കയ്ക്കും മധുരം

 ചെറുകഥ

കയ്ക്കും മധുരം

കായലിന്റെ തീരത്ത് കാറ്റുകൊള്ളാൻ വരുന്നവർക്കു വേണ്ടി ഉണ്ടാക്കിയിട്ടിട്ടുള്ള പഴയ സിമന്റ് ബെഞ്ചിൽ നാരായൺ ത്രിപാഠി വന്നിരുന്നു. സന്ധ്യ മയങ്ങാറായിട്ടും ബെഞ്ചിൽ ചെറുതായ, എന്നാൽ സുഖമുള്ള ചൂടുണ്ട്. ദൂരെ കായലിലേക്ക് നോക്കി. മറുകര കാണാൻ പറ്റാത്തപോലെ ആകാശം നീലയും ചുവപ്പും കലർന്ന നിറമുള്ള ഒരു പരവതാനി കായലിലേക്ക് ഇറക്കിയിരിക്കുകയാണു. പരവതാനിക്കപ്പുറം, വിട്ടുപിരിയാൻ തയ്യാറായി നില്ക്കുന്ന പകലിന്റെ ചുവന്ന കണ്ണീർ എല്ലായിടത്തും പരന്നുകൊണ്ടിരിക്കുന്നു.

കൃത്രിമക്കാലുകൾ രണ്ടും ഊരിയെടുത്ത് ബെഞ്ചിന്മേൽ വച്ചിട്ട് രണ്ട് കാൽമുട്ടുകളിലും തടവി. കുറേയധികം ദൂരം നടന്നുവന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നു. അയാൾ ചുറ്റിനും നോക്കി. മിക്ക ബെഞ്ചുകളിലും ഒന്നും രണ്ടും വീതം ആളുകൾ ഇരിക്കുന്നുണ്ട്. കൂട്ടത്തിൽ ചില യുവമിഥുനങ്ങളും ഉണ്ട്. കുറച്ച് ചെറിയ കുട്ടികൾ കമ്പിവേലിയിൽ പിടിച്ചുനിന്ന് ചെങ്കിരണങ്ങളെ ആവാഹിച്ചുകൊണ്ടിരിക്കുന്ന ലോലവും ശാന്തവുമായ തിരകളുടെ ഭംഗി ആസ്വദിക്കുന്നു. 

ഇപ്പോൾ കായൽജലത്തിലേക്ക് മുങ്ങാംകുഴിയിടാൻ ക്രമേണ താഴ്ന്നുകൊണ്ടിരിക്കുന്ന സൂര്യൻ തന്റെ ചുവപ്പുനിറം മുഴുവനും കലക്കി നനുത്ത തിരകളേപ്പോലും ചുവപ്പിൽ മുക്കിക്കൊണ്ടിരിക്കുന്നു. നൂതനും കുട്ടികൾക്കുമൊപ്പം എത്രയോ തവണ ഈ സ്ഥലത്ത് വന്നിരിക്കാറുണ്ടായിരുന്ന കാര്യം നാരായന്റെ ഓർമ്മയിൽ വന്നു.  ചൂടുമണലിൽ ഇട്ട് വറുത്തെടുക്കുന്ന നിലക്കടല കൊറിച്ചുകൊണ്ട് താനും തന്റെ മടിയിൽ തലവച്ച് നൂതനും. കുട്ടികൾ അടുത്തുതന്നെയിരുന്ന് എന്തെങ്കിലുമൊക്കെ കളിച്ചുകൊണ്ടിരിക്കും. റെജിമെന്റിലെ കൂട്ടുകാരെല്ലാം ഹാൻഡ്സം എന്ന് വിളിച്ചിരുന്ന  താൻ അതീവസുന്ദരിയായ നൂതനെ വിവാഹം കഴിച്ചതോടെ എല്ലാവരുടേയും കണ്ണിലുണ്ണിയായി എന്നുതന്നെ പറയാം.

