മധുവിന്റെ മരണം, സ്വാഭാവികമോ, അതോ ....

ചെറുകഥ

മധുവിന്റെ മരണം, സ്വാഭാവികമോ, അതോ ....

1.വർത്തമാനം

അന്ന് കാലത്ത് ആദിത്യമംഗലം ഗ്രാമവാസികൾ ഉണർന്നത് ഒരു മരണവാർത്ത കേട്ടാണ്. മരണമായിരുന്നെങ്കിലും ഒരാൾക്കുപോലും ഞെട്ടലുണ്ടാക്കാത്ത ഒരു വാർത്തയായിരുന്നു എന്നത് വിശേഷിച്ച് പറയേണ്ടിയിരിക്കുന്നു. അതിനു പ്രധാന കാരണം മരിച്ചത് മാതുപിള്ളയുടെ മകൻ മധു ആയതുകൊണ്ടായിരുന്നു. കൂടാതെ മരിച്ച ആൾക്കുവേണ്ടി ദു:ഖിക്കാൻ എവിടെയും ഒരാളുണ്ടായിരുന്നില്ല. രാവിലെ വീടുകളിൽ  പത്രം ഇടുന്ന ഭാസ്ക്കരനാണ് ആ കാഴ്ച്ച കണ്ടത്. റോഡരികിലെ  വീടായിരുന്നതിനാൽ സൈക്കിളിൽ പോകുന്ന ആർക്കും കാണാവുന്ന ഒരു കാഴ്ച്ച. അത് ഭാസ്ക്കരനും കണ്ടു. പത്രവാർത്തകൾ പോലെ തന്നെ നിമിഷങ്ങൾക്കുള്ളിൽ ആ  വാർത്ത ഗ്രാമത്തിൽ മുഴുവനും പരന്നു.  ആ പഴയ വീടിന്റെ വരാന്തയിൽ മധു മരിച്ചു കിടക്കുന്നു. വാർത്ത കേട്ട ചിലരൊക്കെ ഓടിവന്നു. മരിച്ച ആളോടുള്ള സ്നേഹം കൊണ്ടോ അയാൾ മരിച്ചതിലുള്ള ദു:ഖം കൊണ്ടോ അല്ല. വിശേഷിച്ച് ഒരു തൊഴിലും ചെയ്യാനില്ലാതെ നടക്കുന്ന കുറേ ആളുകൾക്ക് വീമ്പുപറയാന്നുള്ള ഒരു അവസരം. ഞാനാണ് ആദ്യം കണ്ടതെന്ന് വരുന്നവരോടെല്ലാം പറഞ്ഞ് സ്വയം സന്തോഷിച്ച് തൃപ്തി അടയാനുള്ള ഒരവസരം. അത്ര  മാത്രം. എല്ലാവരും വന്ന് ചുറ്റും നിന്നതല്ലാതെ എന്ത് ചെയ്യണം എന്നതിൽ ആർക്കും ഒരു രൂപവുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

