ഒരു പുലർകാലസ്വപ്നം
ചെറുകഥ
ഒരു പുലർകാലസ്വപ്നം
എ. മുരളീധരൻ
ചിലങ്കകളുടെ ‘ഝിലം’, ‘ഝിലം’ ശബ്ദം കേട്ട് നാരായണൻ നായർ ഉറക്കത്തിൽ നിന്ന്
ഞെട്ടിയുണർന്നു. ഉണർന്നപ്പോൾ താൻ കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിന്റെ അതിഭീകരത
അയാളുടെ മനസ്സിനേയും ശരീരത്തേയും ഒരുപോല്വെ തളർത്തി. ഉഗ്രരൂപിണിയായ ഭദ്രകാളി
ശൂലമേന്തി രക്തം പുരണ്ട നാവുനീട്ടി നൃത്തം ചെയ്യുന്ന രൂപം. പിന്നിൽ അഗ്നി. മുന്നിൽ തീജ്വാലകൾ. ഭയന്നു
വിറച്ച് താൻ ഒരു മലമുകളിൽ നില്ക്കുന്നു. താഴേക്ക് നോക്കിയാൽ കടും നീലനിറത്തിൽ
ഇരമ്പി മറിയുന്ന ആഴിത്തിരമാലകൾ. കണ്ണുകൾ പാതി മാത്രമേ തുറക്കാൻ കഴിയുന്നുള്ളൂ.
ചുറ്റിനും കുറ്റാകുറ്റിരുട്ട്. പുറത്തെവിടെയോ ഒരു ശ്വാനന്റെ ദയനീയമായ ഓലിയിടൽ. ഏതോ
ഭീകരദൃശ്യം കണ്ടതിന്റെ ഭയം ആ ഓലിയിടലിൽ ഉണ്ടായിരുന്നു എന്ന് തോന്നുംവണ്ണം. അതിന്റെ മറുപടി എന്നോണം എവിടെയോ ഒരു പൂവൻ
കോഴിയുടെ കൂവൽ. പട്ടിയുടെ ഓലിയിടലും കോഴിയുടെ കൂവലും ഒരു നിശ്ചിതമായ ഇടവേളയിൽ
തുടർന്നുകൊണ്ടേയിരുന്നു. ഈ ശബ്ദങ്ങളേക്കൂടാതെ ചീവീടുകളും തവളകളും ഇടവിട്ട്
ഇടവിട്ട് കരഞ്ഞുകൊണ്ടിരുന്നു. ആകെ ഒരു ഭീതിദമായ അന്തരീക്ഷം. ഉള്ളിലെ ഭയം അല്പം
ലഘൂകരിക്കാൻ മഹിഷാസുരമർദ്ദിനി സ്തോത്രം ചൊല്ലാൻ അയാൾ ആഗ്രഹിച്ചു. “അയിഗിരിനന്ദിനി
നന്ദിതമേദിനി...” ശബ്ദം പുറത്തേക്ക് വരുന്നില്ല. തൊണ്ട വരണ്ടു. ഒരു തുള്ളി
ജലത്തിനു വേണ്ടി ദാഹിച്ചു. ശരീരമാകെ വിയർത്തിട്ട് പുതപ്പ് നനയുന്നതുപോലെ
തോന്നിയപ്പോൾ അത് വലിച്ചു കളഞ്ഞു.
“കുട്ട്യേ, ഭവാനീ” വളരെ ബുദ്ധിമുട്ടി ശബ്ദം പുറത്തേക്കു കൊണ്ടു വന്നു.
പിന്നെ പെട്ടെന്ന് ഓർമ്മ വന്നു, കുട്ടി ഇവിടെയില്ലല്ലോ ഇപ്പോൾ.
എഴുന്നേല്ക്കാൻ ഒരു പാഴ്ശ്രമം
നടത്തി. മുറിയിലെ മങ്ങിയ വെളിച്ചത്തിലൊരു ആൾരൂപം നിലത്ത് പായയിൽ മൂടിപ്പുതച്ച്
ചുരുണ്ടുകൂടി കിടക്കുന്നതു കണ്ടു. അത് തന്റെ ഡ്രൈവറും സുഹൃത്തുമായ മോഹനനാണെന്ന്
മനസ്സിലായി. എന്നാൽ ‘മോഹനാ“ എന്നൊന്ന് വിളിച്ച് ഉണർത്തുവാനുള്ള ശേഷി അയാളുടെ ശബ്ദത്തിനില്ലായിരുന്നു.
