സമ്മാനപ്പെട്ടി
മിനിക്കഥ
സമ്മാനപ്പെട്ടി
മുരളീധരൻ എ
പരിക്ഷീണനായി സുകുമാരക്കാരണവർ ഒരു കാൽ ഉമ്മറപ്പടിയിൽ വച്ച്
ഉറക്കെ വിളിച്ചു, “എടീ ജാനകിയേ, ഒരു
ഗ്ളാസ് വെള്ളം കൊണ്ടുവായോ”
അന്നും പതിവുപോലെ ജോലി തെണ്ടി നടക്കുകയായിരുന്നു. ഒന്നും
തരപ്പെടാത്തതിന്റെ ശുണ്ഠിയിൽ കാലുകൾ വലിച്ചുവച്ച്, കുടയും പിടിച്ച് ആവുന്നത്ര വേഗം വീടെത്താനുള്ള തത്രപ്പാടിലായിരുന്നു.
അപ്പോഴാണു പിന്നിൽ നിന്ന് “കാർന്നോരേ” എന്നുള്ള വിളി. കേട്ടപ്പോഴേ ആളെ മനസ്സിലായി.
സാധാരണ അയാൾ അങ്ങനെ വിളിച്ചാൽ ഒരു നിർവ്വികാരമായ ചിരി മാത്രമായിരുന്നു മറുപടി.
മനസ്സിലെ ശുണ്ഠി കാരണമായിരിക്കും, തിരിഞ്ഞു നിന്ന് പറഞ്ഞു,
“എടോ, താൻ എന്നെ അങ്ങനെ വിളിക്കരുത്. എന്റെ
പേരു കാർന്നോർ എന്നല്ല. കാരണവർ എന്നാ. അങ്ങനെ വിളിക്കാൻ കഴിയില്ലെങ്കിൽ താൻ എന്നെ
സുകുമാരൻ എന്നോ സുകു എന്നോ വിളിച്ചോ. ഇനി മേലിൽ കാർന്നോർ എന്ന് വിളിക്കരുത്”.
പിന്നിൽ നടന്നിരുന്നെ സമപ്രായക്കാരനായ ചാക്കോയുടെ മുഖത്ത് വിരിഞ്ഞ ആശ്ചര്യം കാണാൻ
നില്ക്കാതെ വീണ്ടും നടന്നു.
ജാനകി കൊണ്ടുവന്ന വെള്ളം ആർത്തിയോടെ കുടിച്ച് ഗ്ളാസ്
തിരികെക്കൊടുക്കുമ്പോൾ അവളുടെ മുഖത്തെ ചോദ്യഭാവത്തിന്റെ അർത്ഥം അയാൾക്ക് കൃത്യമായി
ബോദ്ധ്യപ്പെട്ടു. പതിവുള്ള ചോദിക്കാത്ത ചോദ്യം. അതിനുള്ള പറയാത്ത ഉത്തരം.
വരാന്തയിലെ കസേരയിൽ ഇരുന്ന് കിതപ്പ് തീർക്കുന്നതിനിടയിൽ
കാരണവർ അലോചിക്കുകയായിരുന്നു. ചെന്നുചോദിക്കുമ്പോൾ ഒരു ജോലി വച്ചുനീട്ടിത്തരാൻ
തനിക്ക് ഉന്നതവിദ്യാഭ്യാസമൊന്നുമില്ലല്ലോ? പോരാഞ്ഞിട്ട്
പഴയ സെക്യൂരിട്ടി ജോലിയിൽ നിന്ന് തന്റേതല്ലാത്ത
തെറ്റ് ആരോപിച്ച് പിരിച്ചുവിട്ടതുമാണല്ലോ? തുച്ഛമായി
ഉണ്ടായിരുന്ന സമ്പാദ്യം കൊണ്ട് ഒരു മാസം കഴിഞ്ഞു കൂടി. റേഷൻകടയിൽ നിന്ന് കിട്ടുന്ന
ധ്യാന്യങ്ങൾ ആയിരുന്നു ആശ്രയം. ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിൽ തങ്ങൾക്ക് ലഭിച്ച
പൊന്നുമോളെ ഓർത്താണു സങ്കടം. എട്ട് വയസ്സാകാൻ പോകുന്ന അവളുടെ കൊച്ചു കൊച്ച്
ആഗ്രഹങ്ങൾ പോലും പലപ്പോഴും നിറവേറ്റാൻ കഴിയുന്നില്ല.
