പീലിപ്പോസിന്റെ ക്രൂരകൃത്യങ്ങൾ

പീലിപ്പോസിന്റെ ക്രൂരകൃത്യങ്ങൾ ……….. എ. മുരളീധരൻ 

 പീലിപ്പോസ് ഒരു പോലീസ് കോൺസ്റ്റബിൾ ആയി സ്ഥലത്തെ സ്റ്റേഷനിൽ ജോലി നോക്കുന്ന കാലത്താണീ കഥ നടക്കുന്നത്. പീലിപ്പോസും അമ്മ മേരിപ്പെമ്പിളയും അപ്പൻ ചാക്കോമാപ്പിളയും ഇളയ മൂന്ന് സഹോദരങ്ങളും, ഏറ്റവും ഇളയ ഒരു സഹോദരിയും, അടങ്ങുന്ന ചെറുതല്ലാത്ത ഒരു കുടുംബം. മേരിപ്പെമ്പിളയ്ക്ക് കുടുംബസ്വത്തായി ഇരുപത്തിയഞ്ച് സെന്റ് സ്ഥലം കിട്ടിയതിൽ ഒരു ചെറിയ വീട് വച്ച് അവർ സസന്തോഷം ജീവിച്ചു വന്ന കാലത്താണു പീലിപ്പോസിനു പോലീസിൽ ജോലി കിട്ടിയത്. ചാക്കോ നല്ല ഒരു കൃഷിക്കാരനായിരുന്നതുകൊണ്ട് ദാരിദ്ര്യമില്ലാതെ കഴിഞ്ഞു. പീലിപ്പോസ് പോലീസ് യൂണിഫോമിൽ ഇറങ്ങിയാൽ നാട്ടിലെ കുട്ടികളും മുതിർന്നവരും പഞ്ചപുച്ഛമടക്കി നിന്ന് നോക്കുക പതിവായിരുന്നു. സ്റ്റേഷനിലേക്ക് സൈക്കിളിലാണു പോകുന്നത്. പോക്കും ഭാവവും ഏറ്റവും കുറഞ്ഞത് ഒരു സർക്കിൾ ഇൻസ്പക്ടറുടെ ഗമയോടെയായിരിക്കും. മുകളിലേക്ക് പിരിച്ചുവച്ച മീശയും ചുവന്നു കലങ്ങിയ കണ്ണുകളും അയാൾക്ക് ഒരു ഭീകരരൂപം നല്കിയിരുന്നു. കുട്ടികൾ ഭയത്തോടെയും മുതിർന്നവർ ആരാധനയോടെയുമായിരുന്നു ഇതൊക്കെ നോക്കിനിന്നിരുന്നത്. ആയിടക്ക് പീലിപ്പോസിന്റെ അനുജൻ ‘അവറാൻ“ എന്ന് അറിയപ്പെട്ടിരുന്ന ഏബ്രഹാമിനു പട്ടാളത്തിൽ ജോലിയാകുകയും അയാൾ നാഗാലാൻഡിലേക്ക് യാത്രയാവുകയും ചെയ്തു. അവറാന്റെ ഇളയ ആൾ ജോൺ പഠിക്കാൻ താരതമ്യേന ഭേദമായിരുന്നു. അവൻ പ്രീഡിഗ്രി വരെ പഠിച്ചത്‌ കുടുംബത്തിനു വളരെ അഭിമാനപ്രദമായിരുന്നു. അതിലും വലിയ അഭിമാനം അവനു അടുത്ത ടൗണിൽ താലൂക്കാഫീസിൽ ക്ളാർക്കായി ജോലി കിട്ടി എന്നതായിരുന്നു. ജോണിന്റെ ഇളയ ആൾ പാപ്പൻ എട്ടാം ക്ളാസ്സിൽ പഠിക്കുമ്പോൾ തന്നെ ആ സാഹസം നിർത്തി അപ്പനോടൊപ്പം കൃഷിപ്പണിയിൽ ഏർപ്പെട്ടു. ഏറ്റവും ഇളയ സഹോദരി റബേക്ക എന്ന സുന്ദരിക്കുട്ടി എല്ലാവരുടേയും സ്നേഹവും വാത്സല്യവും ആവോളം ഏറ്റുവാങ്ങി വീട്ടിലെ അരുമയായി വളർന്നു. അവൾക്ക്‌ പഠിക്കാനും അത്യാവശ്യം മിടുക്കുമുണ്ടായിരുന്നു. എല്ലാംകൂടി കുടുംബത്തിൽ സുഖവും സമാധാനവും നിറഞ്ഞു നില്ക്കുന്ന കാലം. പോലീസിൽ ജോലിയായതിനുമുമ്പ് തന്നെ പീലിപ്പോസ് ചെറുതായി ആരും കാണാതെ മദ്യപാനം തുടങ്ങിയിരുന്നു. അറിഞ്ഞിട്ടും അപ്പൻ ഒന്നും മിണ്ടാറില്ലായിരുന്നു. പോലീസുകാരനായപ്പോൾ പരസ്യമായി മദ്യപിക്കുകയും നാട്ടുകാരോട് ആവശ്യത്തിനും അനാവശ്യത്തിനും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് കണ്ടിട്ടും ചാക്കോമാപ്പിളക്ക് അതിൽ ഒരു തെറ്റും കാണാൻ കഴിഞ്ഞില്ല. ആയിടക്ക് പീലിപ്പോസ് വിവാഹത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങി. അപ്പനും അമ്മക്കും സന്തോഷമായി. കുറച്ചകലെയുള്ള ഒരു ഗ്രാമത്തിൽ നിന്ന് കാണാൻ തരക്കേടില്ലാത്ത പത്താംക്ളാസ്സ് പാസ്സായ ഫിലോമിനയുമായുള്ള വിവാഹം നടന്നു. വലിയ സ്വത്തുകാരായിരുന്നില്ലെങ്കിലും വീട്ടുകാർ മോശമല്ലാത്ത സ്ത്രീധനം കൊടുത്താണു ഫിലോമിനയെ പീലിപ്പോസിനു വിവാഹം കഴിച്ചുകൊടുത്തത്. ചാക്കോമാപ്പിളയും മേരിപ്പെമ്പിളയും ഫിലോമിനയെ സ്വന്തം മകളേപ്പോലെ സ്നേഹിച്ചു. അവൾക്ക് ആ വീട്ടിൽ പീലിപ്പോസിന്റെ മദ്യപാനം ഒഴിച്ചാൽ വേറെ ഒരു ദു:ഖവും ഉണ്ടായില്ല. നാൾക്കുനാൾ പീലിപ്പോസിന്റെ മദ്യപാനം വർദ്ധിച്ചുകൊണ്ടേയിരുന്നു. അതുകൂടാതെ കാണുന്നവരെയൊക്കെ തെറിവിളിക്കുക, എന്തിനും ഏതിനും വഴക്കുണ്ടാക്കുക, പോലീസാണെന്ന ധൈര്യത്തിൽ ആരെയും തല്ലുക തുടങ്ങിയ കാര്യങ്ങൾ പതിവായി. പലരും ഉപദേശിച്ചു നോക്കി, ഭീഷണിപ്പെടുത്തി നോക്കി. എന്നാൽ, ഒരു പ്രയോജനവും ഉണ്ടായില്ല. ചാക്കോമാപ്പിളയ്ക്ക് മകനോടൊന്നും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. മേരിപ്പെമ്പിള ഒരു ദിവസം ഉപദേശിക്കാൻ ശ്രമിച്ചതിനു തല്ല് കിട്ടിയില്ലെന്നേ ഉള്ളൂ. എല്ലാറ്റിനും ഉപരി ഒരു ദിവസവും മുടങ്ങാതെയുള്ള ഒരു കലാപരിപാടി ഭാര്യയെ പൊതിരെ തല്ലി വശംകെടുത്തുക എന്നതായിരുന്നു. ഫിലോമിനയ്ക്ക് ആദ്യമൊന്നും അതത്ര പരിചയമില്ലായിരുന്നു. പോകെപ്പോകെ, അത് പരിചയമായെങ്കിലും അതവളുടെ ശരീരത്തിനെയും മനസ്സിനെയും സാരമായി ബാധിച്ചു. ശരീരം ശോഷിച്ച് ശുഷ്ക്കമാവുന്നതിനു മുമ്പ് അവൾ രണ്ട് പുത്രന്മാരെ പീലിപ്പോസിനു സമ്മാനിച്ചു. ഇതിനിടെ, റബേക്ക കോളേജിൽ ഡിഗ്രി പഠനം കഴിഞ്ഞയുടനെ അവളെ നല്ല ഒരു വീട്ടിലേക്ക് വിവാഹം കഴിച്ചയച്ചു. മക്കളെ ആവുന്നത്ര നല്ലതായി വളർത്തിയെങ്കിലും, അവർക്ക് പഠിക്കുന്നതിലും താത്പര്യം മറ്റുകുട്ടികളുമായി വഴക്കിടാനും തല്ലുകൂടാനുമായിരുന്നു. കുട്ടികൾ അധികം വഷളാകുന്നതിനുമുമ്പ് ഫിലോമിന കർത്താവിന്റെ തിരുസന്നിധിയിലേക്ക് യാത്രയായി. അതിനിടക്ക് ഏതോ വിവരമുള്ള നാട്ടുകാർ ഒച്ചയും ബഹളവും ഇല്ലാതെ പീലിപ്പോസിനെപ്പറ്റിയുള്ള പരാതി ഉന്നതർക്ക് അയച്ചുകൊടുത്തു. അതയാളുടെ സസ്പെൻഷനിൽ കലാശിച്ചെങ്കിലും അതുകൊണ്ടൊന്നും അയാൾ നന്നാകാൻ ശ്രമിച്ചില്ല. മേരിപ്പെമ്പിളയുടെ ഇളയ സഹോദരി അന്നമ്മ അവരുടെ തറവാടുവീട്ടിൽ ഭർത്താവ് ഡാനിയേലും രണ്ട് മക്കളുമായി സുഖമായി കഴിയുകയായിരുന്നു. തറവാട് അന്നമ്മയ്ക്ക് കൊടുത്തത് നല്ലതായിപ്പോയി എന്ന് പില്ക്കാലത്ത് അവരുടെ അപ്പനു തോന്നിയെങ്കിൽ അതിൽ കുറ്റം പറയാനില്ലായിരുന്നു. അത്രയ്ക്ക് പുണ്യം ചെയ്ത ഒരു ജന്മമായിരുന്നു അന്നമ്മയുടേത്. ഡാനിയേലും രണ്ട് പെണ്മക്കളും അന്നമ്മക്കൊത്തവർ തന്നെയായിരുന്നു. സന്തുഷ്ടമായ കുടുംബമായിരുന്നു അവരുടേത്. മക്കൾ രണ്ട് പേരും മിടുക്കരായി പഠിച്ചു. രണ്ടുപേർക്കും നല്ല വിവാഹബന്ധവും ലഭിച്ചു. അന്നമ്മക്ക് അല്പം ഭക്തിമാർഗ്ഗത്തിലായിരുന്നു താത്പര്യം. സംസാരിക്കുമ്പോഴെല്ലാം ‘കർത്താവ് ഈശോമിശിഹാ’ എന്ന് ഉപയോഗിക്കും. പള്ളിക്കാര്യത്തിലെല്ലാം മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. കുറച്ച് ദാനധർമ്മത്തിലും വിശ്വസിച്ചിരുന്നു. “വാങ്ങുന്നതിലും മഹത്തരം കൊടുക്കുന്നതാണെന്ന് കർത്താവ് ഈശോമിശിഹ പറഞ്ഞിട്ടുണ്ട്” എന്ന് എപ്പോഴും പറയും. എപ്പോൾ പറഞ്ഞു, ആരോട് പറഞ്ഞു എന്നൊക്കെ സംശയാലുക്കൾ ചോദിക്കാറുണ്ടെങ്കിലും അതിലൊന്നും അന്നമ്മക്ക് ഒരു കൂസലുമുണ്ടായിരുന്നില്ല. പീലിപ്പോസിന്റെ പോക്കിൽ അന്നമ്മക്കും ആശങ്കയുണ്ടായിരുന്നു. പല തവണ മേരിയോട് പറഞ്ഞു നോക്കി. അതുകൊണ്ട് ഒരു ഫലവുമില്ലെന്ന് മനസ്സിലായപ്പോൾ നേരിട്ട് പീലിപ്പോസിനോടും പറയാറുണ്ടായിരുന്നു. പീലിപ്പോസിനു സ്വന്തം അമ്മയോട് ഇല്ലാത്ത ബഹുമാനം ഇളയമ്മയോടുണ്ടായിരുന്നു. എങ്കിലും മദ്യപാനം നിർത്താൻ അയാൾക്ക് കഴിഞ്ഞില്ല. അന്നമ്മയുടെ നിർദ്ദേശപ്രകാരം ഒരു ധ്യാനകേന്ദ്രത്തിലേക്ക് ഒരിക്കൽ പറഞ്ഞുവിട്ടതായിരുന്നു. എന്നാൽ, അവിടെച്ചെന്ന് മദ്യപിച്ച് ബഹളമുണ്ടാക്കി അച്ചനെ തെറി വിളിച്ചിട്ട് മടങ്ങി വന്നു. തരം കിട്ടുമ്പോഴൊക്കെ അന്നമ്മയും ഡാനിയേലും പീലിപ്പോസിനെ ആവോളം ഉപദേശിക്കാറുണ്ടായിരുന്നെങ്കിലും അയാൾ നന്നാവുമെന്ന് അവർക്ക് ഒരു വിധ പ്രതീക്ഷകളും ഉണ്ടായില്ല. മേരിച്ചേടത്തിയെ ഓർത്തായിരുന്നു അന്നമ്മക്ക് വിഷമം. മകനോട് എതിർത്ത് സംസാരിക്കാനുള്ള ധൈര്യവും ഇല്ല, പറഞ്ഞാൽ അവൻ അനുസരിക്കുകയുമില്ല. ആയിടക്ക് പീലിപ്പോസിന്റെ സസ്പെൻഷൻ പിൻവലിച്ച് ജോലിയിൽ തിരികെ ചേരാൻ കഴിഞ്ഞു. ഇനി ഒരിക്കലും മദ്യപിക്കില്ല, പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ല എന്നൊക്കെ എഴുതിക്കൊടുത്തിട്ടാണു തിരികെ എടുത്തത്. പട്ടിയുടെ വാലിന്റെ കാര്യം പറയുന്നതുപോലെ, പീലിപ്പോസ് വീണ്ടും മദ്യപിച്ചു, വഴക്കും തല്ലുമൊക്കെ ഉണ്ടാക്കിക്കൊണ്ടേയിരുന്നു. ഒരു ദിവസം ബംഗ്ളാവിലെ മാത്യുമുതലാളിയുടെ ഭാര്യ സാറാമ്മക്ക് പെട്ടെന്നൊരു നെഞ്ചുവേദന വന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ തന്നെ മരിച്ചു. ബംഗ്ളാവെന്ന് പറഞ്ഞാൽ നാട്ടിലെ ഏറ്റവും വലിയ വീട്. എല്ലാ സുഖസൗകര്യങ്ങളുമുള്ള വീട്. ആഡംബരങ്ങൾക്ക് ഒരു കുറവുമില്ലാത്ത വീട്. മാത്യു മുതലാളിയും സാറാമ്മയും ദീർഘനാൾ സിംഗപ്പൂരിലായിരുന്നു താമസം. മാത്യു എന്നാൽ മേരിപ്പെമ്പിളയുടെയും അന്നമ്മയുടെയും ഏക സഹോദരൻ. ചെറുപ്പം മുതലേ ഒരുപാട് പണം ഉണ്ടാക്കണമെന്ന മോഹം മാത്യുവിനെ സിംഗപ്പൂരിലെത്തിച്ചു. കാര്യമായി ഒന്നും പഠിച്ചിട്ടില്ല. അന്നൊക്കെ കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. സിംഗപ്പൂരിൽ കൂലിപ്പണിയായിരുന്നു എന്ന് അസൂയക്കാർ പറയും. സാമാന്യം സാമ്പത്തികഭദ്രതയുള്ള കുടുംബത്തിൽ നിന്നാണു സാറാമ്മ വന്നത്. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഒരാഴ്ചത്തേക്ക് നാട്ടിൽ വന്നാൽ സാറാമ്മയുടെ വീട്ടിലായിരുന്നു താമസം. അങ്ങനെയിരിക്കെ, അന്നമ്മയുടെ വീടിനടുത്തായി അമ്പതു സെന്റ് സ്ഥലം വാങ്ങി. ഒരു വീട് വയ്ക്കാനുള്ള തയ്യാറെടുപ്പും തുടങ്ങി. രണ്ട് വർഷങ്ങൾക്കുള്ളിൽ നാട്ടിലെ ഏറ്റവും വലിയ ഒരു വീട് തയ്യാറായി. വെഞ്ചരിപ്പ് ദിവസം നാടടച്ച് എല്ലവർക്കും സദ്യ വിളമ്പി. വന്നവർ വന്നവർ വീട്ടിനുള്ളിലെ സന്നാഹങ്ങൾ കണ്ട് മൂക്കത്ത് വിരൽ വച്ച് നിന്നതേ ഉള്ളൂ. വീട് പൂർത്തിയായി ആറുമാസങ്ങൾക്കുള്ളിൽ മാത്യുവും സാറാമ്മയും സിംഗപ്പൂർ താമസം മതിയാക്കി വന്നു. ബംഗ്ളാവിൽ സ്ഥിരതാമസമാക്കി. അവരുടെ ജീവിതരീതിയും മറ്റും നാട്ടിലുള്ളവർക്ക് അതിശയവും അത്ഭുതവും ഉണ്ടാക്കിക്കൊണ്ടേയിരുന്നു. പീലിപ്പോസിനു മാത്യുവും സാറാമ്മയും സ്വന്തം അമ്മാച്ചനും അമ്മാമ്മയും ആയിരുന്നെങ്കിലും ശാസന ഭയന്നോ അപകർഷതാബോധം കൊണ്ടോ എന്തോ, ബംഗ്ളാവിലേക്ക് പോകുവാൻ മടിയായിരുന്നു. മാത്യുവും സാറാമ്മയും ബംഗ്ളാവ് വിട്ട് പുറത്ത് ആരെയും കാണാൻ പോകാറുമില്ലായിരുന്നു. എല്ലാ സൌഭാഗ്യങ്ങൾക്കിടയിൽ ആഹ്ളാദിക്കുമ്പോഴും അവരുടെ രണ്ടുപേരുടെയും മനസ്സിലെ നീറ്റൽ അവർക്ക് താലോലിക്കാനും സ്നേഹിക്കാനും ഒരു കുഞ്ഞിനെ കിട്ടിയില്ല എന്നതായിരുന്നു. ആയിടക്ക് ഒരു ദിവസമാണു സാറാമ്മയുടെ മരണം സംഭവിക്കുന്നത്. നാട്ടുകാരെല്ലാം ഒത്തുകൂടി. അന്നമ്മയും ഡാനിയേലും എല്ലാ കാര്യങ്ങളും ചുറുചുറുക്കോടെ ചെയ്തു. പീലിപ്പോസ് ഉണ്ടായിരുന്നെങ്കിലും മദ്യത്തിന്റെ ലഹരിയിൽ അനാവശ്യമായി കണ്ടവരോടൊക്കെ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് നടന്നു. വൈദികൻ എത്തി കൂദാശയൊക്കെ നടത്തിക്കഴിഞ്ഞപ്പോഴേക്കും ശവമഞ്ചൽ എത്തി. ബംഗ്ളാവിൽനിന്നും പള്ളിയിലേക്കുള്ള ഏതാണ്ട് അര മൈൽ അന്ത്യയാത്രയിൽ നാട്ടിൽ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അധികം ആളുകൾ പങ്കെടുത്തു. എന്നാൽ ആർക്കും പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല, മാത്യുവിനൊഴികെ. ഒറ്റപ്പെടലിന്റെ ഭീകരമായ നാളുകൾ മുന്നിൽ കണ്ടിട്ടാവണം, മാത്യുവിന്റെ മുഖത്ത് ഭയാനകമായ ഒരു ശോകഭാവം കണ്ടിരുന്നു. സാറാമ്മയുടെ അവിചാരിതമായ വേർപാടിൽ വല്ലാത്ത വേദനയുണ്ടായിരുന്നു എങ്കിലും ഏഴാം ദിവസത്തിലെ ചടങ്ങുകളിൽ മാത്യു എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചു. കാര്യമായി സഹായിക്കാൻ ആകെ ഉണ്ടായിരുന്നത് അന്നമ്മയും ഭർത്താവ് ഡാനിയേലും മാത്രമായിരുന്നു. മേരിയും ചാക്കോയും ഉണ്ടായിരുന്നു എങ്കിലും ഓടി നടന്ന് കാര്യങ്ങൾ നോക്കാൻ അവരുടെ അനാരോഗ്യം സമ്മതിച്ചില്ല. എല്ലാം നോക്കി നടത്തേണ്ടയാൾ പീലിപ്പോസ് ആയിരുന്നു. എന്നാൽ അയാൾ എല്ലാവർക്കും ബാദ്ധ്യതയായി അവിടെയെല്ലാം ആടി നടന്നു. ആയിടക്ക് ഒരു സംഭവം നടന്നു. പോലീസ് സ്റ്റേഷനിൽ എത്തുന്ന പ്രതികളേയും പ്രതികളല്ലാത്തവരേയും കൂടാതെ നേരെ വരുന്ന ആരെയും തല്ലി ശീലിച്ച പീലിപ്പോസിന്റെ ആത്മാഭിമാനത്തിനേറ്റ ഏറ്റവും വലിയ ക്ഷതമായിരുന്നു അത്. പതിവുപോലെ, വൈകുന്നേരത്തെ സേവനം കഴിഞ്ഞ് മദ്യപാനി സുഹൃത്തുക്കളുമായി സല്ലപിച്ച് നാലും കൂടിയ കവലയിലെ കലുങ്കിൽ ഇരിക്കുമ്പോഴാണു ആധാരം എഴുത്തുകാരൻ ശങ്കരപ്പിള്ള ടോർച്ചിന്റെ വെളിച്ചത്തിൽ അതുവഴി കടന്നുപോയത്. പീലിപ്പോസ് ചാടിയിറങി “ആരാടാ അത്? ഏത് തെണ്ടിയാടാ ടോർച്ചടിക്കുന്നത്?” എന്ന് ചോദിച്ചുകൊണ്ട് ശങ്കരപ്പിള്ളയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. ശങ്കരപ്പിള്ളക്ക് അത് ഒരു ക്ഷീണമായിപ്പോയി. ഒന്നുമില്ലെങ്കിലും തന്നേക്കാൾ 15 വയസ്സെങ്കിലും കുറവുള്ള പീലിപ്പോസ് ‘എടാ’ എന്നും ‘തെണ്ടി’ എന്നുമൊക്കെ വിളിച്ചതും ഷർട്ടിന്റെ കോളറിൽ പിടിച്ചതും ഒക്കെ. പിന്നെയൊന്നും ആലോചിച്ചില്ല. പീലിപ്പോസിന്റെ കരണത്ത് സർവ്വശക്തിയുമെടുത്ത് ഒന്ന് പൊട്ടിച്ചു. പണ്ടേ ഗർഭിണി എന്നു പറഞ്ഞതുപോലെ മദ്യത്തിന്റെ ലഹരിയിൽ നേരേ നില്ക്കാൻ പോലും കഴിയാത്ത പീലിപ്പോസ് കുഴഞ്ഞ് നിലത്ത് വീണു. പോകുന്ന പോക്കിൽ ശങ്കരപ്പിള്ള “നിന്റെ ജോലി ഞാൻ കളയിക്കും” എന്ന് പറഞ്ഞത് പീലിപ്പോസ് കേട്ടതേ ഇല്ല. ശങ്കരപ്പിള്ള അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അയാൾ ഒരു നിമിഷം ചാക്കോയേയും മേരിയേയും പറ്റി ഓർത്തപ്പോൾ ഒരു പരാതി കൊടുക്കുന്ന കാര്യം വിട്ടുകളഞ്ഞു. എന്നാൽ പീലിപ്പോസ് വിട്ടുകളഞ്ഞില്ല. പിന്നെ പലപ്പോഴും ശങ്കരപ്പിള്ളയെ കാണുമ്പോഴൊക്കെ അയാൾ സംസ്ക്കാരമില്ലാതെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. ശുദ്ധമനസ്ക്കനും നിരുപദ്രവകാരിയുമായ ശങ്കരപ്പിള്ള അതൊക്കെ ക്ഷമിച്ചു. ആരെങ്കിലും അതേപ്പറ്റി പറഞ്ഞാൽ അയാൾ പറയും, എന്റെ മുന്നിൽ ജനിച്ചുവളർന്ന കുട്ടിയല്ലേ അവൻ. പോരാഞ്ഞ് പാവം ചാക്കോയുടെ മകനല്ലേ? പീലിപ്പോസിന്റെ മൂത്ത മകൻ ഷാജിമോൻ സ്വഭാവത്തിൽ അപ്പനേക്കാൾ ഒരുപടി മുകളിലാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. കോളേജിൽ ചേർന്ന വർഷം തന്നെ പുകവലിയും മദ്യപാനവും തുടങ്ങിയിരുന്നു. മേരിപ്പെമ്പിള അതേപ്പറ്റി പറഞ്ഞപ്പോഴൊക്കെ പീലിപ്പോസ് ‘അവനെന്റെ മോനാ’ എന്നുപറഞ്ഞ് തള്ളിയതേ ഉള്ളൂ. സാറാമ്മയുടെ മരണം മാത്യുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. അന്നമ്മയുടെ മൂത്ത മകളുടെ ഭർത്താവ് ആന്റണിയുടെ ഇടപാടിൽ ഒരു മദ്ധ്യവയസ്ക്കനായ വീട്ടുജോലിക്കാരനെ കിട്ടിയതു കാരണം ഭക്ഷണവും വീട്ടുജോലികളും എല്ലാം ഭംഗിയായി നടന്നു പോന്നു. എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒറ്റപ്പെടലിന്റെ വേദന ഒരു നീറ്റലായിരുന്നു. മേരിയും അന്നമ്മയും മിക്കവാറും ദിവസങ്ങളിൽ വരുമായിരുന്നു. കുറച്ചുനാളുകൾക്കകം ബന്ധുക്കളുടെ വരവിന്റെ ഉദ്ദേശ്യം തന്റെ കണക്കില്ലാത്ത സ്വത്ത് നേടിയെടുക്കുകയായിരുന്നു എന്ന് മാത്യുവിനു മനസ്സിലായി തുടങ്ങി. അമ്മാച്ചൻ എന്ന സ്ഥാനം ഇന്നുവരെ തരാത്ത