ഇടതു കൈ നീട്ടി എവിടെയോ പിടിക്കാൻ ശ്രമിക്കുമ്പോൾ കട്ടിലിന്റെ സൈഡ്ടേബിളിൽ
വച്ചിരുന്ന ഏതോ സാധനത്തിൽ തട്ടി അത് മറിഞ്ഞ് നിലത്തുവീണു. അപ്പോഴത്തെ ശബ്ദത്തിൽ
ചുരുണ്ടുകൂടി കിടന്നിരുന്ന മെലിഞ്ഞു ശോഷിച്ച മദ്ധ്യവയസ്ക്കനായ മോഹനൻ ചാടി
എഴുന്നേറ്റു.
“എന്താ സാർ? എന്തെങ്കിലും വേണോ?”
“അല്പം വെള്ളം കുടിക്കണം”, എന്ന് ഒരു ഞരക്കം പോലെ പറഞ്ഞു.
സൈഡ് ടേബിളിൽ വച്ചിരുന്ന ഫ്ളാസ്ക്കിൽ നിന്നും ഇളം ചൂടുള്ള
വെള്ളം ഗ്ളാസ്സിൽ ഒഴിച്ചുകൊടുത്തത് അയാൾ വാങ്ങിക്കുടിച്ചു.
“ഞാൻ കിടന്നോട്ടേ” എന്ന് ചോദ്യരൂപത്തിൽ പറഞ്ഞിട്ട് മറുപടിക്ക് കാക്കാതെ അയാൾ
വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി.
നാരായണൻ നായർ കുറച്ചുനേരം
കട്ടിലിൽ ഇരുന്നു. നിലത്ത് കിടക്കുന്ന മോഹനനെ
നോക്കി. പല തവണ അയാളോട് പറഞ്ഞതായിരുന്നു ഒരു കട്ടിൽ കൊണ്ടുവന്ന് അതിന്മേൽ കിടന്നാൽ
മതിയെന്ന്. കേൾക്കില്ല. വേറെ മുറി അയാൾക്കായി കൊടുത്തിട്ടുണ്ട്. അവിടെ
കിടക്കുകയില്ല. തന്നെ ഒറ്റക്ക് കിടക്കാൻ വിടില്ല അയാൾ. പുലരാൻ ഇനി അധികം സമയമുണ്ടെന്ന്
മനസ്സിലാക്കിയിട്ടാകണം, കിടന്നു.
ഇന്നിനി ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. പുറത്ത് പട്ടിയുടെ ഓലിയിടൽ
അവസാനിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, കോഴിയുടെ കൂവലും നിലച്ചു. ചീവീടുകളും തവളകളും തങ്ങളുടെ പ്രകടനങ്ങൾ അനുസ്യൂതം
തുടർന്നു. പുലരാറായപ്പോഴാണെന്ന് തോന്നുന്നു, അയാൾ ഉറക്കത്തിലേക്ക് പിന്നെയും വഴുതി.
ഉറക്കം ഉണർന്നപ്പോൾ
ജനലഴികൾക്കിടയിലൂടെ മുറിയിലേക്ക് കടന്നു വന്ന പ്രകാശക്കുഴലുകളിൽ തത്തിക്കളിക്കുന്ന
ധൂളികൾ കാണായി. എങ്കിലും അയാൾ
എഴുന്നേറ്റില്ല. എഴുന്നേറ്റിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
അയാൾ നിലത്തേക്കൊന്നു കണ്ണോടിച്ചു. പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടന്നിരുന്ന
മോഹനൻ, എഴുന്നേറ്റ് തന്റെ ജോലികൾക്കായി
പോയിക്കഴിഞ്ഞിരുന്നു.
നാരായണൻ നായർ ഓർക്കുകയായിരുന്നു.