പട്ടാളത്തിൽ ഒരു ജോലി എന്നത് തന്റെ സ്വപ്നമായിരുന്നല്ലോ. പത്താം ക്ളാസ്സ് പാസ്സായ ശേഷം കുറച്ചുനാൾ അതിനുള്ള തയ്യാറെടുപ്പായിരുന്നു. ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയായിരുന്നു. അച്ചൻ പോലീസിലായിരുന്നതു കാരണം വീട്ടിൽ നിന്നും ആരും എതിർത്തില്ല. ഇളയ സഹോദരനും പിന്തുണച്ചു. തന്റെ കുഞ്ഞുപെങ്ങൾ മാത്രമാണു അല്പമെങ്കിലും എതിർത്തത്. പട്ടാളത്തിൽ ചേർന്ന് കഷ്ടിച്ച് ഒരു വർഷമായപ്പോഴേക്കും തങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. തനിക്കന്ന് 22 വയസ്സും നൂതനു 19 വയസ്സും മാത്രം. അഞ്ചു വർഷങ്ങളിൽ നൂതൻ രണ്ടുതവണയായി ഒരു മകനും മകൾക്കും ജന്മം നല്കി. സന്തോഷത്തിന്റെ നാളുകൾക്ക് മീതേ ഇടിവെട്ട് പോലെയായിരുന്നു പിന്നെയുണ്ടായ ആ അപകടം.

ഭാരതത്തിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനസാന്ദ്രത കുറവുള്ള അരുണാചൽ പ്രദേശിലെ പ്രധാന നഗരമായ ഇറ്റാനഗറിൽ ആയിരുന്നു തങ്ങളുടെ റെജിമെന്റിന്റെ ക്യാമ്പ്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നു പോയിക്കൊണ്ടിരുന്നു. അവിചാരിതമായിട്ടായിരുന്നു ആ ബോംബ് സ്ഫോടനം. ജീപ്പിൽ പട്രോളിങ്ങ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ വാഹനത്തിലേക്ക് ഒരു അഗ്നിഗോളം പാഞ്ഞുവന്നതുമാത്രം ഓർമ്മയുണ്ട്. അതിന്റെ ഭീകരത മനസ്സിലാക്കിയത്, തന്റെ ജീവിതത്തിനു മേൽ വീണ ഇടിത്തീയായിരുന്നു.

ബോധം വീഴുമ്പോൾ ഇറ്റാനഗറിൽ നിന്ന് ഏതാണ്ട് 250 കിലോമീറ്റർ ദൂരെ ഷാനൻ എന്ന സ്ഥലത്തുള്ള മിലിറ്ററി ഹോസ്പിറ്റലിലായിരുന്നു.  തലയിലും കൈകളിലും എല്ലാം ബാൻഡേജ് കെട്ടിയിരുന്നു. കുറേ പെൺകുട്ടികൾ ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരിക്കുന്നതായി അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞിരുന്ന സമയമായിരുന്നു. നെറ്റിയിൽ കൂടിയുള്ള കെട്ടുകാരണം ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. അവസാനം താൻ വിളിച്ചു പറഞ്ഞു, “രണ്ടു കൈകൾക്കും സ്വാധീനമില്ലാത്ത ആളാണേ. എനിക്കാരെങ്കിലും ഭക്ഷണം വായിൽ വച്ചു തരുമോ, പ്ലീസ്”.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അടുത്തുവന്നു പറഞ്ഞു, “ഞാൻ ഭക്ഷണം തരാം.” ബാൻഡേജ് കെട്ടി മറച്ചിരുന്ന കണ്ണിന്റെ ഓരത്തുകൂടി ആ പെൺകുട്ടിയെ കണ്ടു. മെലിഞ്ഞു കൊലുന്നനെ ഒരു കുട്ടി. തൂവെള്ള വസ്ത്രം. രണ്ടാമതൊരു തവണ കൂടി നോക്കിയപ്പോഴാണു മനസിലായത് അതൊരു നഴ്സായിരുന്നു.  ശാലീനതയും നിഷ്ക്കളങ്കതയും വഴിഞ്ഞൊഴുകുന്ന മുഖം. അതിനെയൊക്കെ വെല്ലുന്ന പ്രസരിപ്പും. ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്ന വ്യക്തിത്വം. ഇതൊക്കെയായിരുന്നു ആ കുട്ടി. ഭക്ഷണം കുറേശ്ശെ വായിൽ വച്ചുകൊണ്ടിരിക്കുന്ന സമയം മുഴുവനും അവൾ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു. വിശപ്പും ശരീരമാസകലം ഉള്ള കടുത്ത വേദനയും കാരണം അവളുടെ കലപില വർത്തമാനങ്ങൾ ഒട്ടും തന്നെ രസിച്ചില്ല. എങ്കിലും ഭക്ഷണം വായിൽ വച്ചു തന്ന അവളോട് ഉള്ളിന്റെ ഉള്ളിൽ അൽപം നന്ദി തോന്നാതിരുന്നുമില്ല.