പീലിപ്പോസ് പോലും പതിവായി വരാനും വരുമ്പോഴൊക്കെ വലിയ ബഹുമാനത്തോടെ പെരുമാറാനും തുടങ്ങി. സ്വത്തിനേപ്പറ്റി സൂചിപ്പിച്ച് ഒരുദിവസം പീലിപ്പോസ് എന്തോ സംസാരിച്ചപ്പോൾ മാത്യുവിനു ദേഷ്യമായി. “സ്വത്തൊന്നും ആർക്കും തരാനുള്ള ഉദ്ദേശ്യം എനിക്ക് തത്ക്കാലം ഇല്ല.” ഇതുകേട്ടതും പീലിപ്പോസ് ചാടിയെഴുന്നേറ്റു പറഞ്ഞു. അല്പം മദ്യം ഉള്ളിലാക്കാതെ ഒരിക്കലും അയൾ ആരോടും സംസാരിക്കാറില്ലായിരുന്നു. “പിന്നേ! എല്ലാംകൂടി പെട്ടീൽ വാരിയിട്ട് കൂടെ കൊണ്ടുപോകാനാണോ? മാത്യുവിനു ഇതു കേട്ടതും കലിയിളകി. ”ഇറങ്ങിപ്പോടാ എന്റെ വീട്ടിൽ നിന്ന്“. അഭിമാനക്ഷതം ഏറ്റ പീലിപ്പോസ് ചാടിത്തുള്ളി ഇറങ്ങിപ്പോകുമ്പോൾ ”ഞാൻ കാണിച്ചുതരാം. പീലിപ്പോസിനെ നിങ്ങൾക്ക് ശരിക്കറിയില്ല“ എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. മാത്യു തന്റെ നയം വ്യക്തമാക്കുമെന്ന് പ്രതീക്ഷിച്ച് ചാക്കോമാപ്പിളയും മേരിപ്പെമ്പിളയും കുറച്ചുസമയം കൂടി അവിടെത്തന്നെ ഇരുന്നു. മാത്യു തന്റെ മനസ്സ് തുറക്കാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കി അവർ ”പിന്നെ വരാം“ എന്നുപറഞ്ഞ് ഇറങ്ങി. പീലിപ്പോസ് അതിനുശേഷം അടങ്ങിയിരുന്നില്ല. അഭിപ്രായ സമന്വയം ഉണ്ടാക്കാനും പിന്തുണ സമാഹരിക്കാനുമായി അനുജന്മാരുടെ ഭാര്യ വീടുകളിലും ഏക സഹോദരിയെ വിവാഹം കഴിച്ചയച്ച വീട്ടിലും എല്ലാം പോയി. പോരാഞ്ഞ് ഇളയമ്മയുടെ മക്കളെ കെട്ടിച്ചയച്ച വീടുകളിലും പോയി. എല്ലാവരും ഒരുമിച്ച് കൂടി മാത്യുവിന്റെ മുകളിൽ സമ്മർദ്ദം ചെലുത്താനും മാത്യുവിനെ മാനസികമായി തളർത്താനും തീരുമാനിച്ചു. മാത്യുവിനോട് പറയാതെയും ആലോചിക്കാതെയും ഒരു ദിവസം ഉറപ്പിച്ച് എല്ലാവരും കൂടി ബംഗ്ളാവിൽ എത്തി. ഒരു കൂസലുമില്ലാതെ എല്ലാവരോടും പെരുമാറിയെങ്കിലും മാത്യു തന്റെ മനസ്സ് തുറന്നില്ല. ഉള്ളിൽ പോയി ആരോടോ ഫോണിൽ സംസാരിച്ചിട്ട് തിരിച്ചെത്തി പഴയ ഭാവത്തിൽ തന്നെ ഇരുന്നു. ആരെയോ പ്രതീക്ഷിക്കുന്നതുപോലെ ഇടക്കിടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. അന്നമ്മ ഇടക്കിടെ ‘കർത്താവ് ഈശോമിശിഹ എല്ലാർക്കും നല്ലബുദ്ധി തോന്നിക്കണേ’ എന്നുമാത്രം പറഞ്ഞുകൊണ്ടിരുന്നു. കുറച്ചുനേരത്തെ കാത്തിരുപ്പിനു ശേഷം ഒരു ടാക്സി കാറിൽ വികാരി അച്ചൻ വന്നിറങ്ങി. അച്ചനെ ആർക്കും പരിചയമില്ലായിരുന്നു. പിന്നീടാണറിഞ്ഞത്, അത് സാറാമ്മയുടെ വീടിനടുത്തുള്ള പള്ളിയിലെ അച്ചനായിരുന്നു. അച്ചൻ വന്നു കയറിയതും എല്ലാവരും ബഹുമാനത്തോടെ എഴുന്നേറ്റ് “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ” എന്നും അച്ചൻ തിരിച്ച് എല്ലാവരേയും കൈ വീശി സ്വാഗതം ചെയ്ത് പറഞ്ഞു, “ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.” വന്നിരിക്കുന്ന ബന്ധുക്കളുടെ സ്വയം പ്രഖ്യാപിത നേതാവായി പീലിപ്പോസ് എഴുന്നേറ്റു. എന്നാൽ അച്ചൻ ആംഗ്യം കാട്ടി