പതിവുദർശനത്തിനായി
തിരുമാന്ധാംകുന്നിലെത്തിയതായിരുന്നു നാരായണൻ നായരും ഭാര്യ സുഭദ്രയും. പതിവായി
ക്ഷേത്രം വക ഗസ്റ്റ് ഹൗസിലാണു താമസിക്കുക. പുലർച്ചയ്ക്ക് എഴുന്നേറ്റ് കുളിയും
തേവാരവും ദർശനവും എല്ലാം കഴിഞ്ഞ് പ്രാതലിനായി കുട്ടപ്പന്റെ ചായക്കടയിലേക്ക്
പോകുകയായിരുന്നു. പടികളിറങ്ങി പകുതിയായപ്പോഴായിരുന്നു അഞ്ചോ ആറോ വയസ്സ്
തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടിയുടെ ശബ്ദം പെട്ടെന്ന് ശ്രദ്ധിച്ചത്. “വിശക്കുന്നു, വല്ലതും തരണേ” എന്ന്. ദൈന്യത തുളുമ്പി നിൽക്കുന്ന മുഖഭാവവും
അതിദയനീയമായ ശബ്ദവും ഇരുവരുടെയും കരളലിയിച്ചു. അവർ അവളെ ഭക്ഷണം കഴിക്കാൻ വിളിച്ചു.
ആവശ്യത്തിനു ഭക്ഷണം വാങ്ങിക്കൊടുത്തു. സുഭദ്ര അവളോട് പലതും ചോദിച്ചു.
വിശപ്പടങ്ങിയപ്പോൾ അവ്യക്തമായി അവൾ പറഞ്ഞതെല്ലാം കേട്ട് സുഭദ്രയുടെ കണ്ണുകൾ
നീരണിഞ്ഞു.
നിലമ്പൂർ വനമേഖലയിലെ ഒരു ചെറിയ
ആദിവാസി കോളനിയിലായിരുന്നു അവരുടെ കുടുംബം താമസിച്ചിരുന്നത്. ആറുമാസം മുമ്പുണ്ടായ
ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരങ്ങളും വീടും എല്ലാം നഷ്ടപ്പെട്ട്
പലസ്ഥലങ്ങളിലേക്ക് ആത്മരക്ഷാർത്ഥം ഓടിയവരിൽനിന്ന് കൂട്ടം തെറ്റി ഇവിടെയെത്തിയതാണു.
ക്ഷേത്രത്തിൽ നിന്നോ ഭക്തരിൽ നിന്നോ എന്തെങ്കിലും ഭക്ഷണം കിട്ടുന്നത് കഴിക്കും.
ക്ഷേത്രപരിസരത്ത് എവിടെയെങ്കിലും കിടന്നുറങ്ങും. അങ്ങനെ കുറച്ചുമാസങ്ങൾ കഴിച്ചുകൂട്ടി.
എല്ലാം കേട്ട് മനസ്സിലാക്കിയ
ശേഷം മക്കളില്ലാത്ത നാരായണൻ നായരും സുഭദ്രയും അവളെ കൂടെ കൂട്ടാൻ
തീരുമാനത്തിലെത്തി. ആദ്യമായി ചെയ്തത്, അടുത്ത പോലീസ് സ്റ്റേഷനിൽ പോയി സംസാരിക്കുകയായിരുന്നു. ദത്തെടുക്കുന്നതിനുള്ള
നിയമങ്ങളെപ്പറ്റി പോലീസ് ഉദ്യോഗസ്ഥരോട് വിശദമായി സംസാരിച്ചു. ചൈൽഡ് വെൽഫെയർ
ഡിപാർട്ട്മെന്റിൽ അപേക്ഷ കൊടുക്കണം. എല്ലാ നടപടികളും തീരാൻ രണ്ടു മാസത്തോളം
എടുത്തേക്കും. പോലീസ് സ്റ്റേഷനിൽ നിന്നുള്ള സർട്ടിഫിക്കേറ്റ് കിട്ടിയാൽ
ദത്തെടുക്കലിന്റെ നടപടികൾക്ക് വേഗത കൂടുമെന്നും അറിഞ്ഞു. ആവശ്യമായ അപേക്ഷ എഴുതി
പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു. കുട്ടിയേപ്പറ്റി കൂടുതൽ അന്വേഷിച്ചിട്ട്
സർട്ടിഫിക്കേറ്റ് അടുത്ത ദിവസം തരാമെന്നവർ അറിയിച്ചു. അതിനുശേഷം ഒന്നു രണ്ട് ജോടി
വസ്ത്രങ്ങൾ വാങ്ങി അവൾക്ക് കൊടുത്തു. മുറിയിലെത്തി, സുഭദ്ര അവളെ കുളിക്കാനും പുതുവസ്ത്രം ധരിക്കാനും മറ്റും സഹായിച്ചു.