ഒരു ദിവസം പോലും മുടങ്ങാതെ അവൾ തന്റെ അടുത്ത് വന്നിരുന്ന് വർത്തമാനങ്ങൾ വിളമ്പിക്കൊണ്ടിരുന്നു. കല്പന എന്നാണു പേരെന്നും മദ്ധ്യകേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ചു വളർന്നതാണെന്നും  മനസ്സിലായി. തന്റെ രണ്ടു കാലുകളും മുറിച്ചു മാറ്റിയെന്ന ഹൃദയം നടുക്കുന്ന വാർത്തയും അക്കൂട്ടത്തിൽ മനസ്സിലാക്കി. കാലുകൾ അനക്കാൻ പാടില്ലാത്ത വിധം സ്വാധീനമില്ലാതായി എന്നുമാത്രമേ കരുതിയിരുന്നുള്ളൂ. കല്പനയുടെ പെരുമാറ്റത്തിൽ അവൾക്ക് തന്നോട് ഇഷ്ടം തോന്നിത്തുടങ്ങിയതായി തോന്നി. അവസാനം താൻ വിവാഹിതനാണെന്നും, രണ്ടു കുട്ടിക്കളുടെ പിതാവാണെന്നും അവളെ അറിയിച്ചു. സ്തബ്ധയായി ഇരുന്നതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല. അതിനു ശേഷം അവളുടെ കലപില വർത്തമാനവും നിലച്ചു. അവളോട് തോന്നിയ സഹതാപത്തെ തനിക്ക് നൂതനോടുള്ള സ്നേഹവും പ്രതിബദ്ധതയും കൊണ്ട് നിരുത്സാഹപ്പെടുത്തുകയായിരുന്നു, വളരെ സ്വാഭാവികമായി, ഒട്ടും മന:പൂർവമല്ലാതെ.  നൂതൻ തനിക്ക് എല്ലാമെല്ലാമായിരുന്നു. അവൾക്ക് താനില്ലാതെ ജീവിക്കാൻ കഴിയില്ല. തന്റെ രണ്ടുകാലുകളും മുറിച്ചാലെന്താ? അവളുണ്ടല്ലോ, തന്റെ ജീവശ്വാസമായി, തന്റെ ജീവനാഡിയായി!

കായലിലെ നനുത്ത ഓളങ്ങൾക്ക് മുകളിൽ സന്ധ്യ ഇരുട്ടിന്റെ കരിമ്പടം വിരിക്കാൻ തുടങ്ങിയപ്പോൾ നാരായണിനു സ്ഥലകാലബോധമുണ്ടായി. കൃത്രിമക്കാലുകൾ രണ്ടും കാലിൽ കയറ്റി ഇപ്പോഴത്തെ സന്തതസഹചാരിയായ സ്റ്റീൽ വടി നിലത്തുകുത്തി പതിയെ എഴുന്നേറ്റു നിന്നു. കായലിന്റെ വടക്കേ അതിരിലെ നാലുവരിപ്പാതയിലൂടെ ബേരാഗഢ് ഭാഗത്തുനിന്ന് നഗരത്തിലേക്ക് ചേക്കേറുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ പ്രകാശം പാഞ്ഞുപോകുന്ന കാഴ്ച അല്പനേരം നോക്കി നിന്നു.  വാഹനങ്ങളെല്ലാം പാലം കടന്ന് വളഞ്ഞ ോഡിൽ കൂടി കമലാപാർക്ക് ചുറ്റി ന്യൂ മാർക്കറ്റ് ഭാഗത്തേക്ക് ഒന്നിനു പിറകേ ഒന്നായി നല്ല വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. വാക്കിങ്ങ് സ്റ്റിക്ക് നിലത്തു കുത്തി അല്പാല്പം നടന്നു തുടങ്ങി. ഇരുട്ടുന്നതിനു മുമ്പ് വീട്ടിലെത്തിയില്ലെങ്കിൽ വൃദ്ധരായ തന്റെ മാതാപിതാക്കൾ നിസ്സഹായരായി  തന്നെ കാത്തിരുന്ന് സങ്കടപ്പെടുന്നുണ്ടാവും. പെട്ടെന്ന് നൂതനേയും കുട്ടികളേയും ഓർത്തു. ഒപ്പം തന്നെ കല്പനയുടെ നിഷ്കളങ്കമായ മുഖവും.