പലരും പല അഭിപ്രായങ്ങളും പറഞ്ഞു. എന്നാലും എല്ലാവരുടെയും അഭിപ്രായം ഒന്നു തന്നെയായിരുന്നു. കുടിച്ചു കുടിച്ച് മരിച്ചെന്നത്. മറിഞ്ഞ് കിടന്നിരുന്ന ഒരു മദ്യക്കുപ്പി അടുത്തുതന്നെയുണ്ടായിരുന്നു. അപ്പോഴാണ് ഗ്രാമത്തിന്റെ ഒരു കോണിൽ സ്വന്തം വീടിനുമുന്നിൽ ഒരു കടമുറി പണിത് അതിൽ ചെറിയ തോതിൽ പലചരക്ക്, സ്റ്റേഷനറി തുടങ്ങിയവയുടെ കച്ചവടം നടത്തിയിരുന്ന ജോർജ്ജ് അങ്ങോട്ട് വന്നത്. പഴയ പട്ടാളക്കാരനായിരുന്നതു കൊണ്ട് ചുറ്റും നിന്നിരുന്നവർ ജോർജ്ജിന് വഴി മാറിക്കൊടുത്തു. അയാൾ മരിച്ചയാളിന്റെ ശരീരത്തിന് അടുത്തു ചെന്ന് കുനിഞ്ഞിരുന്നു. കൈവിരൽ മൂക്കിനടുത്ത് അടുപ്പിച്ചതിന് ശേഷം മധു മരിച്ചു എന്ന് ഔദ്യോഗികമായി ഒരു പ്രഖ്യാപനം നടത്തി. പോലീസിൽ അറിയിക്കേണ്ടേ എന്ന് ആരോ ചോദിച്ചതിന് നിഷേധാത്മക ഭാവത്തിൽ ഒരു ശബ്ദം പുറപ്പെടുവിച്ചത് എല്ലാവരും സമ്മതിച്ചതായി അവിടത്തെ മൌനം തെളിയിച്ചു.

2.പശ്ചാത്തലം

മാതുപിള്ള സ്ഥലത്തെ പ്രമാണിയായി വിലസുന്ന ഒരു പൂർവകാലം ആദിത്യമംഗലം ഗ്രാമത്തിന് ഉണ്ടായിരുന്നു. ശരിക്കുള്ള പേര് മാധവൻപിള്ള. കണക്കറ്റ സ്വത്തിന്നുടമ. വീട്ടിനുള്ളിലും പുറത്തും ആർഭാടത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. തൊഴുത്തിൽ നിറയെ കാളകളും പശുക്കളൂം. മൂന്നോ നാലോ കാളവണ്ടികൾ. അകത്തും പുറത്തും ജോലിക്കായി നിരവധി ആണുങ്ങളും പെണ്ണുങ്ങളും. മക്കളും അവരുടെ ഭാര്യമാരും കുട്ടികളും ഒക്കെയായി വീട്ടിൽ ഇരുപതോളം അംഗങ്ങൾ. മാതുപിള്ളയ്ക്ക് മക്കൾ അഞ്ചായിരുന്നു. നാല് ആൺ മക്കൾക്ക് ശേഷം ഒരു പെൺകുട്ടി. മകൾ ദേവിയുടെ ജൻമത്തോടെ അമ്മ ജാനകിയമ്മ ഈ ലോകം വിട്ടു പോയി. വർഷാവർഷം ഉള്ള പ്രസവങ്ങളും ഭർത്താവിന്റെ ക്രൂരതകളും ആ  പാവത്തിനെ ആയുസ്സ് എത്തുന്നതിനു മുമ്പുതന്നെ മുകളിലേക്കെടുത്തു. മദ്യപാനത്തിലും സ്ത്രീവിഷയങ്ങളിലും അച്ഛനേക്കാൾ ഒരുപടി മുന്നിലായിരുന്നു മക്കൾ എന്നതിൽ  അതിശയിക്കാൻ  ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ ഈ ഒരച്ഛനും നാലു മക്കളും ചേർന്ന് നാടിനേയും നാട്ടുകാരേയും ഭരിച്ചു. അവരെ നിയന്ത്രിക്കാനോ ശിക്ഷിക്കാനോ ആരുമുണ്ടായില്ല.