അവർ മടക്കയാത്ര ഒരു ദിവസത്തേക്ക്
വൈകിപ്പിച്ചു. സർട്ടിഫിക്കേറ്റ് വാങ്ങുന്നതുകൂടാതെ, അവളേപ്പറ്റി കൂടുതൽ അന്വേഷിക്കാനും കൂടിയായിരുന്നു അത്. വൈകുന്നേരം മോഹനനേയും
കൂട്ടി അയാൾ നടക്കാനിറങ്ങി. ലക്ഷ്യം ആ ആദിവാസി കോളനിയായിരുന്നു. കുട്ടിയേപ്പറ്റി
കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിക്കണം എന്ന ഉദ്ദേശ്യത്തോടെ.
കോളനിയിലെത്തിയപ്പോൾ
എല്ലായിടത്തും ഇരുൾ പരന്നിരുന്നു. വീടുകൾ നഷ്ടപ്പെട്ടവരും ദുരന്തത്തെ
അതിജീവിച്ചവരുമായ ആളുകൾ വീണ്ടും കുടിലുകൾ കെട്ടിപ്പൊക്കിയിട്ടുണ്ടായിരുന്നു.
നടപ്പാതയുടെ ഇരുവശത്തുമുള്ള കുടിലുകളിൽ നിന്നും ഭക്ഷണം പാകം ചെയ്യുന്നതിന്റെ
ഗന്ധവും കോഴിക്കുഞ്ഞുങ്ങളുടെ ഞരക്കവും കേൾക്കാം. അപരിചിതരുടെ ഗന്ധം
മനസ്സിലാക്കിയിട്ടാവാം, നായ്ക്കൾ
നിർത്താതെ കുരക്കുന്നുണ്ടായിരുന്നു. പുറത്ത് ആരെയെങ്കിലും കാണാൻ കഴിയുന്നില്ലല്ലോ
എന്ന ആശങ്കയിൽ നടക്കുമ്പോൾ അല്പം അകലെയായി മുനിഞ്ഞുകത്തുന്ന ഒരു പാട്ടവിളക്കിന്റെ
വെളിച്ചത്തിൽ കൂനിക്കൂടിയിരിക്കുന്ന ഒരു വൃദ്ധനെ കണ്ടു. ആ കോളനിയിലെ ഏക
കച്ചവടസ്ഥാപനമായിരുന്നു അത്. അടുത്തു ചെന്ന് അയാളോട് സംസാരിച്ചപ്പോൾ കുറച്ചുകൂടി
വിവരങ്ങൾ അറിയാൻ കഴിഞ്ഞു. മടങ്ങി ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ മുറിയിൽ, കുളിച്ച് നല്ല
വസ്ത്രം ധരിച്ച് സംതൃപ്തിയോടെ ഉറങ്ങുന്ന കുട്ടിയെ കണ്ട് മനസ്സിൽ കുളിരണിഞ്ഞു.
മടങ്ങിയെത്തി
ദത്തെടുക്കുന്നതിന്റെ ഔപചാരികതകളെല്ലാം പെട്ടെന്ന് പൂർത്തിയാക്കി. എങ്കിലും രണ്ടര
മാസമെടുത്തു. പോലീസിൽ നിന്നുള്ള റിപ്പോർട്ട് ഉണ്ടായിരുന്നതു കൊണ്ടും കുട്ടിയുടെ
ഉറ്റവരാരും ജീവിച്ചിരുപ്പില്ല എന്നതു കൊണ്ടുമായിരിക്കാം, ശിശുക്ഷേമവകുപ്പ് കുട്ടിയെ കൂടെ താമസിപ്പിക്കാൻ അനുമതി
നൽകിയിരുന്നു. മുഴുവൻ സ്വത്തുക്കളും തന്റെയും ഭാര്യയുടേയും കാലശേഷം കുട്ടിയുടെ
പേരിൽ എഴുതി വച്ചു. പിന്നെ എല്ലാം ചിട്ട പോലെ നടന്നു. അവളുടെ അച്ഛനമ്മമാരിട്ട പേരു
തന്നെ തുടർന്നു, ഭവാനി. ദേവിയുടെ സന്നിധിയിൽ
നിന്ന് തങ്ങൾക്ക് കിട്ടിയ നിധി ആയിരുന്നല്ലോ! അപ്പോൾ ദേവിയുടെ പേരുതന്നെ ആകട്ടെ
എന്ന് കരുതി.
