സമാന്തര പാതകൾ
സമാന്തര പാതകൾ
.............. എ. മുരളീധരൻ
കാബിന്റെ ഡോറിൽ മുട്ടിയതും അകത്തേയ്ക്ക് തുറന്നതും ഇതു പറഞ്ഞതും ഒരുമിച്ചായിരുന്നു. ഏതാണ്ട് 55 - 60 വയസ്സ് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. വൈകുന്നേരം ജോലികളൊക്കെ തീർത്ത് പെട്ടെന്ന് വീട്ടിലേക്ക് പോകാമെന്ന് കരുതിയിരിക്കുകയായിരുന്നു.
“ഹായ്. ഐ ആം രാജലക്ഷ്മി”
ഞാൻ ആ സ്ത്രീയെ ഒന്നു വിസ്തരിച്ച് നോക്കി. കാഞ്ചീപുരം പട്ടുസാരി ഉടുത്ത്, നെറ്റിയിൽ ചന്ദനവും കുങ്കുമവും ചേർത്ത് വട്ടത്തിൽ ഒരു കുറി. മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി. എവിടെയോ കണ്ട് മറന്നത് പോലെയുള്ള മുഖം.
അപ്പോഴാണവർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ദിവസം വിളിച്ച കാര്യം ഓർമ്മ വന്നത്. പേരു മാത്രമേ പറഞ്ഞുള്ളൂ. അല്ലാതെ, ആരാണെന്നോ എന്തിനു വിളിച്ചെന്നോ ഒന്നും പറഞ്ഞില്ല. ആകെ പറഞ്ഞത് ഒന്ന് കാണണമെന്നും അന്ന് കാണുമ്പോൾ എല്ലാം പറയാമെന്നും മാത്രം.
പെട്ടെന്ന് പരിസരബോധം വന്നതുപോലെ പറഞ്ഞു: “ഓ! ഹായ്. പ്ലീസ് ടേക്ക് യോർ സീറ്റ്.”
മുന്നിലെ കസേരയിൽ അവർ ഇരുന്നു. “താങ്ക്സ്.”
“വാട്ട് ക്യാൻ ഐ ഡു ഫോർ യൂ മാം?”
“ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിളിച്ചിരുന്നു. ഓർക്കുന്നോ?”, അവർ ചോദിച്ചു. ഞാൻ തന്നെ സംഭാഷണം തുടങ്ങണമെന്ന് അവർ ആഗ്രഹിച്ചതു പോലെ തോന്നി. പക്ഷേ ആദ്യമായിട്ട് കാണുന്ന ഒരാളോട് എന്ത് പറയും? എന്തിനാണവർ എന്നെ കാണാൻ വന്നത്? അവർക്കെന്നെ എങ്ങിനെയാണു പരിചയം? ഈ ചോദ്യങ്ങളൊക്കെ എന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നുവെങ്കിലും ഞാൻ ചോദിച്ചു,
“എനിക്ക് മനസ്സിലായില്ല. വിളിച്ചിരുന്നത് ഓർമ്മയുണ്ട്. കൂടുതൽ കാര്യങ്ങൾ കാണുമ്പോൾ പറയാം. എന്നല്ലേ വിളിച്ചപ്പോൾ പറഞ്ഞത്“
” എങ്ങനെ തുടങ്ങണമെന്നറിയില്ല. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ, ദേവനെന്നെ ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. അതാണെന്നെ വിഷമിപ്പിക്കുന്നത്“
ഒരു ഞെട്ടലോടെയാണത് ഞാൻ കേട്ടത്. എന്റെ കുടുംബത്തിലെ വളരെ അടുപ്പമുള്ള ആളുകൾ മാത്രമേ എന്നെ ”ദേവൻ“ എന്ന് വിളിക്കാറുള്ളൂ. ബാക്കിയുള്ളവർ ഒന്നുകിൽ” ദേവനാരായണൻ “എന്ന മുഴുവൻ പേരോ അല്ലങ്കിൽ” മിസ്റ്റർ നായർ “എന്നോ “നായർ സർ” എന്നോ വിളിക്കും.
ഞാൻ ഓർക്കാൻ ശ്രമിച്ചു നോക്കി. ഇങ്ങനെയൊരു പേരോ, രൂപമോ ഓർമ്മയിലേക്ക് വരുന്നില്ല. വലിയ ഒരു ക്ഷമാപണത്തിന്റെ ഭാവം മുഖത്തു വരുത്തി ഞാനൊന്ന് പുഞ്ചിരിച്ചു. എന്റെ മുഖത്തെ ഇളിഭ്യത മനസ്സിലാക്കി അവർ പറഞ്ഞു,
“ഞാൻ പ്രൊഫസ്സർ വൈദ്യനാഥന്റെ മകൾ രാജലക്ഷ്മി. നിങ്ങളുടെ വൈത്തിസാറിന്റെ”.
ഇടിവെട്ടേറ്റതുപോലെ അസ്ത്രപ്രജ്ഞനായി ഞാൻ ഇരുന്നു പോയി. ഞങ്ങളുടെ പ്രിയങ്കരനായ വൈത്തിസാറിന്റെ മകൾ! പെട്ടെന്ന് ഞാൻ നാല്പതോളം വർഷങ്ങൾക്ക് മുമ്പത്തെ എന്റെ കോളേജ്കാലത്തേക്ക് പോയി. ഓർമ്മകൾ വലിച്ചുകൊണ്ട് പോയ എന്നെ രാജലക്ഷ്മിയുടെ ശബ്ദം തിരികെ വലിച്ചു കൊണ്ടുവന്നു.
“അതോ വൈത്തിസാറിനെയും ഓർക്കുന്നില്ലേ?” വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ട് രാജലക്ഷ്മിയുടെ ചോദ്യം ഉയർന്നു.
“എല്ലാം എനിക്കോർമ്മയുണ്ട്. കുറെയധികം സംസാരിക്കാനുണ്ടെന്നല്ലേ പറഞ്ഞത്? നമുക്ക് പുറത്തെവിടെയെങ്കിലും പോയിരുന്നാലോ? അല്ലെങ്കിൽ എന്റെ വീട്ടിലേക്ക് പോകാം.”
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴാണോർത്തത്, രാജലക്ഷ്മിയുടെ കാര്യം ഒന്നും ചോദിച്ചില്ലല്ലൊ എന്ന്.