പീലിപ്പോസിനോട് ഇരിക്കുവാൻ ആവശ്യപ്പെട്ടു. വേറൊരു പോംവഴിയുമില്ലാഞ്ഞതിനാൽ പീലിപ്പോസ് അർദ്ധ മനസ്സോടെ ഇരുന്നു. അച്ചൻ പറഞ്ഞു, “എല്ലാവരുടേയും അറിവിലേക്കായി ഞാൻ പറയുന്നു. മാത്യുവിന്റെ സ്വത്തുക്കൾ അയാൾ സ്വന്തമായി സമ്പാദിച്ചതാണെന്ന് എല്ലാവർക്കും അറിയാമല്ലോ? അതുകൊണ്ടുതന്നെ ആ സ്വത്തിന്മേൽ അയാൾക്കാണു പൂർണ്ണമായ അധികാരം. അതിലാർക്കും ഒരു സംശയമില്ലല്ലോ? അപ്പോൾ പിന്നെ ഇങ്ങനെ ഒരു ആൾക്കൂട്ടത്തിന്റെ അർത്ഥമെന്താ? നിങ്ങൾ മാത്യുവിനെ കാണാനും അയാളുടെ സുഖവിവരങ്ങൾ അന്വേഷിക്കാനും വന്നതാണെങ്കിൽ എനിക്കൊന്നും പറയാനില്ല.” അച്ചന്റെ പ്രസംഗം കേട്ടിട്ട് പീലിപ്പോസിന്റെ പെരുവിരൽ മുതൽ മുകളിലേക്ക് കലിപ്പ് കയറി. എന്നിട്ടും ഒന്നും പറയാതെ ക്ഷമയോടെ ഇരുന്നു. പെട്ടെന്ന് അന്നമ്മ പറഞ്ഞു, “വെറും അനാവശ്യമായ ഒരു പരിപാടിയായിപ്പോയി. കർത്താവ് ഈശോമിശിഹാ തമ്പുരാൻ എല്ലാവർക്കും നല്ല ബുദ്ധി തോന്നിക്കട്ടെ”. ഇപ്പോൾ പെരുവിരലിൽ നിന്ന് മുകളിലേക്ക് കയറിയ കലിപ്പ് പീലിപ്പോസിന്റെ തലച്ചോറിൽ പ്രവർത്തനം തുടങ്ങി. മദ്യം ഉള്ളിലുണ്ടെങ്കിലും നാക്ക് കുഴയാതെ, ശരീരം ഉലയാതെ പീലിപ്പോസ് പറഞ്ഞു, “അമ്മാമ്മ മരിച്ചുപോയി. മാത്യൂച്ചായനാണെങ്കിൽ സന്തതികളായി ആരുമില്ല. പിന്നെ, ഇതെല്ലാം കൂടി അമ്മാമ്മയുടെ കുടുംബത്തിലേക്ക് കൊടുക്കുമോ? അതോ, ഇതെല്ലാംകൂടി ശവപ്പെട്ടിയിലിട്ട് കൂടെ കൊണ്ടുപോകുമോ? അല്ല പിന്നെ..” മാത്യു അവസാനം സഹികെട്ട് പറഞ്ഞു, “എനിക്കിഷ്ടമുള്ളതുപോലെ ചെയ്യുമെടാ. എന്നാലും നീയൊന്നും ഇതിലെന്തെങ്കിലും കിട്ടുമെന്ന് വിചാരിച്ച് കനവുകണ്ടിരിക്കണ്ട. എല്ലാവരും കേട്ടല്ലോ?” കോടതിയിൽ വിധി പറയുന്ന ജഡ്ജിയുടെ നിർവ്വികാരതയോടെ മാത്യു പറഞ്ഞ് നിർത്തി. പീലിപ്പോസിന്റെ സ്വതവേ ചുവന്ന കണ്ണുകൾ വീണ്ടും ചുവന്ന് കലങ്ങി. ശരീരമാസകലം വിറച്ചു. ഉണ്ടായ ദേഷ്യം ഒട്ടും കുറയ്ക്കാതെ വെടി പൊട്ടുന്ന ഒച്ചയിൽ പറഞ്ഞു, “ഒന്നിനേം ഞാൻ വച്ചേക്കില്ല. കൊന്നുകളയും.” മാത്യുവിന്റെ ദേഷ്യം പ്രകടമായി. ഈ രംഗങ്ങൾക്ക് ഒരു അവസാനം വേണമെന്ന് അയാൾക്ക് തോന്നി. അയാൾ സഹോദരിയെ നോക്കിപ്പറഞു, “മേരിപ്പെണ്ണേ, ഇവനെ വിളിച്ചുകൊണ്ടുപോ.” മേരിപ്പെമ്പിള നിസ്സഹായയായി പീലിപ്പോസിന്റെ മുഖത്തേക്ക് നോക്കിനിന്നതല്ലാതെ അയാളോട് ഒന്നും പറയാനുള്ള ധൈര്യം വന്നില്ല. ചാക്കോമാപ്പിള ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ നിലത്തേക്ക് നോക്കിയിരുന്നു. പീലിപ്പോസ് ഇറങ്ങി അടുക്കള ഭാഗത്തേക്ക് പോയി. മടങ്ങിവന്നത് കയ്യിൽ ഒരു വലിയ വെട്ടുകത്തിയുമായിട്ടായിരുന്നു. വിറച്ചു തുള്ളുകയായിരുന്നു അയാൾ. എല്ലാവരുടേയും കണ്ണുകൾ പീലിപ്പോസിന്റെ നേർക്ക് കേന്ദ്രീകരിച്ചു. എല്ലാവരും ശ്രദ്ധിച്ചിരിക്കുമ്പോഴും പീലിപ്പോസ് പെട്ടെന്ന് ഉയർത്തിയ കയ്യിൽ വെട്ടുകത്തിയുമായി മാത്യുവിന്റെ ഭാഗത്തേക്ക് ശീഘ്രം