മിലിട്ടറി വാഹനത്തിൽ തന്നെ കയറ്റി കമലാപാർക്കിനു പിൻഭാഗത്തുള്ള തന്റെ വീട്ടിലെത്തുമ്പോൾ അലമുറയിട്ട് കരഞ്ഞ നൂതൻ, ദിവസങ്ങൾക്കകം അവളുടെ പിതാവിനെ വരുത്തി, കുട്ടികളേയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി. പോകുമ്പോൾ തന്റെ അടുത്തു വന്ന് പറഞ്ഞ ആ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നു, “എനിക്ക് നിങ്ങളോടൊപ്പം കഴിയാൻ ബുദ്ധിമുട്ടുണ്ട്. ഞാൻ അച്ഛനോടൊപ്പം പോകുന്നു. കുട്ടികളേയും കൊണ്ടു പോകുന്നു. ”  സ്വന്തം മകളായി കരുതിയിരുന്ന മരുമകൾ തങ്ങളോട് ഒരു വാക്കുപോലും പറയാതെ ഇറങ്ങിപ്പോകുന്നത് തന്റെ മാതാപിതാക്കൾ ദൈന്യതയോടെ നോക്കിയിരിക്കുന്നതോർക്കുമ്പോൾ ഇപ്പോഴും തന്റെ കണ്ണുകൾ ഈറനണിയുന്നു.   

ഒരു മുന്നറിയിപ്പുമില്ലാതെ അവൾ പോയി. ഇത്രയധികം സ്നേഹിച്ചിരുന്ന അവൾ കുട്ടികളേയും കൂട്ടി, തന്റെ ജീവിതത്തിൽ നിന്നുതന്നെ ഇറങ്ങിപ്പോയത് വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ കുരുന്നുമക്കളെ ഒന്നു ലാളിക്കാനും അവൾ അനുവദിച്ചില്ല. ആ സംഭവം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഇരുകാലുകളും മുറിച്ചു കളഞ്ഞതു കൂടാതെ കൈകൾക്കും ബോംബ് സ്ഫോടനത്തിൽ സാരമായ പരിക്കുകൾ ഉണ്ടായി. ഇതെല്ലാം അറിഞ്ഞുകൊണ്ടാണു കല്പന തന്നെ സ്നേഹിച്ചതെന്നോർത്തപ്പോൾ ഹൃദയത്തിനു താങ്ങാനാവത്ത പിടച്ചിൽ തോന്നി. അവളിപ്പോൾ എവിടെയായിരിക്കാം? വിവാഹം കഴിച്ച് ഭർത്താവും കുട്ടികളുമൊപ്പം സന്തോഷവതിയായി എവിടെയെങ്കിലും ജീവിക്കുന്നുണ്ടാവും. ഈശ്വരൻ അവൾക്ക് നല്ലതു മാത്രമേ കൊടുക്കൂ. അത്രയ്ക്ക് നല്ല ഒരു മനസ്സിന്നുടമയാണവൾ.