“രാജലക്ഷ്മി എവിടെയാ താമസിക്കുന്നത്?”
“ഞാൻ കുറച്ച് ദൂരെയാ താമസിക്കുന്നത്. ദേവനെക്കാണാൻ വേണ്ടി മാത്രമാണിവിടെ വന്നത്. ഇവിടെ എനിക്ക് പരിചയക്കാരും ബന്ധുക്കളും ഒന്നുമില്ല. ആകെയുള്ളത് ദേവൻ മാത്രം.”
“അപ്പോൾ ഇനി വേറൊന്നും ആലോചിക്കാനില്ല. എന്റെ വീട്ടിലേക്കു തന്നെ പോകാം. എന്റെ ഭാര്യ മാത്രമേ വീട്ടിലുള്ളൂ. എല്ലാം വിശദമായിട്ട് സംസാരിക്കാം.”
രാജലക്ഷ്മിയുടെ മറുപടി ഒരു ചെറു പുഞ്ചിരിയും ചെറിയ തല കുലുക്കവും മാത്രം.
******************
വീട്ടിലെത്തി. സുജാത വന്ന് കതക് തുറന്നപ്പോൾ അവൾ ഏതോ അത്ഭുതജീവിയെ കണ്ടതുപോലെ രാജലക്ഷ്മിയെ നോക്കിക്കൊണ്ട് നിന്നു. അവളുടെ മനസ്സിലെ അപ്പോഴത്തെ ചോദ്യങ്ങൾക്കെല്ലാം മറുപടിയായി ഞാൻ പറഞ്ഞു:
“സുജാതാ, ഇത് രാജലക്ഷ്മി. എന്റെ പഴയ പ്രൊഫസ്സറുടെ മകൾ. ആദ്യം രാജ്യലക്ഷ്മി ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ട് വരട്ടെ. പിന്നെ സംസാരിക്കാം. താൻ മുറി കാണിച്ചുകൊടുക്ക്.”
രാജലക്ഷ്മിയോട് പ്രത്യേകിച്ച് ഒന്നും പറയേണ്ടി വന്നില്ലല്ലോ എന്നു ആശ്വസിച്ച് ഞാനും ഫ്രഷ് ആകാൻ ഉള്ളിലേക്ക് പോയി.
പെട്ടെന്ന് ചന്തുവിനെ ഓർമ്മ വന്നു. അല്ലെങ്കിലും രാജലക്ഷ്മിയെ കണ്ടിട്ട് ചന്തുവിനെ ഓർക്കാതിരിക്കാൻ വയ്യല്ലോ!
ചന്തു എന്ന് ഞാനും പല സുഹൃത്തുക്കളും വൈത്തിസാറും, കൂടാതെ രാജലക്ഷ്മിയും വിളിച്ചിരുന്ന ചന്ദ്രശേഖരൻ. എന്റെ കോളേജ്മേറ്റും സുഹൃത്തും, പോരാതെ ബന്ധുവും. എന്ത് ബന്ധമാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ബന്ധത്തിനപ്പുറം നല്ല ഒരു സുഹൃത്ത്. എന്നാൽ ആ സുഹൃത്തിനെ ജീവിതത്തിലെ പലവിധ തിരക്കുകളിലും ജോലിസംബന്ധമായ യാത്രകളിലും പെട്ട് ഒരിക്കലും അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നോർത്ത് ഇപ്പോൾ ചെറിയ വിഷമവും ചമ്മലും ഇല്ലാതില്ല. ഡിഗ്രി കഴിഞ്ഞ് ഞാൻ വടക്കേ ഇന്ത്യയിൽ പി.ജി കോഴ്സ് ചെയ്യാൻ പോയി, അവിടെത്തന്നെ ജോലിയിൽ പ്രവേശിച്ചത് കാരണം നാടുമായോ, പഴയ സുഹൃത്തുക്കളുമായോ ഒന്നും ബന്ധപ്പെടാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കുശേഷം നാട്ടിൽ മടങ്ങിയെത്തിയിട്ട് പലരേയും അന്വേഷിച്ചു. കുറച്ചുപേരെ കണ്ടുപിടിച്ചു. യഥാർത്ഥത്തിൽ ചന്തുവിനെ മറന്നു എന്നു തന്നെ പറയാം. രാജലക്ഷ്മിയോട് എന്തുപറയുമെന്ന് ഓർത്ത് ഒരു ചെറിയ വിഷമവും തോന്നി. എന്തായാലും സംസാരിക്കട്ടെ. എന്താണു സംസാരിക്കാനുള്ളതെന്നറിയട്ടെ. എന്നിട്ടാകാം.
രാജലക്ഷ്മി ഫ്രഷ് ആയി വന്നതോടൊപ്പം സുജാത വന്ന് ചായ കുടിക്കാൻ വിളിച്ചു. ചായയ്ക്ക് എന്തൊക്കെയോ വിഭവങ്ങൾ ഉണ്ടായിരുന്നു. ചായ കഴിക്കുന്നതിനിടയിൽ രാജലക്ഷ്മി പൊടുന്നനെ സുജാതയെ കൂടുതൽ പരിചയപ്പെടാൻ വേണ്ടി സംസാരിക്കാൻ തുടങ്ങി:
“സുജാതക്ക് എന്നെ പരിചയമില്ലല്ലോ?”
സുജാത ഇടക്ക് കയറി പറഞ്ഞു, “വൈത്തിസാറിന്റെ മകളല്ലേ? സാറിനെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. അതിൽ കൂടുതൽ എനിക്കൊന്നും അറിയില്ല.”
“ക്ഷമിക്കണം രാജലക്ഷ്മി. ഞാൻ ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണല്ലോ സാർ മരിക്കുന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ ഞങ്ങൾ എല്ലാവരും വീട്ടിൽ വന്നിരുന്നു. പിന്നെ രാജലക്ഷ്മിയെ കോളേജിൽ അധികമൊന്നും കണ്ടിട്ടില്ല. ഡിഗ്രി കഴിഞ്ഞ് ഞാൻ വടക്കേ ഇന്ത്യയിലേക്ക് പോയി. ഒന്നും പിന്നീട് അന്വേഷിക്കാൻ കഴിഞ്ഞില്ല.”