നടന്നു. ആർക്കും ഒന്നും ശബ്ദിക്കാനോ, പ്രതികരിക്കാനോ കഴിഞ്ഞില്ല. മാത്യുവിന്റെ അടുത്തെത്തി കഴുത്ത് ലക്ഷ്യമാക്കി വെട്ടാൻ കൈ ഉയർത്തിയതും, ഒരു കൊടുങ്കാറ്റ് കണക്കെ അന്നാമ്മ പാഞ്ഞുവന്ന് ഇടയ്ക്കു കയറിയതും അന്നാമ്മയുടെ ഇടതുകയ്യിൽ മുട്ടിനു മുകളിലായി വെട്ടേറ്റതും ഒരുമിച്ചായിരുന്നു. മാത്യുവിന്റെ കഴുത്തിൽ മുറിവു കാണാഞ്ഞപ്പോൾ അയാൾ വെട്ടുകത്തി ഉയർത്തിനോക്കി. അതിൽനിന്ന് രക്തം വാർന്നൊലിക്കുന്നു. എന്താണു സംഭവിച്ചതെന്ന് മനസ്സിലാകാതെ വെട്ടുകത്തി പിടിച്ചിരുന്ന കൈ താഴ്ത്തി. ചുറ്റിനും കൂടിയ ആളുകളുടെ ഉറക്കെയുള്ള കരച്ചിലിനിടെ അന്നാമ്മയുടെ ദീനരോദനം അയാൾ കേട്ടില്ല. വെട്ടുകത്തി മുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ട് അയാൾ റോഡിലിറങ്ങി പടിഞ്ഞാറുഭാഗത്തേക്ക് വേച്ചു വേച്ചു നടന്നു. ഡാനിയേലും ചാക്കോയും കൂടി അന്നാമ്മയെ താങ്ങിയെടുത്തപ്പോൾ മുട്ടിനു മുകളിൽ വച്ച് മുറിഞ്ഞ് തൂങ്ങിക്കിടന്ന കൈ മാത്യു പിടിച്ചിരുന്നു. പോർച്ചിൽ നിന്ന് ഡ്രൈവർ ഇറക്കിയ കാറിലേക്ക് അന്നാമ്മയെ കയറ്റി എല്ലാവരും കൂടി ആശുപത്രി ലക്ഷ്യമാക്കി യാത്രയായി. രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം ഇടത് കൈ മുട്ടിനു മുകളിൽ വച്ച് മുറിച്ചുമാറ്റിയ സ്ഥിതിയിൽ അന്നാമ്മ വീട്ടിലെത്തി. പിന്നെ നടന്ന സംഭവങ്ങൾ - പീലിപ്പോസിനെ ഉടനെ തന്നെ സസ്പെൻഡ് ചെയ്തു. കേസ് വിചാരണ തുടങ്ങിയപ്പോഴേക്ക് പീലിപ്പോസിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിചാരണക്ക് ശേഷം കൊലപാതകശ്രമത്തിന്റെ പേരിൽ ഏഴുവർഷത്തെ തടവുശിക്ഷ കിട്ടി. സംഭവത്തിനുശേഷം മാത്യു വീടുവിട്ട് പുറത്തിറങ്ങിയിട്ടേ ഇല്ല. പീലിപ്പോസിന്റെ ശിക്ഷ അറിയുന്നതിനു മുമ്പു തന്നെ മാത്യു ഇഹലോകവാസം വെടിഞ്ഞു. എന്നാൽ അതിനു മുമ്പു തന്നെ തന്റെ വീടും സ്ഥലവും ഉൾപ്പെടെ എല്ലാ സ്വത്തുക്കളും നാട്ടിലെ പള്ളിക്ക് കാലശേഷം എഴുതി വില്പത്രം രജിസ്റ്റർ ചെയ്തു. തന്റെ ബാങ്ക് അക്കൗണ്ടിലെ നീക്കിയിരുപ്പായ 25 ലക്ഷം രൂപ അന്നാമ്മയുടെ പേരിലാക്കി. മത്സരങ്ങളിൽ പ്രോത്സാഹനസമ്മാനം കൊടുക്കുമ്പോലെ, 10 ലക്ഷം രൂപാ മേരിക്കും കൊടുത്തു. പീലിപ്പോസിന്റെ കേസ് നടന്നിരുന്ന കോടതിയിൽ തന്നെ അയാളുടെ മൂത്ത മകൻ ഷാജിമോന്റെയും കേസ് വിചാരണക്കെത്തി. കൈ വെട്ട് സംഭവം നടക്കുന്ന സമയത്ത് ഷാജിമോനെ പെൺ വാണിഭസംഘത്തിൽ പെട്ടതിനു അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. അടിക്കുറിപ്പ്: ഈ കഥയും ഇതിലെ കഥാപാത്രങ്ങളും കഥാകൃത്തിന്റെ ഭാവനയിൽ നിന്നുദിച്ചതാണു. മദ്ധ്യതിരുവിതാംകൂറിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ ജീവിച്ചിരുന്നതോ ജീവിക്കുന്നതോ ആയ വ്യക്തികളുമായി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് തികച്ചും യാദൃഛികം മാത്രമായിരിക്കും.

അഭിപ്രായങ്ങള്‍