സുഭദ്രയ്ക്ക് അവൾ നൊന്തു
പ്രസവിച്ച മകളേപ്പോലെ തന്നെയായിരുന്നു. തുടക്കത്തിൽ കുറച്ചുനാൾ അവളുടെ പ്രാഥമിക
വിദ്യാഭ്യാസം വീട്ടിൽ തന്നെയായിരുന്നു. സുഭദ്ര അവളെ അക്ഷരങ്ങളും മറ്റുള്ള
കാര്യങ്ങളും പഠിപ്പിച്ചു. അടുത്ത സ്കൂൾവർഷം തുടങ്ങിയപ്പോൾ ഒന്നാം ക്ളാസ്സിൽ
ചേർത്തു. സ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞാൽ അദ്ധ്യാപികയായ സുഭദ്ര അവളെ വീട്ടിലും
പഠിപ്പിച്ചിരുന്നു. താനും സുഭദ്രയും ജോലിക്ക് പോകുമ്പോൾ വീട്ടുജോലികൾ ചെയ്തിരുന്ന
സ്ത്രീയെ പകൽ മുഴുവനും വീട്ടിൽ നിർത്തി. പത്തുവർഷങ്ങൾ പോയതറിഞ്ഞില്ല. അവൾ ഒരുവിധം നല്ല മാർക്കോടെ പത്താം ക്ളാസ്സ്
പാസ്സായി. അപ്പോഴേക്കും അവൾ പതിനെട്ട് വയസ്സ് തികഞ്ഞ ഒരു സുന്ദരിയായി, തങ്ങളുടെ ഓമന മകളായി. സന്തോഷത്തിമിർപ്പിലായിരുന്നു
എല്ലാവരും.
വളരെയകലെയല്ലാതെയായിരുന്നു മോഹനൻ
താമസിച്ചിരുന്നത്. പ്രസവത്തോടെ അയാളുടെ ഭാര്യ മരിച്ചുപോയിരുന്നു. അകന്ന
ബന്ധത്തിലുള്ള ആരോരുമില്ലാത്തെ ഒരു ചേച്ചി
കുറച്ചുനാൾ വന്ന് താമസിച്ച് കുഞ്ഞിനെ നോക്കി. പ്രദീപ് എന്നാണവനു പേരിട്ടത്.
എല്ലാത്തിനും മോഹനനുവേണ്ട സഹായങ്ങളെല്ലാം താൻ ചെയ്തുകൊടുത്തു, വിശേഷിച്ച് സാമ്പത്തിക സഹായം. പ്രദീപ് പഠിക്കാൻ
ബഹുസമർത്ഥനും നല്ല ബുദ്ധിശാലിയുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്
അടുത്തുതന്നെയുള്ള പ്രസിദ്ധമായ എഞ്ചിനീയറിങ്ങ് കോളേജിൽ അവനു അഡ്മിഷൻ കിട്ടി. അവനേയും മോഹനനേയും താൻ
എല്ലാ വിധത്തിലും പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചുമതലയും താൻ ഏറ്റെടുത്തിരുന്നു. അവൻ എഞ്ചിനീയറിങ്ങ്
നല്ല നിലയിൽ ജയിച്ച് ബാംഗ്ളൂരിലെ ഒരു കമ്പനിയിൽ ജോലി നേടി.
ആയിടക്ക് പ്രദീപ് നാട്ടിൽ
വരുമ്പോൾ ഒളിഞ്ഞും പതുങ്ങിയും ഭവാനിയെ കാണാറുണ്ടായിരുന്നു, അടക്കിപ്പിടിച്ച ശബ്ദത്തിൽ സംസാരിക്കാറുണ്ടായിരുന്നു. താനും
സുഭദ്രയും അതൊക്കെ ശ്രദ്ധിച്ചിരുന്നു എങ്കിലും ഒന്നും പറഞ്ഞില്ല.
ചോദിച്ചപ്പോഴൊക്കെ സുഭദ്ര പറഞ്ഞത് അവരുതമ്മിൽ അങ്ങനെയുള്ള ബന്ധമൊന്നുമില്ല
എന്നായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം മോഹനൻ തന്റെ അടുത്തെത്തി എന്തോ
പറയാനുള്ള വിമ്മിഷ്ടത്തോടെ.