എല്ലാറ്റിനും മൂകസാക്ഷിയായി തന്റെ ജാനകി. നല്ല കുടുംബത്തിൽ
പിറന്ന പെൺകുട്ടിയായിരുന്നു. വിദ്യാഭ്യാസശൂന്യനും അനാഥനുമായിരുന്ന തന്നോടൊപ്പം
എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവൾ. ഒരക്ഷരം കടുപ്പിച്ച് പറയാതെ, തന്നെ ആശ്വസിപ്പിക്കുക മാത്രമാണവൾ ചെയ്യുന്നത്. എപ്പോഴും,
എല്ലായ്പ്പോഴും. അതുപോരാഞ്ഞിട്ട്, കുഞ്ഞുമകൾ
സോനയേയും ഇല്ലായ്മയുടെ കയ്പ്പ് മധുരത്തിൽ
പൊതിഞ്ഞ് ധരിപ്പിക്കാൻ ജാനകി സമർത്ഥയായിരുന്നു.
ഒരു മാസമായി അലയാത്ത ഇടങ്ങളില്ല, മുട്ടാത്ത വാതിലുകളില്ല.
പഴയ ജോലിയിൽ നിന്നും
പിരിച്ചുവിട്ടതും, തന്റെ പ്രായവുമാണു എല്ലാറ്റിനും
തടസ്സം. കൂലിപ്പണി ചെയ്യാനുള്ള ആരോഗ്യമില്ല. അസ്തമിക്കാത്ത പ്രതീക്ഷകളുടെ ബലത്തിൽ
വീണ്ടും വീണ്ടും അലയുന്നു, ഒരു വെള്ളിരേഖ തെളിയുന്നതും
കാത്ത്.
എങ്കിലും ഓരോ ദിവസവും നിഷ്ഫലമായ അന്വേഷണത്തിന്റെ ഭാരവും
പേറി വീട്ടിലെത്തിയാൽ ആകെ ഒരു മുഷിപ്പ്. സോനമോളോടും ജാനകിയോടും
അല്പനേരത്തേക്കെങ്കിലും കുറച്ച് ദേഷ്യം. സോനയുടെ കൊഞ്ചലിലും പുഞ്ചിരിയിലും
എല്ലാ ദേഷ്യവും അലിഞ്ഞ് ഇല്ലാതാവും.
ചിന്തിച്ചുകൊണ്ട് കുറച്ചധികം നേരം സുകുമാരക്കാരണവർ
ഇരുന്നുപോയി. അകത്തെ മുറിയിലേക്ക് കടന്നപ്പോൾ സോന അവിടെ നിലത്തിരുന്ന് ഒരു ചെറിയ
കാർഡ്ബോർഡ് പെട്ടി അലങ്കാരക്കടലാസ്സ് കൊണ്ട് പൊതിഞ്ഞുകൊണ്ടിരിക്കുന്നു. എന്തോ
സമ്മാനമാണു പൊതിയുന്നത്. അടുത്തുചെന്ന് നോക്കിയപ്പോൾ ഒരു കാലിപ്പെട്ടി. അവളോട്
ദേഷ്യപ്പെട്ടു. തേങ്ങിക്കൊണ്ട് അവൾ എഴുന്നേറ്റുപോയി.
ക്ഷീണം കാരണം അയാൾ അല്പം മയങ്ങിപ്പോയി. ഉണർന്നപ്പോൾ മോൾ ആ
സമ്മാനപ്പൊതിയുമായി മുന്നിൽ. പെട്ടി അയാളുടെ കയ്യിൽ വച്ചുകൊടുത്തപ്പോൾ
കാലിപ്പെട്ടിയാണെന്നറിയുമായിരുന്ന അയാൾ കുട്ടിയുടെ ചെവിയിൽ പിടിച്ച് ഒരു കിഴുക്കു
കൊടുത്തു. സഹിക്കാനാവാത്ത ദേഷ്യമായിരുന്നു അപ്പോൾ. കുട്ടി കരഞ്ഞുകൊണ്ട്
പുറത്തേക്കോടി.
ദേഷ്യം അല്പം ശമിച്ചപ്പോൾ അയാൾ സമ്മാനപ്പെട്ടി തുറന്നു.
കാലിപ്പെട്ടി തന്നെ. എന്നാൽ അതിൽ വച്ചിരുന്ന ഒരു തുണ്ടുകടലാസ്സിൽ കുഞ്ഞു
കയ്പ്പടയിൽ എഴുതിയിരുന്നത് വായിച്ച കാരണവരുടെ കണ്ണുകളിൽ നിന്നും ധാര ധാരയായി
ഒഴുകി. അതിൽ ഇങ്ങനെയാണെഴുതിയിരുന്നത്, “അച്ഛാ
അച്ഛന്റെ ജന്മദിനത്തിൽ സോനമോളുടെ ഒരായിരം ചക്കരയുമ്മ.”
--- O ---
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