ഓരോന്നാലോചിച്ച് നടന്ന് വീടെത്തിയറിഞ്ഞില്ല.   അച്ഛൻ ഉമ്മറത്തുള്ള ചാരുകസേരയിൽ കിടക്കുന്നുണ്ടായിരുന്നു. അമ്മ അടുക്കളിയിലാണെന്ന് തോന്നുന്നു. പാത്രങ്ങളുടെ ഒച്ച കേൾക്കാം. പതിഞ്ഞ സ്വരത്തിൽ അമ്മ ആരോടോ സംസാരിക്കുന്നതായി തോന്നി.  കൃത്രിമക്കാലുകൾ അഴിച്ചു വച്ച് അച്ഛന്റെ അടുത്ത് കസേരയിൽ ഇരുന്നു. കാലുകൾക്ക് വേദന തോന്നി.

പതിവില്ലാതെ ഈ വീട്ടിൽ മൂന്നാമതൊരാൾ ആരാണാവോ? ഇനിയിപ്പോൾ നൂതനോ മറ്റോ? നൂതനെ ഓർത്തപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിറയൽ അനുഭവപ്പെട്ടു. അവൾ ഇനി ഒരിക്കലും ഇവിടേക്കു വരില്ലെന്ന് പറഞ്ഞിട്ടാണല്ലോ പോയത്! അച്ഛനോടു തന്നെ ചോദിക്കാമെന്നു വിചാരിച്ചു, ചോദിച്ചു. അപ്പോൾ തന്റെ സുഹൃത്താണെന്നാണു പറഞ്ഞത്. തന്റെ സുഹൃത്തോ? ആരാണീ പെൺസുഹൃത്ത്? എന്തായാലും പുറത്തേക്ക് വരട്ടെയെന്ന് കരുതി കുറച്ചു സമയം കൂടി ഇരുന്നു. അമ്മ ഒരു കപ്പിൽ ചായയുമായി എത്തി. പിന്നാലെ അരണ്ട വെളിച്ചത്തിൽ കണ്ട ആളിനെ ശ്രദ്ധിച്ചു നോക്കി. പെട്ടെന്ന് മനസ്സിലായില്ല.

“നമസ്തേ നാരായൺജി”, അമ്മയുടെ പിന്നിൽ നിന്നുവന്ന മധുരസ്വരത്തിന്റെ ഉടമയെ  തിരിച്ചറിഞ്ഞത് ഒരു ഞെട്ടലോടെയായിരുന്നു.

“കല്പനാജി!” തന്റെ ശബ്ദം പൊടുന്നനെയുണ്ടായ അത്ഭുതവും അതിശയവും കലർന്നതായിരുന്നു.

“നിങ്ങൾ സംസാരിക്ക്” എന്ന് പറഞ്ഞ് അച്ഛൻ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി. പിന്നാലെ അമ്മയും.

“കല്പനാജി എപ്പോൾ വന്നു? എങ്ങിനെ ഇവിടെയെത്തി? ചായ കുടിച്ചോ?”

ചോദ്യങ്ങളെല്ലാം കേട്ട് അവൾ ചിരിച്ചു.

“എനിക്ക് തിരക്കൊന്നുമില്ല. എല്ലാ ചോദ്യങ്ങളും ഒറ്റയടിക്കു തന്നെ ചോദിച്ചു തീർക്കേണ്ട”

അതെ. ചോദ്യങ്ങൾ ധാരാളമുണ്ട്. എല്ലാം ചോദിക്കാൻ കഴിഞ്ഞാൽ നന്ന്. പിന്നെ, തമ്മിൽ സംസാരിച്ചു. ഒരുപാടൊരുപാട് കാര്യങ്ങൾ. പഴയ കലപില സംസാരക്കാരിയല്ല തന്റെ സമീപത്തിരിക്കുന്ന ആൾ. അവൾ മാറിപ്പോയി. എല്ലാം വളരെ ഗൗരവത്തിലാണവൾ സംസാരിച്ചത്.

താനെത്തുന്നതിനു മുമ്പ് അമ്മ എല്ലാം ധരിപ്പിച്ചു എന്ന് അവളുടെ സംസാരത്തിൽ. നിന്നും മനസ്സിലായി. നൂതൻ വീടുവിട്ട് പോയതിൽ അവൾക്ക് അതിയായ ഖേദമുണ്ടെന്ന് പറഞ്ഞു. അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നനയുന്നതായി താൻ ശ്രദ്ധിച്ചു. എല്ലാം കഴിഞ്ഞ് അവൾ തന്റെ കഥ പറഞ്ഞു.