അങ്ങനെയിരിക്കെ, മാതുപിള്ളയുടെ മൂത്ത മകൻ ബാലൻ ഒരു കത്തിക്കുത്തിൽ കൊല്ലപ്പെട്ടു. കുടുംബത്തിനു ലഭിച്ച ആദ്യ പ്രഹരമായിരുന്നു അത്. കൊലപാതകത്തിന് ദൃക് സാക്ഷികൾ ഉണ്ടായിരുന്നെങ്കിലും ആരും സാക്ഷി പറയാൻ മുന്നോട്ട് വരാൻ തയ്യാറാകാഞ്ഞതു കാരണം ആ കേസ്  തേഞ്ഞുമാഞ്ഞുപോയി. ഇനിയും മൂന്ന് ആൺ മക്കൾ എന്തിനും പോന്നവരായി ഉള്ള മാതുപിള്ളയെ  ഈ നഷ്ടമൊന്നും കാര്യമായി ബാധിച്ചില്ല. എന്തായാലും ബാലന്റെ മരണത്തിന്റെ രണ്ടാം മാസത്തിൽ തന്നെ അയാളുടെ ഭാര്യ രണ്ട് കുട്ടികളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ഒരിക്കലും ഒരു മടങ്ങിവരവില്ല എന്ന കൃത്യമായ അറിയിപ്പോടെ. കാരണം അറിയില്ലെങ്കിലും, ഭർത്താവിന്റെ അച്ഛന്റെയും ബാലന്റെ ഇളയ അനുജന്റെയും ദ്രോഹങ്ങൾ സഹിക്കാൻ കഴിയാതെ ആണെന്നാണ്  നാട്ടുകാരുടെ മുറുമുറുപ്പ്.

ബാലന്റെ മരണത്തോടെ വീട്ടിൽ പലവിധ പ്രശ്നങ്ങൾ ആരംഭിച്ചു. അമിതമായ ധൂർത്തും മദ്യപാനവും കൃഷിയെ ബാധിക്കാൻ തുടങ്ങി. ശരിയായ മേൽനോട്ടമില്ലാത്തതു കാരണം മുമ്പുണ്ടായിരുന്നതുപോലെയുള്ള വിളവുകൾ ഇല്ലാതായി. നോട്ടക്കുറവു കാരണം ഉള്ള വിളവുകളും വീട്ടിൽ എത്താതായി.  മാതുപിള്ള സ്ഥിരമായി കിടപ്പിലായി. ഏറ്റവും ഇളയ പെൺകുട്ടി വീട്ടിൽ ജോലിക്കു വന്നിരുന്ന ഒരു ചെറുമനോടൊപ്പം  ഒളിച്ചോടി. ശേഷിച്ച മൂന്നു മക്കളും ചെറുമികളേയും പെൺജോലിക്കാരെയും എല്ലാം തങ്ങളുടെ കുത്സിതപ്രവൃത്തികൾ  കൊണ്ട് വെറുപ്പിച്ചു. ചില മിടുക്കത്തികൾ കണ്ണും മൂക്കും കാണിച്ച് ഒക്കുന്ന വിധത്തിൽ പണവും മറ്റു സാധനങ്ങളും കടത്തിക്കൊണ്ടുപോയി. അങ്ങനെ ഉഗ്രപ്രതാപിയായ മാതുപിള്ളയും കുടുംബവും തകർന്നു, ഇനിയൊരിക്കലും ഉയിർത്തെഴുന്നേല്ക്കാൻ സാധിക്കാത്ത വിധം. നെൽപ്പാടങ്ങൾ മിക്കതും നിസ്സാര വിലക്ക് വിറ്റു. പറമ്പുകളും  സ്ഥലങ്ങളും വിറ്റു തുടങ്ങി. കന്നുകാലികളേക്കൊണ്ട് നിറഞ്ഞ് സമൃദ്ധമായിരുന്ന തൊഴുത്ത് ശൂന്യമായ വെറും കാഴ്ചവസ്തുവായി.