ചന്തുവിന്റെ പേരെടുത്ത് പറയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് രാജലക്ഷ്മി പറഞ്ഞു,
“സാരമില്ല ദേവൻ. നാം തമ്മിൽ അങ്ങനെ വലിയ ബന്ധമൊന്നുമുണ്ടായിരുന്നെല്ലല്ലോ, ചന്തുവിന്റെ സുഹൃത്തെന്നതല്ലാതെ.”
രാജലക്ഷ്മി എന്നെയും സുജാതയേയും മാറി മാറി നോക്കി. എന്റെ മുഖത്ത് ഒരു വല്ലാത്ത ഇളിഭ്യതയും സുജാതയുടെ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരിയുമായിരുന്നു അപ്പോൾ. ചന്തുവിന്റെ കാര്യവും ഒന്നും അന്വേഷിച്ചിരുന്നില്ല എന്ന കാര്യം എങ്ങനെ അവതരിപ്പിക്കും എന്ന് ഞാൻ ആലോചിച്ചിരിക്കുന്നതിനിടെ വീണ്ടും രാജലക്ഷ്മി തന്നെ പറയാൻ തുടങ്ങി.
“അപ്പാവിന്റെ മരണശേഷം എന്റെ കോളേജ് പഠനം ഒരു വർഷത്തേക്ക് മുടങ്ങി. എല്ലാം അപ്പാ തന്നെ ചെയ്തിരുന്നു. അമ്മാവിനൊന്നുമേ അറിയില്ലായിരുന്നു. അമ്മാവിനെയും അനിയനേയും അതിനപ്പുറം വീടിനേയും മാനേജ് ചെയ്യാൻ ഞാൻ പഠിച്ചു തുടങ്ങി. ഒരു വർഷം കഴിഞ്ഞ് കോളേജിൽ പോകാൻ തുടങ്ങി.
വീട്ടുടമസ്ഥൻ നല്ല മനുഷ്യനായിരുന്നു. അപ്പാ മരിച്ച് ഒരു വർഷത്തേക്ക് വാടക വാങ്ങിയില്ല. അപ്പായ്ക്ക് വലിയ സമ്പാദ്യം ഒന്നുമുണ്ടായിരുന്നില്ല.
എല്ലാറ്റിനുമുപരി, എനിക്ക് ധൈര്യം തന്നത് ചന്തുവായിരുന്നു. ആഴ്ചയിൽ ഒരു തവണയെങ്കിലും അവൻ വന്നിരുന്നു. ദേവനൊപ്പം റ്റ്യൂഷൻ പഠിക്കാൻ വന്നിരുന്നതിൽ ഒരാൾ കൂടി ഇടക്കിടക്ക് വന്ന് എല്ലാം അന്വേഷിച്ച് പോയിരുന്നു.
കേട്ടോ സുജാതേ, ഞാനിപ്പറയുന്ന ചന്തു ദേവന്റെ സുഹൃത്തായിരുന്നു. ബന്ധുവും ആണെന്ന് അവൻ പറഞ്ഞിരുന്നു. കോളേജിലെ ക്ളാസ് കഴിഞ്ഞാൽ ട്യൂഷൻ പഠിക്കാൻ എല്ലാവരും വീട്ടിലെത്തുമായിരുന്നു. അങ്ങനെയാണല്ലോ ചന്തുവിനെ കണ്ടതും ഇഷ്ടപ്പെട്ടതും.
അവൻ ഡിഗ്രി കഴിഞ്ഞ് പി.ജി ചെയ്യാൻ തിരുവനന്തപുരത്ത് പോയി. അവധിക്ക് വരുമ്പോൾ എന്നെ കാണാൻ വരുമായിരുന്നു. ഞങ്ങൾ അന്നും വാടകവീട്ടിൽ തന്നെയായിരുന്നു താമസം. അപ്പായ്ക്ക് ജീവിച്ചിരുന്നപ്പോൾ ഒരു വീട് വയ്ക്കാൻ കഴിഞ്ഞില്ല. ബന്ധുക്കൾ എല്ലാവരും പാലക്കാട്ടായിരുന്നു. ഞാൻ ഡിഗ്രി കഴിഞ്ഞപ്പോൾ അനിയനെ കോളേജിൽ ചേർക്കേണ്ട സമയമായി.
ഒരു ജോലിക്കുവേണ്ടി ഞാൻ ശ്രമിക്കാൻ തുടങ്ങി. അത്യാവശ്യമായിരുന്നു. ടൌണിലെ ഒരു സ്ഥാപനത്തിൽ തല്ക്കാലത്തേക്ക് ഒരു ജോലി വീട്ടുടമസ്തൻ തന്നെ ശരിയാക്കി തന്നു. പിന്നെ അപ്പാവുടെ അനുഗ്രഹവും പൈതൃകമായി കിട്ടിയ കഴിവും കാരണം മാത്ത്സ് ട്യൂഷനും തുടങ്ങി. അങ്ങനെ വീട്ടിലേക്കാവശ്യമായ വരുമാനം കിട്ടിത്തുടങ്ങി.. അതോടൊപ്പം ഞാൻ പ്രൈവറ്റായി പി.ജി. കോഴ്സിനു ചേർന്നു. അതും പൂർത്തിയായപ്പോൾ നല്ല ഒരു ജോലി കിട്ടി.“
അല്പം നിർത്തിയിട്ട് രാജലക്ഷ്മി വീണ്ടും സംസാരിച്ചു.
“ദേവനും സുജാതക്കും ബോറടിക്കാൻ തുടങ്ങിയോ”
““ഏയ്, പറഞ്ഞോളൂ. കുറേ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നല്ലേ പറഞ്ഞത്”
“അപ്പോഴും ചന്തു എന്നെ കാണാൻ വരുന്നുണ്ടായിരുന്നു. അവനും നല്ല ജോലിയൊക്കെ കിട്ടി. അല്ലെങ്കിൽ തന്നെ അവരൊക്കെ സാമ്പത്തികമായി വളരെ നല്ല നിലയിലായിരുന്നു.
ഒരു ദിവസം അവനെന്നെ പ്രൊപ്പോസ് ചെയ്തു. ഞാൻ തരിച്ചിരുന്നു പോയി. എന്റെ അനിയൻ എങ്ങുമെങ്ങും എത്തിയില്ല. അമ്മയ്ക്കാണെങ്കിൽ പല പല അസുഖങ്ങളും. എന്റെ ശമ്പളം കൊണ്ട് കഷ്ടിച്ച് കഴിഞ്ഞു പോകുന്നു.