താൻ ഷാനൻ ആശുപത്രിയിൽ നിന്ന് നാട്ടിലേക്ക് പോന്നതിനു ശേഷം അവൾക്ക് അവിടെ തുടരാൻ മനസ്സനുവദിച്ചില്ലെന്ന്. അധികം താമസിയാതെ ജയ്പൂരിലെ മിലിറ്ററി ഹോസ്പിറ്റലിലേക്ക് മാറ്റം വാങ്ങിയെന്ന്. നാലു വർഷങ്ങൾ കഴിഞ്ഞ് അവൾക്ക് ബേരാഗഢ് മിലിറ്ററി ആശുപത്രിയിലേക്ക സ്ഥലം മാറ്റം കിട്ടിയെന്ന്, സ്ഥാനക്കയറ്റത്തോടെ. ഇവിടെയെത്തിയപ്പോഴാൺ താൻ ഇവിടെയുണ്ടെന്ന് ഓർത്തത്. ഷാനനിൽ വച്ചുതന്നെ തന്റെ പൂർണ്ണവിലാസം ഡയറിയിൽ എഴുതി വച്ചിട്ടുണ്ടായിരുന്നു. കുറേ ദിവസങ്ങളായി വിചാരിച്ചിരിക്കുകയായിരുന്നു, വീടു കണ്ടുപിടിച്ച് വന്ന് കാണാൻ. പിന്നെയും പിന്നെയും ആഗ്രഹിച്ചു, കാണണമെന്ന്. പിന്നെയും പിന്നെയും മനസ്സ് അനുവദിച്ചില്ല. ആകെയൊരു മാനസിക സമ്മർദത്തിലായിരുന്നു. അവസാനം തീരുമാനിച്ചു. അങ്ങനെയാണിന്നു വന്നത്.

താൻ സായാഹ്നനടത്തത്തിനിറങ്ങിയപ്പോൾ തന്നെ എത്തിയതാണു. ഇന്ന് കുറച്ചധികം വൈകിയാണല്ലോ താനെത്തിയത്. ഇന്നു തന്നെയായിരുന്നല്ലോ താൻ കല്പനയേ ഓർത്തത്. എങ്കിലും അതൊന്നും അവളോട് പറഞ്ഞില്ല. പറയാൻ പാടില്ല എന്ന് ഉള്ള് പറയുന്നു.

“കല്പനാജിയുടെ കുടുംബമൊക്കെ...?”

അവളുടെ മറുപടി കേട്ടപ്പോൾ തോന്നി, ചോദിക്കേണ്ടിയിരുന്നില്ല എന്ന്.

“അച്ഛൻ രണ്ടു വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ കഴിഞ്ഞ വർഷവും. ഇളയ സഹോദരൻ വിവാഹമൊക്കെ കഴിച്ച് കുടുംബത്ത് താമസിക്കുന്നു. എന്റെ കുടുംബം ഞാൻ നിത്യവും സേവിക്കുന്ന സൈനികരാണു.”

അവളുടെ മുഖത്തേക്ക് നേരെ നോക്കാൻ കഴിഞ്ഞില്ല. ഒളികൺനോട്ടത്തിൽ അവളുടെ മുഖത്ത് ശോകത്തിൽ പൊതിഞ്ഞ ചിരി കണ്ടു. 

അപ്പോൾ, തന്റെ ചിന്തകൾക്ക് വിപരീതമാണു കാര്യങ്ങൾ. അവൾ ഇപ്പോഴും അവിവാഹിതയായി തുടരുന്നു. അവളുടെ കുടുംബാംഗങ്ങളായ സൈനികരോടൊപ്പം, ആതുരശുശ്രൂഷയിൽ മാത്രം മുഴുകി. തന്നെ കാണാൻ മാത്രമായിട്ടാണിപ്പോൾ അവൾ വന്നിരിക്കുന്നത്. വന്നിട്ടോ? തന്റെ ദു:ഖഗാഥകൾ എല്ലാം കേട്ടും അറിഞ്ഞും അവൾ അതിലധികം ശോകത്തിൽ മുങ്ങി.