രണ്ടാമത്തെ മകൻ ഗോപി അച്ഛന്റെയും ജ്യേഷ്ടന്റെയും പാത പിന്തുടർന്നിരുന്നുവെങ്കിലും അയാളുടെ ഭാര്യ മിടുക്കത്തിയായിരുന്നു. ഗോപിയുടെ കുടി പൂർണ്ണമായി നിർത്താൻ അവൾക്ക് കഴിഞ്ഞു. തന്നെയുമല്ല, അയാളേയും കൂട്ടി അവളുടെ വീട്ടിലേക്ക് പോയി സ്വസ്ഥമായി ജീവിച്ചു. ഇനിയുള്ള രണ്ടു മക്കളും അച്ഛനേക്കാൾ കേമന്മാരായി വിലസി. നിയന്ത്രിക്കാൻ ഭാര്യമാരില്ലാത്ത അവർ സകല കടിഞ്ഞാണുകളും പൊട്ടിച്ച് സ്വയം നശിക്കാൻ തീരുമാനിച്ചതു പോലെയായിരുന്നു.

അല്പനാളുകൾക്കുള്ളിൽ തന്നെ കൊട്ടാരസദൃശമായ വീടും പരിസരവും അടുത്ത ഗ്രാമത്തിലെ ഒരു ധനികൻ നിസ്സാരവിലക്ക് സ്വന്തമാക്കി. മാതുപിള്ളയുടെ മൂന്നമത്തെ മകൻ ഗോപാലനും നാലമത്തെയാൾ മധുവും കൂടി താല്ക്കാലികമായി പറമ്പിന്റെ ഒരറ്റത്ത് ചെറിയ കുടിൽ കെട്ടി താമസമായി. മദ്യപിച്ചും, നാട്ടുകാരെ മുഴുവൻ തെറിപറഞ്ഞും, തമ്മിലടിച്ചും കഴിയുമ്പോഴാണു ഗോപാലൻ കരൾ സംബന്ധമായ അസുഖം കാരണം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് താമസം മാറ്റിയത്. അധികം വൈകാതെതന്നെ, ശരിയായ ചികിത്സ, ഭക്ഷണം ഒന്നും ലഭിക്കാതെ അയാൾ മരണമടഞ്ഞു. അപ്പോഴും മധു ഒറ്റയാൾ പട്ടാളത്തെപ്പോലെ നാട്ടുകാരോട് മൊത്തം പൊരുതിക്കൊണ്ടിരുന്നു.

ആയിടക്കാണു ജോർജ്ജ് എന്ന് പേരായ ഒരു വിമുക്തഭടനും അയാളുടെ ഇളയ സഹോദരൻ സ്റ്റീഫനും മധുവിൽ നിന്നും 15 സെന്റ് സ്ഥലം വീതം വിലയ്ക്കു വാങ്ങിയത്. ഇരുവരും ഒരേ സമയത്തായിരുന്നു വീടു പണി തുടങ്ങിയതും പൂർത്തിയാക്കിയതും. പണി നടക്കുമ്പോഴും താമസമാക്കിയതിനു ശേഷവും മധുവിന്റെ ശല്യം ചെറുതായൊക്കെ ഉണ്ടായിരുന്നു.  ആദ്യമൊക്കെ ചെറിയ ചെറിയ തുകകളൊക്കെ കടം ചോദിച്ചപ്പോഴൊക്കെ അവർ കൊടുത്തു. എന്നാൽ പണം കൊടുക്കൽ നിർത്തിയതും, അയാൾ മദ്യപിച്ചു വന്ന് ആക്ഷേപിക്കുകയും ആഭാസ വർത്തമാനങ്ങൾ പറയുകയും ചെയ്തു കൊണ്ടിരുന്നു.  ജോർജ്ജ് തുടങ്ങിയ കടക്കു മുന്നിലും ഇരുവരുടെയും വീടുകൾക്ക് മുന്നിലും വന്ന് ഉറക്കെ ഉറക്കെ തെറി അഭിഷേകവും അശ്ളീല വർത്തമാനങ്ങളും സ്ഥിരമായി. നാട്ടിലെ ആഭാസനായ അയാളെ ആദ്യമാദ്യം അവർ അവഗണിച്ചിരുന്നു. എന്നാൽ ഒരു ദിവസം ജോർജ്ജും സ്റ്റീഫനും സ്ഥലത്തില്ലാതിരുന്ന സമയത്ത് അയാൾ സ്റ്റീഫന്റെ വീട്ടിൽ കയറി വന്ന് വിശക്കുന്നു, ഭക്ഷണം വേണമെന്ന് പറഞ്ഞു. സ്റ്റീഫന്റെ ഭാര്യ ജെസ്സി ഇവിടെ ആണുങ്ങൾ ആരുമില്ല, പിന്നീട് വരൂ എന്ന് പറഞ്ഞപ്പോൾ,