അതുകൊണ്ട് ഒരു വിവാഹജീവിതത്തെപ്പറ്റി ആലോചിക്കാനേ കഴിയില്ല എന്ന് അവനോട് പറയേണ്ടിവന്നു.”
അവൻ ഒന്നും ഉരിയാടാതെ ഇറങ്ങിപ്പോയി. അതിനുശേഷം അവന്റെ വരവ് കുറഞ്ഞു. ഞാനും വീട്ടിലെ തിരക്കുകളിൽ പെട്ട് അവനെ അന്വേഷിച്ചില്ല.
അനിയന്റെ പഠനം കഴിഞ്ഞു. ജോലിയായി. ജോലിസ്ഥലത്തായിരുന്നു താമസം.
ആയിടയ്ക്ക് അമ്മ നിശ്ശേഷം കിടപ്പായി. വീട്ടിലെ കാര്യങ്ങളും ജോലിയും എല്ലാം കൂടി ഞാൻ ഒരുവിധം തകർന്ന മട്ടായി. കുറേ നാളുകൾ കിടക്കയിൽ തന്നെ കിടന്നിട്ട് അമ്മ എന്നേ വിട്ടുപോയി.
അമ്മയുടെ മരണം കഴിഞ്ഞ് ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ അനിയൻ ഒരു പെൺകുട്ടിയുമായി വീട്ടിൽ വന്നു. കൂടെ ജോലി ചെയ്യുന്ന കുട്ടി. ഞാൻ നിസ്സംഗതയോടെ കേട്ടുനിന്നു, അവരുടെ വിവഹം കഴിഞ്ഞു എന്ന് പറഞ്ഞിട്ടു പോലും.
ജീവിതത്തിൽ ഒറ്റപ്പെടലിന്റെ അനുഭവം ആദ്യമായി അറിഞ്ഞു. ലക്ഷ്യം അറിയാതെ വലഞ്ഞു. ആകെ ഒരു തരിപ്പ്, മനസ്സിനും ശരീരത്തിനും. വർഷങ്ങൾക്കു ശേഷം ചന്തുവിനെ കാണണമെന്നുള്ള മോഹം അതിതീവ്രമായി ഉള്ളിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു.
ഞാൻ അപ്പോൾ ആലോചിച്ചു, എനിക്ക് വയസ്സ് നാല്പത് അടുത്തു. ചന്തുവിനും നാല്പതു കഴിഞ്ഞിട്ടുണ്ടാവും. അവൻ ഇപ്പോൾ വിവാഹിതനായിരിക്കുമോ? കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി അവൻ വിളിച്ചിട്ടില്ല, കാണാനും വന്നിട്ടില്ല. ഫോൺ നമ്പർ മാറിയിട്ടുണ്ടാവുമോ? എവിടെയായിരിക്കും? ആകെ ഒരു വിഭ്രാന്തി!
കൈവശമുള്ള നമ്പരിൽ വിളിച്ചിട്ട് കിട്ടിയില്ല. അവൻ ജോലി ചെയ്തിരുന്ന ബാങ്കിന്റെ അടുത്തുള്ള ശാഖയിൽ പോയി അന്വേഷിച്ചു. അപ്പോൾ മനസ്സിലായി അവൻ അഞ്ച് വർഷങ്ങൾക്കുമുമ്പ് സ്വമേധയാ ട്രാൻസ്ഫർ വാങ്ങി പഞ്ചാബിലേക്ക് പോയെന്ന്.
എന്റെ മനസ്സിനും ശരീരത്തിനും ഉണ്ടായ തളർച്ചയിൽ എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞു. ആദ്യം ചെയ്തത് താമസിച്ചിരുന്ന വീടൊഴിഞ്ഞു. ജോലിസ്ഥലത്തിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിൽ താമസം തുടങ്ങി.
എന്തിനുവേണ്ടിയാണീ വീട്? ആർക്കുവേണ്ടിയാണീ വീട്? കഴിഞ്ഞ എത്രയോ വർഷങ്ങളായി എന്റെ ഈ ജീവിതം കൊണ്ട് ആർക്കെന്ത് നേട്ടം? എല്ലാ സന്തോഷങ്ങളും ത്യജിച്ച് എന്റെ എല്ലാമെല്ലാമായ ചന്തുവിനെ അവഗണിച്ച് ജീവിച്ചിട്ട് ഞാനെവിടെയെത്തി?
ചന്തുവിനെ അഞ്ച് വർഷങ്ങളോളം ഞാൻ അവഗണിച്ചു എന്ന് പറഞ്ഞാൽ അത് ശരിയായിരുന്നോ? അല്ല. എനിക്കതിനു കഴിയുമായിരുന്നോ? എന്റെ ഹൃദയത്തിന്റെ ഒരു ഭാഗത്തെ അങ്ങനെ പറിച്ചെറിയാൻ കഴിയുമായിരുന്നോ? ഒരു പക്ഷേ, ചന്തു അങ്ങനെ കരുതിയിട്ടുണ്ടാവുമോ? ഞാൻ അവനെ അവഗണിക്കുന്നു എന്ന് അവനു തോന്നിയിരുന്നോ? അതാണോ അവൻ ട്രാൻസ്ഫർ വാങ്ങി ദൂരേക്ക് പോയത്? അവനെന്നിൽ നിന്ന് ദൂരെപ്പോകാൻ കഴിയുമായിരുന്നോ? അതൊക്കെ എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങളായിരുന്നു. ജോലി കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയാൽ പിന്നെ അവനെപ്പറ്റിയുള്ള ചിന്തകൾ മാത്രമായി. എന്റെ ജീവിതത്തിൽ അവനിത്രമാത്രം പ്രസക്തി ഉണ്ടായിരുന്നു എന്ന് ഞാൻ ആദ്യമായി അറിഞ്ഞു.
