വൈരുദ്ധ്യങ്ങൾ

 ചെറുകഥ

വൈരുദ്ധ്യങ്ങൾ

എ. മുരളീധരൻ

സിസിലിയും സൂസനും അടുത്ത സുഹൃത്തുക്കളാണു. വർഷങ്ങളായുള്ള കൂട്ട്. വിവാഹത്തിനു ശേഷവും താമസം അടുത്തടുത്ത വീടുകളിൽ. നഗരത്തിന്റെ തിരക്കുകളില്ലാത്ത ഒരു വില്ല കോമ്പ്ളക്സിൽ. ഇരുവരും ഏതാണ്ട് ഒരേ സമയത്തുതന്നെയായിരുന്നു വീടുകൾ വാങ്ങിയതും താമസത്തിനെത്തിയതും.  മതിലിനപ്പുറത്തും ഇപ്പുറത്തും നിന്ന് മിക്കവാറും എല്ലാ ദിവസവും വിശേഷങ്ങൾ പങ്കുവയ്ക്കും. സിസിലിയുടെ ഭർത്താവ് തോമസ് വാട്ടർ അതോറിട്ടിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ. സൂസന്റെ ഭർത്താവ് ജോസഫ് മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ സൂപ്രണ്ട്.

സിസിലിയുടെ വീട്ടിൽ പലപ്പോഴും ഒച്ചയും ബഹളവും കേട്ടിരുന്നെങ്കിലും ചെറിയ ചെറിയ വഴക്കുകൾ ആണെന്നേ സൂസൻ കരുതിയിരുന്നുള്ളൂ. സിസിലി അതേപ്പറ്റി ഇതേവരെ ഒന്നും പറഞ്ഞിട്ടുമില്ല. സൂസൻ ഒരു ദിവസം ഉച്ച തിരിഞ്ഞ് സിസിലിയുടെ വീട്ടിലെത്തി. നേരിട്ട് കണ്ടിട്ടും സംസാരിച്ചിട്ടും ഒരാഴ്ചയിലധികം ആയിരിക്കുന്നു. കൂടാതെ കഴിഞ്ഞ ദിവസം തോമസിന്റെ ഉറക്കെയുള്ള സംസാരവും കേട്ടിരുന്നു. എന്തായാലും വിവരങ്ങളൊക്കെ അറിയാമെന്ന് കരുതി.

സിസിലിയെ കണ്ടതും സൂസനു ഒരു നടുക്കമുണ്ടാവാൻ കാരണമുണ്ടായിരുന്നു. അവളുടെ കവിളിൽ അധികം പഴകിയിട്ടില്ലാത്ത വിരല്പാടുകൾ. കൂടാതെ, ഇടതുപുരികത്തിനടുത്ത് ഒരു ചെറിയ മുറിവും.

എന്റീശോയേ, ഞാനിതെന്താ കാണുന്നെ! എന്തു പറ്റിയെടീ നിനക്ക്?”

എന്നാൽ സിസിലിയുടെ മുഖത്ത് വേദനയുടെയോ ദു:ഖത്തിന്റെയൊ ഒരു ചെറിയ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല. വശ്യമായ ഒരു ചിരിയോടെ അവൾ പറഞ്ഞതു കേട്ട് സൂസന്റെ നടുക്കം കൂടിയതേ ഉള്ളൂ.

അതെന്റെ തോമാച്ചായൻ സ്നേഹിച്ചതാടീ”.

ഇങ്ങനെയാണോടീ സ്നേഹിക്കുന്നേ?” സൂസൻ ആശ്ചര്യത്തോടെ ചോദിച്ചു.

ജോലി കഴിഞ്ഞ് നന്നായി മൂക്കറ്റം കുടിച്ചിട്ടു വരുന്ന ദിവസം ഇങ്ങനെയൊക്കെയാ”

എന്തു കാരണം കൊണ്ടാ നിന്നെ തല്ലുന്നത്?”

അതിനിപ്പം കാരണമൊന്നും വേണ്ട. അത്താഴം ഉണ്ടാക്കിയോ എന്ന് ചോദിച്ചാൽ പിന്നെ തല്ല് ഉറപ്പായിട്ടും ഉണ്ടാവും.”

അതെങ്ങനെ?”

അച്ചായൻ വരുന്നതിനു മുമ്പ് ഭക്ഷണം ഉണ്ടാക്കി വച്ചാലും തല്ല്. ഉണ്ടാക്കി വച്ചില്ലെങ്കിലും തല്ല്. നേരത്തെ ഉണ്ടാക്കി വച്ചാൽ തണുത്തുപോയി എന്നു പറഞ്ഞ്. ഉണ്ടാക്കി വച്ചില്ലെങ്കിൽ നിനക്കെന്തായിരുന്നു പണി എന്ന് ചോദിച്ച് ”

സൂസൻ വീണ്ടും ആശ്ചര്യചകിതയായി. അവൾ ചോദിച്ചു,

നീ എന്തിനാടീ ഈ തല്ലെല്ലാം കൊള്ളുന്നത്?‘

സിസിലിയുടെ ഉത്തരം സൂസൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.

എടീ സൂസാ, അത് സ്നേഹം മൂത്ത് ഉള്ളതാടീ. അതുകഴിഞ്ഞുള്ള സ്നേഹം ഞാനിപ്പോൾ ആസ്വദിച്ചു കൊണ്ടിരിക്കുവാ.”

ഒന്ന് തെളിച്ച് പറയെന്റെ സിസിലിക്കൊച്ചേ. മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷേൽ”

മദ്യലഹരിയിൽ അച്ചായൻ ഇടിക്കുവേം അടിക്കുവേം ഒക്കെ ചെയ്യും. അത് കഴിഞ്ഞാൽ പിന്നെ അച്ചായനു വല്യ വിഷമവാടീ. എനിക്ക് പുതിയ ഡ്രസ്സ് വാങ്ങിച്ചു തരും, പുറത്ത് ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിക്കും, ഒരുമിച്ച് സിനിമ കാണാൻ പോകും. ഇപ്പൊ മനസ്സിലായോ?”

സൂസൻ അതു കേട്ട് മൂക്കത്ത് വിരൽ വച്ചു. എന്നിട്ട് തന്റെ ഭർത്താവിനെപ്പറ്റി ഒരു നിമിഷം ആലോചിച്ചു. ജോസഫ് അച്ചായൻ ജോലി കഴിഞ്ഞ് വന്ന് ചായ കുടി കഴിഞ്ഞാൽ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കും. അധികം സംസാരമില്ല. വീട്ടിലെ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വേണ്ടത്ര പണം തരും. എന്തൊക്കെ പറഞ്ഞാലും പ്രകോപിപ്പിച്ചാലും ഒരു കൂസലുമില്ല.

സൂസന്റെ മനസ്സിലെ ചിന്തകൾ വായിച്ചറിഞ്ഞതുപോലെ സിസിലി പറഞ്ഞു,

നീ ചിന്തിക്കുന്നത് എന്താണെന്ന് എനിക്കറിയാം. തോമാച്ചായനെപ്പോലെ നിന്റെ അച്ചായൻ ചെയ്യുന്നില്ലെന്നല്ലേ?”

അപ്പോഴേക്കും തോമസ് വീട്ടിലെത്തി. സൂസനോട് ലോഹ്യമൊക്കെ പറഞ്ഞു. ജോസഫിനേപ്പറ്റി അന്വേഷിച്ചു. എന്നിട്ട് കയ്യിലുള്ള പൊതിക്കെട്ടുകൾ സിസിലിയെ ഏല്പിച്ചു. അവളാകട്ടെ, പൊതിക്കെട്ടുകൾ തുറന്ന് എല്ലാമെടുത്ത് സൂസനെ കാണിച്ചു. നല്ല ഭംഗിയുള്ള ഒരു ചൂഡീദാർ സെറ്റ്, കുറച്ച് മധുര പലഹാരങ്ങൾ തുടങ്ങിയവ. കരണത്ത് ഒരു ദിവസം മുമ്പ് പതിഞ്ഞ വിരലുകളെ അവൾ മറന്നു. പുരികത്തേറ്റ മുറിവിനേപ്പറ്റി അവൾ മറന്നു.  അവളുടെ വിളറിയിരുന്ന മുഖം സന്തോഷം കൊണ്ട് തെളിഞ്ഞു വിളങ്ങി.

അനന്തരം, സൂസനു അവൾ തന്റെ വിലയേറിയ ഉപദേശങ്ങൾ നല്കുകയായിരുന്നു. ആ ഉപദേശങ്ങൾ എല്ലാം ജോസഫ് അച്ചായനിൽ പ്രയോഗിക്കാനുള്ള ആവേശത്തോടെ അവൾ സ്വന്തം വീട്ടിലെത്തി തന്റെ ഭർത്താവിനെ കാത്തിരുന്നു.

ജോസഫ് അല്പം വൈകിയാണു ജോലി കഴിഞ്ഞെത്തിയത്. ആഫീസിൽ തിരക്ക് കുറച്ച് കൂടുതലായിരുന്നതിനാൽ ആകെ ക്ഷീണിതനായിരുന്നു. സൂസൻ കൊടുത്ത ചായ നുണഞ്ഞുകൊണ്ട് പുറത്ത് വരാന്തയിൽ ഇരിക്കുമ്പോൾ ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച സ്വന്തം ഭാര്യയെ നോക്കി അത്ഭുതപരതന്ത്രനായി അയാൾ ഇരുന്നു.