“മോഹനനെന്തോ പറയാനുണ്ടല്ലോ? എന്തായാലും പറയെടോ”, താൻ പറഞ്ഞു.
“അതു പിന്നെ.....”
“വേണ്ടാ. മുഖവുരയൊന്നും വേണ്ട. തനിക്കെന്തും എന്നോട് പറയാമല്ലോ?” താൻ
അയാൾക്ക് ധൈര്യം പകർന്നു.
“അത്... കുട്ടികൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് തോന്നുന്നു“, മോഹനൻ
ധൈര്യം സംഭരിച്ച് പറഞ്ഞു.
”കുട്ടികളോ? ഏതു കുട്ടികൾ?“,
ഒന്നും അറിയില്ലെന്ന് ഭാവിച്ച് പറഞ്ഞു.
”പ്രദീപും ഭവാനിമോളും“,
മോഹനന്റെ മുഖത്ത് എന്തോ അബദ്ധം പറഞ്ഞതിന്റെ ജാള്യത.
”തന്നോടാരു പറഞ്ഞു?“
കേട്ടപ്പോൾ ഉള്ളിന്റെ ഉള്ളിൽ സന്തോഷം ഉണ്ടായെങ്കിലും ഗൗരവം
വിട്ടില്ല.
”അത്.... പ്രദീപ് അങ്ങനെ ഒരു ആഗ്രഹം പറഞ്ഞു. അവൻ എന്നോടല്ലാതെ ആരോടു പറയും സാർ?“
”അതെന്താ, അവനെന്നോട് പറയാൻ മടി?“
അപ്പോഴും ഗൗരവം വിട്ടില്ല.
”അത് ... പിന്നെ....“ മോഹനൻ ഇനിയൊന്നും പറയാനില്ല എന്ന ഭാവത്തിൽ സഭാഷണം നിർത്തി
പോകാൻ തുടങ്ങിയപ്പോൾ അയാളെ തടഞ്ഞു.
”നമുക്ക് ആലൊചിക്കാം. അവൻ അടുത്ത അവധിക്കു വരുമ്പോൾ എന്നോട് ഇതേപ്പറ്റി
സംസാരിക്കാൻ പറയൂ.“ മോഹനനു സമാധാനമായതുപോലെ തോന്നി.
അന്നു രാത്രി താൻ സുഭദ്രയോട്
ഇതേപ്പറ്റി സംസാരിച്ചപ്പോൾ അവൾക്കും സന്തോഷമായി. സുഭദ്ര മകളോട് സംസാരിച്ച്
കാര്യത്തിനൊരു ഉറപ്പുണ്ടാക്കി. അങ്ങനെ ഏതാണ്ട് ആറുമാസങ്ങൾക്കു ശേഷം അത്യാവശ്യം
ആർഭാടമായിത്തന്നെ അവരുടെ വിവാഹം നടത്തി. ഭവാനിയെ ബാംഗ്ളൂരിലേക്ക് കൊണ്ടുപോകാൻ
ആവശ്യപ്പെട്ടെങ്കിലും പ്രദീപ് സമ്മതിച്ചില്ല.
എന്നാൽ, സന്തോഷത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടിരുന്നു എന്ന്
അറിഞ്ഞിരുന്നില്ല.
ആ സമയത്തായിരുന്നു സുഭദ്രയുടെ
അകാലത്തിലുള്ള വേർപാട്. പെട്ടെന്നുണ്ടായ ഒരു നെഞ്ചുവേദന. ആശുപത്രിവരെ എത്തേണ്ടി
വന്നില്ല,
അതിനു മുമ്പേതന്നെ.... അച്ഛനും അമ്മയും മകളും കൂടിയുള്ള
ആഹ്ളാദത്തിമിർപ്പ് ഒരു പൂത്തിരി കത്തിത്തീർന്നതുപോലെ ഇല്ലാതായി. ഒരു യാത്രയയപ്പ്
പോലും ഏറ്റുവാങ്ങാതെ, ഒരു
വാക്കുപോലും ഉച്ചരിക്കാതെ പോയ സുഭദ്രയെ കരൾ പിടയുന്ന വേദനയോടെ യാത്രയാക്കി. മകളുമൊത്തുള്ള പിന്നത്തെ ജീവിതം
മുഴുവനും സന്തോഷം അഭിനയിച്ചു, ഉള്ളിലെ സങ്കടത്തിന്റെ വാത്മീകം പൊട്ടിക്കാനാവാതെ. മോഹനൻ
പതിവുപോലെ സന്തതസഹചാരിയായി തുടർന്നു.
മകൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ
തോന്നിയ അത്യാഹ്ളാദം സങ്കടത്തിന്റെ മാറ്റ് അല്പം കുറച്ചു. അവൾ അച്ഛനെ ശുശ്രൂഷിച്ചു, പരിചരിച്ചു, അമ്മ ശ്രദ്ധിച്ചിരുന്നതുപോലെ, അമ്മ
പരിചരിച്ചിരുന്നതു പോലെ. ഗർഭിണിയായ മകളെ ശുശ്രൂഷിക്കാൻ അമ്മ ഇല്ലാതെ പോയല്ലോ!
അമ്മയുടെ അഭാവം അവൾക്ക് വേദന ഉണ്ടാക്കുന്നുണ്ടാവും. ഉള്ളിലെ ഒതുക്കി വച്ചിരുന്ന വാത്മീകം തകർന്ന് ഒരു സങ്കടക്കടലായി
പുറത്തേക്കൊഴുകി. ഒരു നല്ല സ്ത്രീയെ കണ്ടുപിടിക്കണം, മകളെ ശുശ്രൂഷിക്കുവാൻ. ഇക്കാര്യം മോഹനനോടും പറഞ്ഞു.
ഗർഭശുശ്രൂഷക്ക് സ്ത്രീകൾ തന്നെയാണല്ലോ വേണ്ടത്! പ്രദീപ് അടുത്ത തവണ അവധിക്ക്
വന്നപ്പോൾ ഇക്കാര്യം പറഞ്ഞു. എന്നാൽ, അവൻ ഏതോ ഒരു സ്ത്രീയെ അവിടെ ഇടപാടാക്കി, അവളുടെ പ്രസവം വരെയും അതുകഴിഞ്ഞുള്ള പ്രസവാനന്തര പരിരക്ഷയും കുഞ്ഞിന്റെ
കാര്യങ്ങളും ഒക്കെ നോക്കാനായി. അപ്പോൾ അവൻ ഭവാനിയെ ബാംഗ്ളൂരേക്ക് കൊണ്ടുപോകാൻ
തീരുമാനിച്ചാണു വന്നിരിക്കുന്നത്. അത് മനസ്സിലാക്കി അവനോട് ചോദിച്ചപ്പോൾ അവൻ
പറഞ്ഞത്,
അച്ഛനും അങ്കിളും തനിച്ചല്ലേ, ബുദ്ധിമുട്ടാവില്ലേ എന്നൊക്കെ. മോഹനനും അനുകൂലമായ അഭിപ്രായമായിരുന്നു.
എന്തായാലും എതിർക്കാൻ തോന്നിയില്ല. അവരല്ലേ ഇനിയും ജീവിക്കേണ്ടത്, അവരുടെ ജീവിതം സന്തോഷപ്രദമാകട്ടെ. ഭവാനിയേയും കൂട്ടി
പ്രദീപ് യാത്ര പുറപ്പെടുമ്പോൾ, ഹൃദയം
കുത്തിമുറിക്കുന്ന നീറ്റലായിരുന്നു. അവളും തേങ്ങലടക്കാൻ കഴിയാതെ
കരഞ്ഞുകൊണ്ടേയിരുന്നു.
എല്ലാ രാത്രികളിലും ഭവാനി ഫോണിൽ
വിളിക്കും. തന്റെ സുഖവിവരങ്ങളന്വേഷിക്കും. അതൊരു ചടങ്ങുപോലെ തുടരുന്നു.
നാരായണൻ നായർ എഴുന്നേറ്റിട്ട്
കട്ടിലിൽ തന്നെ ഇരുന്നു. മോഹനനെ കാണാനില്ല. അടുക്കളയിലാവാം. ഒരു ജോലിക്കാരിയെ
നിർത്താം എന്ന് പറഞ്ഞിട്ട് അയാൾ സമ്മതിക്കുന്നില്ല. ഒരുപാട് നിർബന്ധിച്ചപ്പോൾ
അടുക്കള ജോലികൾക്ക് മാത്രമായി ഒരാളെ നിർത്താമെന്ന് സമ്മതിച്ചു. ഒരു മാസത്തിനുള്ളിൽ
ഒരു സ്ത്രീ എത്തുമെന്നാണു പറഞ്ഞിരിക്കുന്നത്.