പിന്നെ, ഞാൻ ഒരു മാരത്തോൺ സേർച്ചിലായിരുന്നു, എന്റെ ചന്തുവിനു വേണ്ടി. ആദ്യമായി അവന്റെ വീട് അന്വേഷിച്ച് കണ്ടുപിടിക്കാനുള്ള ശ്രമമായിരുന്നു. അഞ്ചോ ആറോ കിലോമീറ്റർ ദൂരെയുള്ള ഒരു ചെറിയ ഗ്രാമത്തിലായിരുന്നു. അച്ഛന്റെയും അമ്മയുടെയും പേരുകൾ അവൻ പറഞ്ഞിരുന്നു. പക്ഷേ, ഒന്നും ഓർമ്മയില്ലായിരുന്നു. എങ്കിലും ഒരു വിധത്തിൽ ആ ഗ്രാമത്തിലെത്തി, വീട് കണ്ടുപിടിച്ചു. അച്ഛനും അമ്മയും മരിച്ചുപോയിരുന്നു. ഇളയ സഹോദരൻ വീട്ടിലുണ്ടായിരുന്നു. കഥകളെല്ലാം പറഞ്ഞു.
പഞ്ചാബിലേക്ക് ട്രാൻസ്ഫർ വാങ്ങി ഏഴ് വർഷങ്ങളായിട്ട് വീട്ടിൽ വന്നിട്ടില്ല. അച്ഛന്റെ പേർക്ക് മാസത്തിൽ ഒരിക്കൽ ഒരു കത്തു മാത്രം വരും. അഛനും അമ്മയും മരിച്ചതിനു ശേഷം അതുമില്ല. ഒരു വേദനിപ്പിക്കുന്ന കാര്യം കൂടി അറിഞ്ഞു. കേട്ടപ്പോൾ ഞാൻ തകർന്നുപോയി.
ഞാനുമായുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തു. അവൻ വാശി പിടിച്ചപ്പോൾ അച്ഛൻ ആത്മഹത്യാഭീഷണി മുഴക്കി. അതോടെ അവൻ വീട്ടിൽ ഒറ്റപ്പെട്ടവനേപ്പോലെയായി. ആഴ്ചതോറുമുള്ള വരവ് നിർത്തി. അവസാനം ട്രാൻസ്ഫർ വാങ്ങിപ്പോയി.
എന്തൊരു വിധിവൈപരീത്യം! വിവാഹം മുടക്കിയതിൽ അവന്റെ വീട്ടുകാർക്കൊപ്പം ഞാനും ഉത്തരവാദിയായിരുന്നില്ലേ? ഒരിക്കലും കൂട്ടിമുട്ടാൻ സാധ്യതയില്ലാത്ത രണ്ട് പാതകളിലൂടെയായിരുന്നുവല്ലോ ഞങ്ങളുടെ യാത്രയെന്നോർത്ത് എന്റെ ഹൃദയം പൊട്ടിപ്പിളരുന്നതുപോലെയുള്ള നൊമ്പരം തോന്നി.
എന്നിരുന്നാലും, ഞാൻ തളർന്നില്ല. ഒരു ലക്ഷ്യബോധവുമില്ലാതെ ജീവിക്കുന്നതിലും ഭേദമല്ലേ പ്രതീക്ഷയുടെ ഒരു തരി വെളിച്ചം ലക്ഷ്യമാക്കി പ്രയത്നിക്കുന്നത്! അവൻ ജോലി ചെയ്തിരുന്ന ബാങ്കിൽ പോയി. അവിടുത്തെ ഒരുദ്യോഗസ്ഥൻ പഞ്ചാബിലെ ഓഫീസിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. അവസാനം, അവൻ കേരളത്തിലേക്ക് വന്ന് വയനാട്ടിലുള്ള ഒരു ബ്രാഞ്ചിൽ ജോയിൻ ചെയ്തതായും അതിനുശേഷം സ്വയം വിരമിച്ചതായും അറിഞ്ഞു. വിരമിച്ചതിനു ശേഷം എവിടെ താമസമാക്കി എന്നൊന്നും അറിഞ്ഞില്ല. ഞാൻ മനസ്സിന്റെ ക്ഷീണം കാരണം പരവശയായി.
ആയിടക്ക്, ഫേസ്ബുക്കിൽ പരതിയ കൂട്ടത്തിൽ ദേവന്റെ പ്രൊഫൈൽ കണ്ടു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും ഫോൺനമ്പരും മറ്റും കണ്ടുപിടിച്ചു. അങ്ങനെയാണു ദേവനെ വിളിച്ചത്. ദേവനെ വിളിച്ചപ്പോൾ വീണ്ടും പ്രതീക്ഷയുടെ ഒരു വെള്ളിവെളിച്ചം വളരെ ദൂരെയല്ലാതെ പ്രത്യക്ഷപ്പെടുന്നതായി തോന്നി.
രാജലക്ഷ്മി തത്ക്കാലത്തേക്ക് നിർത്തിയതുപോലെ തോന്നി. ഇടക്കു കയറി ഒന്നും സംസാരിക്കാതെ ഞാനും സുജാതയും വെറും കേഴ്വിക്കാരായി ഇരിക്കുകയായിരുന്നു.
“ദേവന്റെ മക്കൾ?” രാജലക്ഷ്മിയുടെ പെട്ടെന്നുള്ള ചോദ്യം ഞങ്ങൾ ഇരുവരേയും ഒരുപോലെ ഞെട്ടിച്ചു.
“ഒരു മകൾ മാത്രമേ ഉള്ളൂ. രണ്ടു വർഷം മുമ്പ് അവളുടെ വിവഹം കഴിഞ്ഞു. രണ്ടുപേരും ഐ. ടി പ്രൊഫഷണൽസ്. ഒരു വർഷമായി അമേരിക്കയിൽ പോയിട്ട്.” എല്ലാ ഉത്തരങ്ങളും സുജാത തന്നെ കൊടുത്തത് വളരെ നന്നായി എന്നെനിക്ക് തോന്നി.
എന്റെ മനസ്സിൽ 17 - 18 വയസ്സിലെ ചന്തു നിറഞ്ഞു നില്ക്കുകയായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം. വാക്കിലും പ്രവൃത്തിയിലും കുസൃതി. വൈത്തിസാറിന്റെ വീട്ടിൽ ട്യൂഷൻ കഴിഞ്ഞ് പുറത്തിറങ്ങി നടക്കുമ്പോൾ പറഞ്ഞു വച്ചതുപോലെ എതിരെ രാജലക്ഷ്മി. ഒരുദിവസമല്ല. എന്നും അത് പതിവായിരുന്നു. രാജലക്ഷ്മിയുടെ ദൃഷ്ടികൾ ചന്തുവിന്റെ മുഖത്ത് പതിയുമ്പോൾ ഞങ്ങൾ പറയും, “ചന്തു... ചന്തു... ചന്തു...”