സൂസൻ തന്റെ ആവലാതികൾ അതീവ രൗദ്രഭാവത്തിൽ ഭർത്താവിന്റെ മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. ഓരോ വാചകത്തിനും പ്രവൃത്തിക്കും അവയ്ക്ക്  തൊട്ടുമുമ്പുണ്ടായിരുന്നതിനേക്കാൾ അതിരൂക്ഷമായ സ്വഭാവമായിരുന്നു. പാത്രം കഴുകുന്നത്, വസ്ത്രം കഴുകുന്നത്, വീട് അടിച്ചു വാരി വൃത്തിയാക്കുന്നത്, ഭക്ഷണം തയ്യാറാക്കുന്നത് തുടങ്ങി എല്ലാം അവളുടെ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു. അത്യന്തം നിസ്സംഗതയോടെ, അതീവ നിശ്ശബ്ദത പാലിച്ചുകൊണ്ട് അയാൾ എല്ലാം കേട്ടുകൊണ്ടിരുന്നു. സൂസൻ അയാളെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നപ്പോഴും അവളുടെ മനസ്സിൽ  അയാളിൽ നിന്ന് ഉണ്ടായേക്കാവുന്ന രൂക്ഷപ്രതികരണം, അവളുടെ കരണത്ത്  കിട്ടിയേക്കാവുന്ന ഒരടി. അതിനുശേഷം ഒരു സ്നേഹപ്രകടനം, അയാൾ കൊണ്ടുവന്നേക്കാവുന്ന സ്നേഹസമ്മാനങ്ങൾ, പുറത്ത് പോയി കഴിച്ചേക്കാവുന്ന ഭക്ഷണം, ഒരുമിച്ചിരുന്ന് കണ്ടേക്കാവുന്ന ഒരു സിനിമ, ഇതൊക്കെയായിരുന്നു. ഒരു നിമിഷത്തേക്കെങ്കിലും സിസിലിയോട് അസൂയ തോന്നാതിരുന്നുമില്ല.

സിസിലിതോമസ് കൊണ്ടുവന്ന പുതിയ ഡ്രസ്സ് ധരിച്ച് മേയ്ക്കപ്പിടുകയായിരുന്നു. കുറേ നേരമായി സൂസന്റെ വീട്ടിൽ നിന്ന് ഉറക്കെ ഉറക്കെ സംസാരം കേൾക്കാം. എന്നാൽ സൂസന്റെ ശബ്ദം മാത്രമേ കേൾക്കാൻ കഴിയുന്നുള്ളൂ. അവൾ വിജയിക്കുമോ? ജോസഫ് പതിവുപോലെ പ്രതികരിക്കാതിരിക്കുമോ? പുറത്തേക്ക് പോകാൻ കുറച്ചുകൂടി സമയം ഉള്ളതുകൊണ്ട് സൂസന്റെ വീട്ടിൽ ഒന്നു ചെന്ന് നോക്കാമെന്ന് കരുതി.

വീടിന്റെ മുൻ വരാന്തയിലേക്ക് കയറിയപ്പോൾ തന്നെ സൂസനെ കണ്ടു. സങ്കടപ്പെട്ട് കാൽ മുട്ടുകളിൽ മുഖം വച്ച് ഇരിക്കുന്നു. ആരോ വന്നെന്ന് തോന്നിയ സൂസൻ തല പൊക്കി നോക്കി.സിസിലിയെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ ശ്രമം വിഫലമായി എന്ന് സിസിലിക്ക് മനസ്സിലായി. എന്നാലും അന്വേഷിച്ചു. വീടിന്റെ പിൻ വശത്തുനിന്നും അലക്കുകല്ലിൽ വസ്ത്രങ്ങൾ അടിക്കുന്ന ഒച്ചയും കേൾക്കുന്നു.

സൂസൻ ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു,

നീ പറഞ്ഞതുപോലെയൊക്കെ പറഞ്ഞു, പ്രവർത്തിച്ചു. പക്ഷേ അതൊന്നും ഫലിച്ചില്ല. അച്ചായൻ നിസ്സംഗനായി കേട്ടുകൊണ്ടിരുന്നതേയുള്ളൂ. എല്ലാം കേട്ടിട്ട് എഴുന്നേറ്റുപോയി. വർക്ക് ഏരിയയിൽ ഞാൻ മന:പൂർവം കൂട്ടിയിട്ടിരുന്ന പാത്രങ്ങളെല്ലാം കഴുകി വച്ചു.”

സൂസൻ പറഞ്ഞതുകേട്ട് സിസിലി അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

നിനക്ക് തുണി കഴുകാൻ പുതിയ ജോലിക്കാരിയെ കിട്ടിയോടീ?” അലക്കുകല്ലിൽ വസ്ത്രങ്ങൾ വന്ന് വീഴുന്ന ശബ്ദം കേട്ടിട്ടാണത് ചോദിച്ചത്.

കിട്ടിയല്ലോ. വാ. ഞാൻ കാണിച്ചു തരാം.” ഇതു പറഞ്ഞ് സിസിലിയുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് വീടിന്റെ പിൻ വശത്തേക്ക് നടന്നു. തന്റെ ഭാര്യയും അവളുടെ കൂട്ടുകാരിയും വന്ന് നിൽക്കുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ, ഒരു കൂസലുമില്ലാതെ ജോസഫ് തന്റെ ജോലി തുടർന്നുകൊണ്ടേയിരുന്നു.

അഭിപ്രായങ്ങള്‍