ഞാനെന്താടീ ആണല്ലേ? ഇവിടെ വാടീ ആണാണോ എന്ന് കാണിച്ചു തരാമെടീ

എന്ന് ആക്രോശിച്ചുകൊണ്ട് അവളെ കടന്നു പിടിച്ചു. മദ്യത്തിന്റെ ലഹരിയിലായിരുന്നതിനാൽ അയാളിൽ നിന്നും കുതറി മാറി അവൾ തള്ളിയതിന്റെ ശക്തിയിൽ അയാൾ മുറ്റത്തേക്കു വീണു. അവൾ വീട്ടിനുള്ളിൽ കയറി കതകടച്ചു. കുറേ നേരം മുറ്റത്തുനിന്ന്  കേൾക്കാൻ കൊള്ളാത്ത വാക്കുകൾ  വന്നെങ്കിലും, സ്റ്റീഫൻ വരുന്നതുവരെ അവൾ കതകു തുറന്നില്ല. എപ്പോഴാണു അയാൾ എഴുന്നേറ്റു പോയതെന്നും അവൾ അറിഞ്ഞില്ല. 

ജോർജ്ജും സ്റ്റീഫനും വളരെയധികം ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. ഉപദേശിച്ചോ ശാസിച്ചോ തല്ലിയോ ഒന്നും അയാളെ നേരെ ആക്കാൻ കഴിയില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു. തീരുമാനം സ്വന്തം ഭാര്യമാരിൽ നിന്നുപോലും രഹസ്യമാക്കി വച്ചു.

3.പൂർവ്വദൃശ്യം

വൈകുന്നേരം മധു പതിവുപോലെ കടയ്ക്കു മുന്നിൽ എത്തിയപ്പോൾ ജോർജ്ജ് വളരെ സ്നേഹത്തോടെ അയാളോട് സംസാരിച്ചു. നല്ല ഫിറ്റാണല്ലോ എന്ന് പറഞ്ഞു. അത്രയ്ക്കൊന്നുമായില്ല എന്നു പറഞ്ഞ മധുവിനെ അടുത്തേയ്ക്ക് വിളിച്ചു. ഒരു പെഗ്ഗിന്റെ കാശു തരുമോ എന്നു ചോദിച്ച മധുവിനോട് ഒരു പൈന്റ് കീശയിൽ നിന്നെടുത്തു കൊടുത്തു. വീട്ടിൽ പോയി കഴിച്ചാൽ മതി. ഇവിടെ നിന്നാൽ അതിനു കൂടുതൽ ആവശ്യക്കാരുണ്ടാവും എന്ന് പറഞ്ഞു വിട്ടു. ജോർജജും സ്റ്റീഫനും കൂടി തലേന്ന് രാത്രിയിൽ തയ്യാറാക്കിയ മദ്യത്തിന്റെ കുപ്പിയുമായി അയാൾ പോയിക്കഴിഞ്ഞപ്പോൾ  മനസ്സിലോർത്തു, “ഇന്നത്തോടെ അവന്റെ ശല്യം തീർന്നു”.  സ്റ്റീഫനും അപ്പോൾ പുഞ്ചിരിച്ചുകൊണ്ട് കടയിലേക്ക് കയറി വന്നു.

---0---

  

അഭിപ്രായങ്ങള്‍