ചന്തുവിന്റെയും രാജലക്ഷ്മിയുടെയും ഉള്ളിൽ നാൾക്കു നാൾ പ്രണയം തളിരിടുന്നത് കൃത്യമായി മനസ്സിലാകുന്നുണ്ടായിരുന്നു. എന്നാൽ അതൊരു കോളേജുകാല കുട്ടിക്കളി മാത്രമായേ വിചാരിച്ചിരുന്നുള്ളൂ. അതുകൊണ്ടു തന്നെയാണല്ലോ ഇരുവരേയും കുറിച്ച് ഇത്ര നാളും ഓർക്കാതിരുന്നതും.
വർത്തമാനത്തിനൊരു ബ്രേക്ക് വേണമെന്ന് എനിക്കു തോന്നി. സുജാതയുടെ മുഖത്തും അതേ ഭാവം ഞാൻ ശ്രദ്ധിച്ചു.
താല്ക്കാലികമായി ഒരു വിരാമം ഇടുന്നതിനുള്ള ഉദ്ദേശ്യത്തോടെ ഞാൻ പറഞ്ഞു, “രാജലക്ഷ്മി മുകളിൽ മുറിയിൽ പോയി അല്പം വിശ്രമിക്കൂ. ബാക്കി കാര്യങ്ങൾ അത്താഴസമയത്ത് സംസാരിക്കാം. അതു പോരേ??
തീരുമാനം രാജലക്ഷ്മിക്ക് വിട്ടുകൊടുത്തു.
” ശരി ദേവാ. എനിക്ക് വിശ്രമിക്കണ്ട. ഞാനും കൂടാം സുജാതക്കൊപ്പം അടുക്കളയിൽ. “രണ്ടുപേരും സന്തോഷത്തോടെ പോയതു കണ്ട് ഞാൻ മുറ്റത്തേക്കിറങ്ങി.
മുറ്റത്ത് ഉലാത്തിക്കൊണ്ടിരിക്കുമ്പോഴൊക്കെ രാജലക്ഷ്മിയെ ഏതുവിധം സഹായിക്കാൻ കഴിയും എന്നാലോചിക്കുകയായിരുന്നു. ഇതുവരെ ചന്തുവിന്റെ കഥ പറഞ്ഞുകൊണ്ടിരുന്നതേ ഉള്ളൂ. ഞാൻ എന്തു ചെയ്യണമെന്ന് ഒന്നും പറഞ്ഞിട്ടില്ല. അതിനെപ്പറ്റി എന്തെങ്കിലും പറയും എന്നുതന്നെയാണു കരുതുന്നത്. അവനെ എങ്ങനെയെങ്കിലും കണ്ടുപിടിക്കാം എന്നൊരു ആത്മവിശ്വാസം കിട്ടിയതുപോലെ തോന്നുന്നു. എന്തായാലും രാത്രിയിൽ എന്തു സംസാരിക്കും എന്ന് നോക്കാം.
ഡിന്നർ കഴിക്കാൻ ഇരിക്കുമ്പോൾ ആകെ വീർപ്പുമുട്ടിക്കുന്ന നിശ്ശബ്ദതയായിരുന്നു. കഴിച്ചുകൊണ്ടിരിക്കുമ്പോൾ വീർപ്പുമുട്ടൽ അവസാനിപ്പിക്കാനെന്നപോലെ രാജലക്ഷ്മി തന്നെ പറഞ്ഞു തുടങ്ങി.
“ദേവനെ ബുദ്ധിമുട്ടിക്കുന്നു എന്ന് കരുതരുത്. എന്നെ സഹായിക്കാൻ വേറെ ആരുമില്ല.”
രാജലക്ഷ്മി സുജാതയുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. അടുക്കളയിൽ ഒന്ന് രണ്ട് മണിക്കൂറുകൾ ഒരുമിച്ച് നിന്നപ്പോൾ അവരുടെ സൗഹൃദം വളരെയധികം വളർന്നതുപോലെ. അതിനു തെളിവെന്നതുപോലെ സുജാത എന്നെനോക്കി പറഞ്ഞു,
“ദേവേട്ടാ, നിങ്ങളുടെ സുഹൃത്തിനെ കണ്ടുപിടിക്കാൻ നമുക്കെന്തു ചെയ്യാൻ കഴിയും?”
രാജലക്ഷ്മിയുടെ ദൈന്യമായ നോട്ടത്തിൽ നിസ്സഹായത മാത്രമായിരുന്നു അപ്പോൾ.
“രാജലക്ഷ്മി വിഷമിക്കാതെ. നമുക്ക് വഴിയുണ്ടാക്കാം.” ഞാൻ ഇത്രയും പറഞ്ഞതും അവരുടെ മുഖം തെളിഞ്ഞു. മുഖത്തെ ദൈന്യത സന്തോഷത്തിനു വഴിമാറിക്കൊടുത്തു.
വ്യക്തമായ ഒരു ധാരണ മനസ്സിലുണ്ടായിരുന്നു ഇത് പറയുമ്പോൾ, ആരോടും അത് വ്യക്തമാക്കിയില്ല എങ്കിലും.
എന്തായാലും രാത്രി രാജലക്ഷ്മി സുഖമായി ഉറങ്ങി എന്ന് സുജാത പറഞ്ഞു. സുജാത അവരോടൊപ്പമാണല്ലോ രാത്രി ഉറങ്ങിയത്. അവൾ രാത്രിയിൽ ചോദിച്ചപ്പോൾ സൗഹൃദം വർദ്ധിപ്പിച്ചുകൊള്ളട്ടെ എന്ന് വിചാരിച്ച് സമ്മതിച്ചു. ആശ്വസിക്കട്ടെ. അന്വേഷണങളുടെ അവസാനം എന്താകുമെന്ന് എനിക്കും അറിയില്ല. എന്നാലും ശ്രമങ്ങൾ ഒട്ടും കുറയേണ്ട.. ഇത്ര നാളും അവനെ അന്വേഷിച്ചില്ല എന്ന ഒരു കുറ്റബോധം ഉള്ളിന്റെ ഉള്ളിൽ ഉണ്ടല്ലോ!