വെളിച്ചക്കുഴലുകളിൽ
തുള്ളിക്കളിക്കുന്ന ധൂളികൾ ഇപ്പോഴുമുണ്ട്. അവയെ നോക്കിയിരുന്നു, ഒരു ലക്ഷ്യബോധവുമില്ലാതെ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ
ഇങ്ങനെയൊന്നുമായിരുന്നില്ല. കാലത്ത് ഒരുവിധം വെളുത്താൽ പിന്നെ കിടക്കാൻ അവൾ
സമ്മതിക്കുകയില്ലായിരുന്നു. എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ എല്ലാം കഴിഞ്ഞാൽ നല്ല
ചൂടുള്ള ചായ തരും. അതോടൊപ്പം അന്നത്തെ ദിനപത്രവും. ചായകുടിയും പത്രപാരായണവും
കഴിഞ്ഞാൽ കുളി. കുളിക്കാൻ പാകത്തിൽ ചൂടുള്ള വെള്ളം കുളിമുറിയിൽ ബക്കറ്റിൽ നിറച്ചു
വച്ചിട്ടുണ്ടാവും. കുളി കഴിഞ്ഞു വന്നാൽ ആദ്യം തലയിൽ അല്പം രാസ്നാദിപ്പൊടി വക്കും.
പിന്നെ പ്രാതലിനുള്ള സമയം. ആവശ്യങ്ങൾ എല്ലാം അറിഞ്ഞ്, കാര്യങ്ങൾ എല്ലാം കൃത്യമായി ചെയ്യും. സുഭദ്രയുടെ
പരിശീലനത്തിന്റെ ഗുണം.
എല്ലാം അവസാനിച്ചു. സന്തോഷത്തിന്റെ
കൊടുമുടിയിലേക്ക് എത്തിച്ച്, അവിടെ നിന്നും സങ്കടക്കടലിന്റെ അഗാധതയിലേക്കാണല്ലോ
പോകുന്നതെന്ന വാസ്തവം അയാൾ തിരിച്ചറിഞ്ഞു.
മോഹനൻ വന്ന് “കുളിക്കേണ്ടേ”
എന്ന് അന്വേഷിച്ചു. നിഷേധാർത്ഥത്തിൽ തലയാട്ടിയതേ ഉള്ളൂ. “എന്നാൽ പ്രാതൽ
എടുക്കട്ടേ” എന്നായി അടുത്ത ചോദ്യം. ഈ അവസരത്തിലും കൂട്ട് വിടാതെ ഒപ്പം നിൽ
ക്കുന്ന ഇയാൾ എന്റെ ആരായിരിക്കാം! പൂർവ്വജന്മ സൗഹൃദമോ അതോ സുകൃതമോ? എല്ലാ സ്നേഹവും വർഷങ്ങളായി
വാരിക്കൊടുത്തതിന്റെ നന്ദിയും, തകർന്നുപോയ ജീവിതത്തിനു ഒരർത്ഥമുണ്ടാക്കിക്കൊടുത്തതിന്റെ കടപ്പാടുമോ? എന്തായാലും
താനിപ്പോൾ ഏറ്റവുമധികം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത്
ഇയാളെത്തന്നെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
ഈശ്വരന്റെ അന്ത്യവിളി
വരുന്നതിനുമുമ്പ് ഭവാനിയുടെ കുഞ്ഞിനെ ഒന്ന് കാണാൻ കഴിയണേ എന്ന പ്രത്യാശയോടെയും
പ്രാർത്ഥനയോടെയും, “എന്റെ
തിരുമാന്ധാംകുന്നിലമ്മേ” എന്ന് വിളിച്ചുകൊണ്ട് അയാൾ കിടക്കയിൽ നിന്നെഴുന്നേറ്റു.
പുലർച്ചക്ക് കണ്ട സ്വപ്നത്തിന്റെ ഭീകരത അപ്പോഴും അയാളെ പിന്തുടരുന്നുണ്ടായിരുന്നു.
അതോടൊപ്പം ഇനി എന്തായിരിക്കും ഭഗവതി തനിക്കുവേണ്ടി കണ്ടുവച്ചിരിക്കുന്നത് എന്ന
ആശങ്കയും!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