അവൾ പോകാനായി യാത്ര പറഞ്ഞു, എല്ലാവരോടും. രാത്രിഭക്ഷണം കഴിക്കാൻ അമ്മ നിർബന്ധിച്ചിട്ടും അവൾ സമ്മതിച്ചില്ല. ബേരാഗഢ് ഇ.എം.ഇ സെന്റർ ഇവിടെ നിന്ന് പതിന്നാലോ പതിനഞ്ചോ കിലോമീറ്റർ ദൂരത്താണു. അവിടെയാണു അവൾ ജോലി ചെയ്യുന്ന ഹൊസ്പിറ്റൽ. അവൾ ഡ്രൈവറെ ഫോണിൽ വിളിച്ചു. നിമിഷങ്ങൾക്കകം മിലിറ്ററി വാഹനം എത്തി. വണ്ടിയിലേക്ക് കയറുന്നതിനു മുമ്പ് അടുത്തു വന്ന് അവൾ പതിഞ്ഞ, എന്നാൽ ദൃഢതയുള്ള സ്വരത്തിൽ പറഞ്ഞു, “ഞാൻ ഇനിയും വരും”.

അതിനു ശേഷം പല തവണ വന്നു. പലപ്പോഴും ദിവസം മുഴുവൻ ചിലവഴിച്ചു. ഈ സന്ദർശനങ്ങളിലെല്ലാം അവൾക്ക് തന്നോടുള്ള ഇഷ്ടവും സ്നേഹവും പ്രത്യക്ഷത്തിലല്ലെങ്കിലും, പ്രകടിപ്പിച്ചു. അതെല്ലാം മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും താൻ അതിനെ നിശ്ശ്ബ്ദനായി, നിർവികാരനായി നിരുത്സാഹപ്പെടുത്തിയിരുന്നു.  എങ്കിലും എല്ലാ ആഴ്ചാവസാനങ്ങളിലും അവൾ കൃത്യമായി വന്നു കൊണ്ടിരുന്നു. ആ സന്ദർശനങ്ങൾക്കായി താൻ കാത്തിരിക്കുവാൻ തുടങ്ങി. ഉള്ളിന്റെ ഉള്ളിൽ ഒരു നനുത്ത ശീതക്കാറ്റ് മെല്ലെ മെല്ലെ വീശി മനസ്സാകെ കുളിർമ പകരുന്ന പ്രതീതിയായിരുന്നു. താൻ അവളെ ഇഷ്ടപ്പെടാൻ തുടങ്ങിയോ? അല്ലെങ്കിലും തനിക്കവളെ എന്നാണിഷ്ടമല്ലാതിരുന്നത്? ഇപ്പോൾ തന്റെ ചിന്തകളിൽ എത്തിനോക്കിക്കൊണ്ടിരുന്ന നൂതന്റെ രൂപം മങ്ങിത്തുടങ്ങിയോ? ആ സ്ഥാനത്ത് കല്പനയുടെ രൂപം തെളിയാൻ തുടങ്ങിയോ

അങ്ങനെയിരിക്കെ, ഒരു നാൾ താനും അച്ഛനും അമ്മയും കല്പനയും കൂടി ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളാണു അവളും കുട്ടികളും കടന്നുവന്നത്. അവിചാരിതമായി, അതിലുപരി അപ്രതീക്ഷിതമായി അവരെ കണ്ട് എല്ലാവർക്കും അക്ഷരാർത്ഥത്തിൽ ഞെട്ടലുണ്ടായി. അതുവരെ സംസാരിച്ചുകൊണ്ടിരുന്നവർ നിശ്ശബ്ദരായി പരസ്പരം കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു. നൂതന്റെ മുഖത്ത് അല്പം പരിഭ്രമവും ജാള്യതയും ഉണ്ടായിരുന്നു. എന്നാൽ കുട്ടികൾക്ക് അച്ഛനേക്കണ്ട സന്തോഷം പ്രകടിപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ വീട്ടിലെ അന്തരീക്ഷത്തിൽ കുറച്ചു നേരത്തേക്കെങ്കിലും വല്ലാത്ത ഒരു സമ്മർദ്ദമുണ്ടായിരുന്നു. അല്പനേരത്തിനുശേഷം നാരായണെയും അച്ഛനെയും അമ്മയെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു. കൂട്ടത്തിൽ ചോദ്യങ്ങൾ ചാലിച്ച നോട്ടം കല്പനയുടെ മുഖത്തേക്കും.