കാലത്ത് പ്രഭാതഭക്ഷണം കഴിക്കുമ്പോൾ രാജലക്ഷ്മിയോട് പറഞ്ഞു:
“ഞാൻ ഉടനെ തന്നെ വയനാട്ടിലേക്ക് ഒരു യാത്ര പോകുന്നു. സുജാതയെകൂടെ കൂടെക്കൂട്ടാമെന്ന് വിചാരിക്കുന്നു. എന്തെങ്കിലും വിവരവുമായേ ഞാൻ മടങ്ങി വരൂ. ആ പ്രതീക്ഷയുടെ വെള്ളിവെളിച്ചം നിലനില്ക്കട്ടെ എന്ന് ആശംസിക്കാം. എന്തു പറയുന്നു?”
ആഹ്ളാദം തുളുമ്പുന്ന ഒരു പുഞ്ചിരി മാത്രമായിരുന്നു രാജലക്ഷ്മിയുടെ മറുപടി.
***********************************
കല്പ്പറ്റയിൽ നേരത്തെ ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തി. ഡ്രൈവിങ്ങിന്റെ ക്ഷീണം മാറ്റാനായി കുറച്ച് നേരം കിടന്നു. സുജാത ബാല്ക്കണിയിൽ കസേരയിട്ടിരുന്ന് കാഴ്ച്ചകൾ കാണുകയായിരുന്നു. ബാങ്കിന്റെ കല്പ്പറ്റയിലെ ശാഖയിൽ വിളിച്ച് അന്വേഷിച്ചിരുന്നു. ആ ബ്രാഞ്ചിലായിരുന്നു ചന്തു അവസാനം ജോലി ചെയ്തിരുന്നത്. വി.ആർ. എസ് എടുത്തിട്ട് മൂന്ന് വർഷമായി. അതിനുശേഷം ഒരു വിവരവുമറിയില്ല എന്നാണവർ പറഞ്ഞത്. എവിടെയാണോ എങ്ങിനെയാണോ ജീവിക്കുന്നത് എന്ന് ഒരു രൂപവുമില്ല. എന്തായാലും നാളെ നേരം പുലരട്ടെ.
ബ്രാഞ്ചിലെത്തി ആദ്യം മാനേജരുമായി സംസാരിച്ചു. പുതിയതായി വന്ന ആളായതുകൊണ്ട് കൂടുതൽ വിവരങ്ങൾ കിട്ടാൻ വഴിയില്ല. അദ്ദേഹത്തിന്റെ അനുമതിയോടെ അന്ന് അവിടെ ഉണ്ടായിരുന്ന ഒരു പ്യൂണിനോട് സംസാരിച്ചു. പിരിഞ്ഞു പോയിട്ട് താമസിച്ചിരുന്ന വീടിന്റെ അഡ്രസ്സ് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. ആ ഓഫീസിൽ എല്ലാവർക്കും അവനെ വലിയ ഇഷ്ടമായിരുന്നു. നല്ല താഴ്മയുള്ള പ്രകൃതം. എല്ലാവരോടും സൌമ്യമായ പെരുമാറ്റം. എന്തോ അസുഖം കാരണം വി. ആർ. എസ് എടുത്തു. പക്ഷേ, എന്താണസുഖമെന്ന് ആരോടും വെളിപ്പെടുത്തിയില്ല എന്നറിഞ്ഞു.
കുറച്ച് അധികം ബുദ്ധിമുട്ടിയെങ്കിലും അവൻ ജോലിയിൽ നിന്ന് പിരിഞ്ഞ സമയത്ത് താമസിച്ചിരുന്ന വീട് കണ്ടെത്തി. ഇപ്പോൾ അവിടെയല്ലെങ്കിലും അതിനുശേഷം താമസിച്ച വീടിന്റെ വിവരങ്ങൾ വീട്ടുടമസ്ഥൻ തന്നു. അവിടെയെത്തിയപ്പോൾ അറിഞ്ഞു, അവൻ അവിടെ നിന്നും മാറി ദൂരെ ഏതോ ഒരു ഗ്രാമത്തിലേക്ക് മാറിയെന്ന്. പിന്നെയും ബുദ്ധിമുട്ടി, കഷ്ടപ്പെട്ടു. എന്റെ മനസ്സാക്ഷിയുടെ സംതൃപ്തിക്കുവേണ്ടി, രാജലക്ഷ്മിയുടെ മനസ്സിന്റെ സമാധാനത്തിനു വേണ്ടി.
അവസാനം കണ്ടെത്തി. താമസിച്ചിരുന്ന വീട് മാത്രം. അവനില്ലാത്ത വീട് മാത്രം. അവന്റെ സാധനങൾ എല്ലാം വീട്ടിലുണ്ടായിരുന്നു. വൃത്തിയായി വീടും വീട്ടിലെ സാധനങളും പരിസരങളും കാത്തുസൂക്ഷിക്കാൻ ഒരു 20- --25 വയസ്സ് വരുന്ന ഗോപി എന്ന പയ്യൻ. ഗോപിയിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ കേട്ടു, ഹൃദയം കീറി മുറിക്കുന്ന വേദനയോടെ. ഗ്രാമത്തിലെ ആ വീട് ചന്തു വിലയ്ക്ക് വാങ്ങിയതാണെന്ന് ഗോപിയിൽ നിന്നറിഞ്ഞു. പക്ഷേ, വീടും അതിനുചുറ്റുമുള്ള പറമ്പും മുഴുവനും ഗോപിയുടെ പേർക്കാണു. ഒരു കണ്ടീഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു. അവൻ മരിക്കുന്നതുവരെ അവനെ നോക്കണം, ശുശ്രൂഷിക്കണം.
ഗോപി ഒരു ഡയറി എടുത്ത് തന്നിട്ട് പറഞ്ഞു. ഏതെങ്കിലും കാലത്ത് രാജലക്ഷ്മി എന്നൊരാളെയോ അവരുമായി ബന്ധപ്പെട്ട ആരെയെങ്കിലുമോ കണ്ടുമുട്ടുകയാണെങ്കിൽ ഏല്പിക്കണമെന്ന് സാർ പറഞ്ഞിരുന്നു. ഹൃദയം വിങ്ങുന്ന നൊമ്പരത്തോടെ അത് മുഴുവൻ വായിച്ചു. ഡയറിയുടെ ആദ്യ പേജിൽ “എന്റെ എല്ലാം എല്ലാമായ രാജിക്ക്” എന്നെഴുതിയിരുന്നു.
