റിനും കുറ്റാകുറ്റിരുട്ട്. പുറത്തെവിടെയോ ഒരു ശ്വാനന്റെ ദയനീയമായ ഓലിയിടൽ. ഏതോ ഭീകരദൃശ്യം കണ്ടതിന്റെ ഭയം ആ ഓലിയിടലിൽ ഉണ്ടായിരുന്നു എന്ന് തോന്നുംവണ്ണം. അതിന്റെ മറുപടി എന്നോണം എവിടെയോ ഒരു പൂവൻ കോഴിയുടെ കൂവൽ. പട്ടിയുടെ ഓലിയിടലും കോഴിയുടെ കൂവലും ഒരു നിശ്ചിതമായ ഇടവേളയിൽ തുടർന്നുകൊണ്ടേയിരുന്നു. ഈ ശബ്ദങ്ങളേക്കൂടാതെ ചീവീടുകളും തവളകളും ഇടവിട്ട് ഇടവിട്ട് കരഞ്ഞുകൊണ്ടിരുന്നു. ആകെ ഒരു ഭീതിദമായ അന്തരീക്ഷം. ഉള്ളിലെ ഭയം അല്പം ലഘൂകരിക്കാൻ മഹിഷാസുരമർദ്ദിനി സ്തോത്രം ചൊല്ലാൻ അയാൾ ആഗ്...