സമ്മർദ്ദം അല്പം കുറഞ്ഞുവന്നപ്പോൾ നൂതൻ കാര്യങ്ങൾ വെളിപ്പെടുത്തി. സ്വന്തം വീട്ടിൽ നില്ക്കാൻ പറ്റാത്ത സാഹചര്യം മാതാപിതാക്കളും സഹോദരന്മാരും കൂടി സൃഷ്ടിച്ചു. അതോടെ വീട് വിടേണ്ടിവന്നു.

എന്റെ ജീവന്റെ ജീവനായി സ്നേഹിച്ചിരുന്നതാണവളെ. അവളോടുള്ള സ്നേഹത്തിനൊരു കുറവും ഇന്നുവരെ ഉണ്ടായിട്ടില്ല. ഒരിക്കലും ഒരു മടങ്ങിവരവുണ്ടാവില്ല എന്നു പറഞ്ഞിട്ട് അവൾ പോയെങ്കിലും അവളെ ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല തന്റെ ജീവിതത്തിൽ. എന്നിട്ടും കല്പനയെ ജീവിതപങ്കാളിയാക്കാൻ ഒരുങ്ങിയതിൽ കുറ്റബോധം അല്പമെങ്കിലും ഉണ്ടാകാതിരുന്നില്ല.

മനസ്സിലെ വിങ്ങൽ മുഖത്ത് പ്രകടമാകാതിരിക്കാൻ കഠിനപ്രയത്നം ചെയ്യേണ്ടി വന്നു കല്പനക്ക്. എഴുന്നേറ്റ് നാരായണിന്റെ അടുത്ത് എത്തുമ്പോൾ അയാൾ എന്തോ പറയാൻ ഒരുങ്ങുന്നതു കണ്ട് തടഞ്ഞിട്ട് അവൾ പറഞ്ഞു,

വേണ്ട. ഒന്നും പറയേണ്ട. അല്ലെങ്കിൽ തന്നെ എന്താവും പറയാൻ പോകുന്നത് എന്നെനിക്കറിയാം. ഞാൻ ജീവനു തുല്യം സ്നേഹിച്ചിരുന്നതല്ലേ നൂതനെ? എന്റെ രണ്ട് കുട്ടികളുടെ അമ്മയല്ലേ അവൾ? ഇതൊക്കെയല്ലേ?”

തികട്ടി വന്ന തേങ്ങൽ അടക്കിക്കൊണ്ട് അവൾ തുടർന്നു,

ഞാൻ ഒരു അധികപ്പറ്റായി ഇനി ഇവിടെ നില്ക്കുന്നില്ല. ഇനി വരാതിരിക്കാനും ശ്രമിക്കാം. നിങ്ങളാരും എന്നെ വെറുക്കാതിരിക്കണമെന്ന ഒരൊറ്റ പ്രാർത്ഥന മാത്രമേയുള്ളൂ. നാരായൺജിയും നൂതനും മക്കളോടൊപ്പം സുഖമായി കഴിയുക. ഈ അനുജത്തി നിങ്ങൾക്കുവേണ്ടി എന്നും പ്രാർത്ഥിക്കാം.”

 തൊണ്ട ഇടറിയതും കണ്ണുകൾ ഈറനണിഞ്ഞതും ആരും കാണാതിരിക്കാൻ ശ്രമിച്ചുകൊണ്ട് കല്പന പടിയിറങ്ങി. അപ്പോഴും കായലിൽ തിരമാലകൾ കരയിലെത്താൻ വെമ്പൽ കൊണ്ട് തമ്മിൽ തമ്മിൽ മത്സരിച്ചുകൊണ്ടേയിരുന്നു.

------ 0 -----

അഭിപ്രായങ്ങള്‍