ഡയറിയിലെ വിവരണം ചുരുക്കത്തിൽ ഇങ്ങനെ:
രാജലക്ഷ്മിയെ പ്രൊപ്പോസ് ചെയ്തുകഴിഞ്ഞ് നിരാശ ഉണ്ടായെങ്കിലും അതിനൊരു വഴി കണ്ടെത്താമെന്ന് വിശ്വാസമുണ്ടായിരുന്നു. രാജലക്ഷ്മിയുടെയും കുടുംബത്തിന്റെയും രക്ഷകർത്താവാകാൻ ചന്തു ഒരുക്കമായിരുന്നു. എന്നാൽ അതിനു ശേഷം അഛന്റെ പെരുമാറ്റമാണവനെ കൂടുതൽ നിരാശനാക്കിയത്. എങ്കിലും അവൻ കാത്തിരിക്കാൻ ഒരുക്കമായിരുന്നു.
എന്നാൽ, അതിനിടയ്ക്ക് വയറിനൊരു വേദന വന്നു. വേദന സഹിക്കാനാവാതെ വന്നപ്പോൾ ഡോക്ടറെ കണ്ടു. കുറേ പരിശോധനകൾക്ക് ശേഷമാണു അന്നനാളത്തിൽ അൾസർ പോലെ ഒരു വളർച്ച ഉണ്ടെന്നറിഞ്ഞത്. മരുന്നുകൾ കഴിച്ചുകൊണ്ടിരുന്നു. രാജലക്ഷ്മിയെ കാണാറുണ്ടായിരുന്നെങ്കിലും അസുഖത്തിന്റെ കാര്യം വെളിപ്പെടുത്തിയില്ല. അസുഖം കൂടിക്കൂടി വന്നപ്പോൾ കൂടുതൽ പരിശോധനകൾ നടത്തി. പിന്നെ, ആ റിസ്ൾട്ട് അറിഞ്ഞു, ജീവിതം തന്നെ തകിടം മറിക്കുന്ന റിസൾട്ട്, എല്ലാ പ്രതീക്ഷകളും തകർത്തെറിയുന്ന റിസൾട്ട്. അന്നനാളത്തിൽ കാൻസർ. വളർന്നുകൊണ്ടിരിക്കുന്നു.
പിന്നെ, ജീവിക്കണമെന്ന് തോന്നിയില്ല. ട്രാൻസ്ഫർ വാങ്ങി പഞ്ചാബിലേക്ക് പോയി, ആരോരും അറിയാതെ. അച്ഛനുമാത്രം ആഴ്ചയിൽ ഓരോ കത്ത് അയച്ചു. രോഗം മൂർച്ഛിക്കുന്ന ലക്ഷണം കണ്ടു തുടങ്ങിയപ്പോൾ കേരളത്തിലേക്ക് വരണമെന്ന് തോന്നി. ആരും അറിയാതിരിക്കാൻ കല്പ്പറ്റയ്ക്ക് ട്രാൻസ്ഫർ വാങ്ങി.
അതിനുമുമ്പ് തന്നെ, അച്ഛനും അധികം വൈകാതെ അമ്മയും പോയിരുന്നു.
കല്പ്പറ്റയിൽ വന്ന് ജോയിൻ ചെയ്ത് അധികം താമസിയാതെ വി.ആർ. എസിനായി അപേക്ഷ കൊടുത്തു. പെട്ടെന്നുതന്നെ പിരിഞ്ഞുപോകാനുള്ള അനുമതി ലഭിച്ചു. ഒന്നു രണ്ട് വാടകവീടുകളിൽ താമസിച്ചു. ആയിടക്ക് അടുത്ത ഗ്രാമത്തിലുള്ള ഗോപി എന്ന അനാഥനായ കുട്ടിയെ പരിചയപ്പെട്ടു. അവനെ കൂടെ കൂട്ടി. സമ്പാദ്യത്തിന്റെ ഒരു ഭാഗമെടുത്ത് അവന്റെ ഗ്രാമത്തിൽ ഒരു ചെറിയ, എന്നാൽ നല്ല വൃത്തിയും വെടിപ്പുമുള്ള ഒരുവീടും അതിനോട് ചേർന്നുള്ള 50 സെന്റ് കൃഷിസ്ഥലവും ഗോപിയുടെ പേരിൽ വാങ്ങി. ബാക്കി തുക ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്തു, അതും ഗോപിയുടെ പേരിൽ.
ഗോപിയോട് എല്ലാ കഥകളും പറയുമായിരുന്നു, വേദന കൊണ്ട് പുളഞ്ഞ് ഉറക്കമില്ലാത്ത രാവുകളിൽ. ആ കഥകളിൽ നിറയെ രാജിയായിരുന്നു. അസുഖം മൂർച്ഛിച്ച് മരണത്തെ മുഖാമുഖം കണ്ട് കിടന്ന രാത്രികളിൽ മനസ്സിലാക്കി, രാജി എന്റെ ജീവിതത്തോട് എത്രമാത്രം ഇഴുകി ചേർന്നിരുന്നെന്ന്. മരിക്കുന്നതിനു മുമ്പ് ഞാൻ ഈ ഡയറി ഗോപിയെ ഏല്പ്പിച്ചിട്ട് അവനോട് പറഞ്ഞു, രാജി വന്നില്ലെങ്കിൽ അനേഷിച്ച് കണ്ടുപിടിച്ച് കൊടുക്കണമെന്ന്.
വായിച്ചുകഴിഞ്ഞപ്പോൾ കവിളില്ക്കൂടി കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. സുജാതയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
ഗോപിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ നീറുന്ന മനസ്സിന്റെ നൊമ്പരത്തിൽ ഓർത്തത് രാജലക്ഷ്മിയെയായിരുന്നു, പ്രതീക്ഷയുടെ വെള്ളിവെളിച്ചം യാഥാർഥ്യമാക്കാൻ നോക്കിയിരിക്കുന്ന രാജലക്ഷ്മിയെ, എന്റെ ചന്തുവിന്റെ സ്വന്തം രാജിയെ. കൂടാതെ അവിടെയെത്തി രാജലക്ഷ്മിയോട് എന്തു നുണ പറയുമെന്ന ആശങ്കയും
########################
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